
ഇറാന്റെ പരമോന്നത നേതാവായി മൊജ്തബ ഖമനയിയെ തിരഞ്ഞെടുത്തതിനു പിന്നാലെ ടെഹ്റാനില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നതായി രാജ്യാന്തര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഇസ്രയേല്‍-യുഎസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ആയത്തുള്ള അലി ഖമനേയിക്ക് പകരക്കാരനായാണ് രണ്ടാമത്തെ മകനായ 56 കാരനായ മൊജ്തബ പരമോന്നത നേതാവാകുന്നത്. ഇറാനില്‍ അച്ഛന് ശേഷം മകന് എന്ന നിലയില്‍ അധികാര കൈമാറ്റം നടന്നതില്‍ ആഘോഷവും പ്രതിഷേധവും വ്യാപകമാണ്.
പിതാവിനേക്കാള്‍ കടുത്ത നിലപാടുള്ള മൊജ്തബയക്ക് റവല്യൂഷനറി ഗാര്‍ഡിലെ ഉന്നതരുമായി അടുപ്പമുള്ളത് കൂടിയാണ് അധികാര കൈമാറ്റത്തിന് പിന്നില്‍. കാലങ്ങളായി ഭരണത്തിന് പിന്നില്‍ ഖമനേയിയുടെ മകന്റെ കൈകളുണ്ടെന്ന് പരക്കെ അറിയപ്പെടുന്നുണ്ട്. സമീപ വര്‍ഷങ്ങളില്‍ ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരെ പ്രതിഷേധിച്ച ആയിരക്കണക്കിന് ആളുകള്‍ എതിര്‍ക്കുന്ന നേതാവ് കൂടിയാണ് മൊജ്തബ ഖമേനി. ഖമനേയി ഭരണകൂടം പൗരന്മാരെയും രാഷ്ട്രീയ എതിരാളികളെയും പതിവായി ലക്ഷ്യം വച്ചതും കൊലപ്പെടുത്തിയതും സ്ത്രീകള്‍ക്കെതിരായ നിയമങ്ങളുമെല്ലാം വലിയ പ്രതിഷേധം ഉണ്ടാക്കിയിരുന്നു. ഇറാനിലെ സമ്പദ്വ്യവസ്ഥയെ വലയം ചെയ്ത സാമ്പത്തിക സ്വജനപക്ഷപാതവും, അഴിമതിയും ഖമനേയി ഭരണകൂടത്തിനെതിരായ എതിര്‍പ്പിന് കാരണമായി.
ഇറാനില്‍ വലിയ രീതിയിലുള്ള ആഭ്യന്തര സംഘര്‍ഷം നടക്കുന്നതിന് ഇടയില്‍ ഖമേനേയിയുടെ പിന്‍ഗാമിയായി മകന്‍ തന്നെയെത്തിയത് വലിയ പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്. മൊജ്തബയുടെ നിയമനം പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ ടെഹ്റാനിലെ എക്ബതാന്‍ പരിസരത്തുള്ള വീടുകളുടെ ജനാലകളിലൂടെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധ മുദ്രാവാക്യങ്ങള്‍ വിളിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ‘മൊജ്തബയ്ക്ക് മരണം’ എന്ന് പേര്‍ഷ്യന്‍ ഭാഷയില്‍ വിളിക്കുന്ന 17 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
People chanted “Death to Mojtaba” from their windows in Tehran’s Ekbatan neighborhood early Monday shortly before Iran’s Assembly of Experts announced Mojtaba Khamenei as the country’s new supreme leader, according to a video shared on social media. pic.twitter.com/nEiM7x7AbM
— Iran International English (@IranIntl_En) March 8, 2026
ഇറാനിലെ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്ന അസംബ്ലി ഓഫ് എക്‌സ്‌പെര്‍ട്‌സ് ഞായറാഴ്ചയാണ് മുജ്തബയെ പരമോന്നത നേതാവായി ഔദ്യോഗികമായി തിരഞ്ഞെടുത്തത്. ഇറാനിലെ വിപ്ലവ പാരമ്പര്യത്തിനു വിരുദ്ധമായി അധികാരം പിതാവില്‍ നിന്ന് മകനിലേക്ക് കൈമാറുന്നതിനെ ജനങ്ങള്‍ക്കിടയില്‍ വലിയൊരു വിഭാഗം എതിര്‍ക്കുന്നുണ്ട്. ഇറാന്‍ റവല്യൂഷണറി ഗാര്‍ഡുമായി (ഐആര്‍ജിസി) അടുത്ത ബന്ധമുള്ള മൊജ്തബ ഖമനയി, തന്റെ പിതാവിനേക്കാള്‍ കടുത്ത നിലപാടുകാരനായാണ് അറിയപ്പെടുന്നത്. ഇസ്രയേല്‍-യുഎസ് സഖ്യവുമായുള്ള യുദ്ധം തുടരുന്നതിനിടയിലാണ് നിര്‍ണായകമായ നേതൃമാറ്റം നടന്നിരിക്കുന്നത്. ഇത് ഇസ്രയേലിനും യുഎസിനുമെതിരായ ഇറാന്റെ പോരാട്ടം കടുപ്പിക്കുമെന്ന് കരുതുന്നവരുമുണ്ട്.
