കായംകുളത്ത് 43കാരി പാമ്പ് കടിയേറ്റ് മരിച്ച സംഭവം; താലൂക്ക് ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം
ആലപ്പുഴ: കായംകുളത്ത് 42 കാരി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ കായംകുളം താലൂക്ക് ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം. സെലീനയ്ക്ക് ആവശ്യമായ ചികിത്സ നൽകിയില്ലെന്ന് പിതാവ് സമീർ ആരോപിച്ചു. കുടുംബം മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകും. കഴിഞ്ഞ വ്യാഴാഴ്‌ച വൈകുന്നേരമാണ് സെലീനയ്ക്ക് പാമ്പ് കടിയേറ്റത്. പിന്നാലെ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ആന്‍റി വെനം നൽകുന്നതിൽ ഉൾപ്പടെ വീഴ്ച സംഭവിച്ചതായി ബന്ധുക്കൾ അന്നേ ആരോപണം ഉയർത്തിയിരുന്നു. പാമ്പ് കടിയേറ്റതിന്‍റെ ലക്ഷണങ്ങൾ ഇല്ലായിരുന്നു എന്നും ചികിത്സ നൽകിയതിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്നുമായിരുന്നു ആശുപത്രിയുടെ വിശദീകരണം. എന്നാൽ, ആശുപത്രി അധികൃതകരുടെ വാദം തള്ളുകയാണ് കുടുംബം. ഒരു തരത്തിലുള്ള പരിഗണയോ ചികിത്സയോ നൽകിയില്ലെന്ന് സെലീനയുടെ പിതാവ് സമീർ ആരോപിച്ചു.</p><p>ആരോഗ്യ മന്ത്രിക്കും മുഖ്യമന്ത്രിക്കും കുടുംബം പരാതി നൽകും. ഇതിനിടെ, സംസ്ഥാനത്ത് പാമ്പ് കടിയേൽക്കുന്നവരുടെ എണ്ണം കൂടുകയാണ്. കൊല്ലത്ത് പരിസരം വൃത്തിയാക്കുന്ന ജോലിക്കിടെ രാമൻകുളങ്ങര സ്വദേശി സുദേവന് പാമ്പുകടിയേറ്റു. ജില്ലാ ആശുപത്രിയിൽ എത്തിച്ച സുദേവന്‍റെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ചെറായിയിൽ പാമ്പ് കടിയേറ്റ വിനോദ സഞ്ചാരി കോയമ്പത്തൂർ സ്വദേശി ശർമിളയെ ആദ്യം പറവൂർ താലൂക് ആശുപത്രിയിലും പിന്നീട് മാഞ്ഞാലി സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. ചെറായിയിലെ റിസോർട്ടിൽ താമസിക്കാൻ എത്തിയപ്പോഴാണ് കാലിന്‍റെ വിരലിന് പാമ്പ് കടിയേറ്റത്
