ബിജെപിയിലും പൊട്ടിത്തെറി, ചെങ്ങന്നൂർ സ്ഥാനാർത്ഥിത്വത്തെ ചൊല്ലി ഭിന്നത; പാര്‍ട്ടിക്കെതിരെ പരസ്യ പ്രതികരണം നടത്തിയ നോബിള്‍ മാത്യുവിന് പാർട്ടി സസ്പെന്‍ഷൻ

ബിജെപിയിലും പൊട്ടിത്തെറി, ചെങ്ങന്നൂർ സ്ഥാനാർത്ഥിത്വത്തെ ചൊല്ലി ഭിന്നത; പാര്‍ട്ടിക്കെതിരെ പരസ്യ പ്രതികരണം നടത്തിയ നോബിള്‍ മാത്യുവിന് പാർട്ടി സസ്പെന്‍ഷൻ


കൊച്ചി: സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ ബിജെപിയിലും പൊട്ടിത്തെറി. ചെങ്ങന്നൂരില്‍ എം വി ഗോപകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രാദേശിക പാര്‍ട്ടി നേതാക്കളില്‍ ചിലര്‍ നേതൃത്വത്തിനെ പരാതി അറിയിച്ചു. കാഞ്ഞിരപ്പളളി സീറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നാലെ പാര്‍ട്ടിക്കെതിരെ പരസ്യ പ്രതികരണം നടത്തിയ നോബിള്‍ മാത്യുവിനെ ബിജെപി സസ്പെന്‍ഡ് ചെയ്തു.എ ക്ലാസ് മണ്ഡലമായിട്ടും മികച്ച സ്ഥാനാര്‍ത്ഥി ഇല്ലെന്നാണ് ചെങ്ങന്നൂരിലെ ഒരു വിഭാഗം ബിജെപി പ്രവര്‍ത്തകരുടെ പരാതി. പി എസ് ശ്രീധരന്‍ പിളളയോ ജില്ലാ പ്രസിഡന്‍റ് സന്ദീപ് വചസ്പതിയോ സ്ഥാനാര്‍ത്ഥിയാകുമെന്ന് കരുതിയിരുന്ന പ്രവര്‍ത്തകരാണ് ഗോപകുമാറിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതിഷേധമുയര്‍ത്തുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബ്ലോക്ക് പഞ്ചായത്തില്‍ പോലും തോറ്റുപോയ ഗോപകുമാറിനെ നിയമസഭയില്‍ മത്സരിപ്പിക്കുന്നത് സിപിഎമ്മുമായുളള അഡ്ജസ്റ്റ്മെന്‍റാണെന്ന വിമര്‍ശനം പോലും ഒരു വിഭാഗം ബിജെപി പ്രവര്‍ത്തകര്‍ക്കിടയില്‍ ശക്തമാണ്.കാഞ്ഞിരപ്പളളി സീറ്റ് പ്രതീക്ഷിച്ചിരുന്ന ന്യൂനപക്ഷ മോര്‍ച്ച നേതാവ് നോബിള്‍ മാത്യുവാകട്ടെ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനെയാണ് കുറ്റപ്പെടുത്തുന്നത്. പ്രകാശ് ജാവദേക്കറടക്കം അനുനയത്തിന് ശ്രമിക്കുന്നതിനിടയില്‍ ജോര്‍ജ് കുര്യന്‍ ഇടപെട്ടാണ് തന്നെ പുറത്താക്കിയതെന്ന് നോബിള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറ‍ഞ്ഞു. ജോര്‍ജ് കുര്യന്‍ ചെയ്ത പല കാര്യങ്ങളും പുറത്തു പറയേണ്ടി വരുമെന്നും നോബിള്‍ പറഞ്ഞു. നോബിള്‍ കാഞ്ഞിരപ്പളളിയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിച്ചേക്കുമെന്ന് സൂചനയുണ്ട്. ട്വന്‍റി ട്വന്‍റിയടക്കം ഘടകകക്ഷികള്‍ക്ക് കൂടുതല്‍ സീറ്റുകള്‍ നല്‍കുന്ന നേതൃത്വത്തിന്‍റെ സമീപനത്തിലും ബിജെപിയില്‍ അതൃപ്തി പുകയുന്നുണ്ട്. ബാക്കി സ്ഥാനാര്‍ത്ഥി പട്ടിക കൂടി പുറത്തുവരുമ്പോള്‍ കൂടുതല്‍ എതിര്‍പ്പുകള്‍ മറനീക്കി പുറത്തുവരുമെന്നാണ് സൂചന.