ഭാരത സെൻസസ് 2027: ആദ്യ ഘട്ടം 2026 ജൂലൈ 1 മുതൽ;സെൽഫ് എന്യൂമറേഷൻ ജൂൺ 16 മുതൽ 30 വരെ
ജില്ലാ/അഡീഷണൽ ജില്ലാ സെൻസസ് ഓഫീസർമാർ, ചാർജ്/അഡീഷണൽ ചാർജ് സെൻസസ് ഓഫീസർമാർ എന്നിവർക്ക് പുറമെ സെൻസസ് ക്ലറിക്കൽ അസിസ്റ്റന്റുമാർക്കും സാങ്കേതിക സഹായികൾക്കുമുള്ള 2 ബാച്ചുകളിലായുള്ള ആറു ദിവസം നീണ്ടുനിന്ന പരിശീലനം ജില്ലയിൽ 2026 ഏപ്രിൽ 25 നു അവസാനിക്കും.
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിശീലന പരിപാടിയിൽ പ്രിൻസിപ്പൽ സെൻസസ് ഓഫീസർ ആയ ജില്ലാ കലക്ടർ ശ്രീ.അരുൺ കെ വിജയൻ പരിശീലനാർത്ഥികളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയും സെൻസസിന്റെ പ്രാധാന്യം ഊന്നിക്കൊണ്ട് സെൻസസ് ഉദ്യോഗസ്ഥർ അവരവരുടെ ഉത്തരവാദിത്തങ്ങൾ സമയബന്ധിതമായി നിറവേറ്റേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റി വിശദമായി സംസാരിച്ചു. ജില്ലാ സെൻസസ് ഓഫീസർ ആയ എഡിഎം ശ്രീമതി.കല ഭാസ്കർ ഡെപ്യൂട്ടി ജില്ലാ പ്ലാനിങ് ഓഫീസർ ശ്രീ.സുധീഷ് സിപി പരിശീലകരായ കേരളത്തിലെ സെൻസസ് ഓപ്പറേഷൻസ് ഡയറക്ടറേറ്റിലെ അസിസ്റ്റന്റ് ഡയറക്ടർ ശ്രീ.പ്രദീപ്കുമാർ പി, സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ ശ്രീമതി.വിജുല കെ എന്നിവർ പങ്കെടുത്തു.
സെൻസസ് 2027 ന്റെ ആദ്യഘട്ടം ജൂലൈ ഒന്നു മുതൽ ജൂലൈ 30 വരെ നടക്കും. രാജ്യത്തെ ആദ്യ ഡിജിറ്റൽ സെൻസസ് ആണിത്. വീടുകളുടെ പട്ടിക തയ്യാറാക്കലും വീടുകളുടെ സെൻസസും ആണ് ഒന്നാം ഘട്ടത്തിൽ നടക്കുക. ഈ ഘട്ടത്തിൽ ഓരോ വീടുകളിലും എത്തുന്ന എന്യൂമറേറ്റർമാർ വിവരങ്ങൾ സെൻസസ് ആപ്പ് വഴി സ്മാർട്ട് ഫോണിൽ ശേഖരിക്കും. ഇത്തവണത്തെ സെൻസസ് പ്രത്യേകതയായി ജനങ്ങൾക്ക് അവരുടെ വിവരങ്ങൾ ഓൺലൈനായി പോർട്ടൽ വഴി (https://se.census.gov.in) നേരിട്ട് നൽകാം. സെൽഫ് എന്യൂമറേഷൻ എന്നാണ് ഈ പ്രക്രിയ അറിയപ്പെടുന്നത്. കേരളത്തിൽ 2026 ജൂൺ 16 മുതൽ ജൂൺ 30 വരെയാണ് സെൽഫ് എന്യൂമറേഷൻ ചെയ്യാൻ കഴിയുക. സെല്‍ഫ് എന്യൂമറേഷന് ശേഷം ലഭിക്കുന്ന സെൽഫ് എന്യൂമറേഷൻ ഐഡി (SE ID) ഭവന സന്ദർശനത്തിന് എത്തുന്ന എന്യൂമറേറ്റർക്ക് നൽകിയാൽ മതി.
ആദ്യഘട്ടത്തിൽ വീടിനെ സംബന്ധിച്ച വിവരങ്ങൾ, വീടിന്റെ അവസ്ഥ, കുടുംബനാഥൻ/നാഥ യുമായി ബന്ധപ്പെട്ട വിവരങ്ങൾ, കുടുംബത്തിന് ലഭ്യമായ സൗകര്യങ്ങൾ, ആസ്തികൾ തുടങ്ങിയ വിവരങ്ങളാണ് ശേഖരിക്കുക.
സെൻസസിന്റെ രണ്ടാം ഘട്ടം 2027 ഫെബ്രുവരിയിൽ ആണ് നടക്കുക. രണ്ടാം ഘട്ടത്തിൽ ജനങ്ങളുടെ കണക്കെടുപ്പ് നടക്കും.
രാജ്യ പുരോഗതിക്കും ക്ഷേമ വികസന പ്രവർത്തനങ്ങൾക്കും കൃത്യവും സത്യസന്ധവുമായ വിവരങ്ങൾ നൽകേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തവുമാണ്.

