സംസ്ഥാനത്ത് പാൽ വില വർധിപ്പിക്കാൻ സർക്കാർ അനുമതി; ലിറ്ററിന് 4 രൂപ വരെ കൂടിയേക്കും

സംസ്ഥാനത്ത് പാൽ വില വർധിപ്പിക്കാൻ സർക്കാർ അനുമതി; ലിറ്ററിന് 4 രൂപ വരെ കൂടിയേക്കും



തിരുവനന്തപുരം: സംസ്ഥാനത്ത് പാൽവില വർധിപ്പിക്കാൻ സർക്കാർ അനുമതി നൽകി. ലിറ്ററിന് നാലു രൂപ വരെ വർധന ഉണ്ടാകുമെന്നാണ് സൂചന. പാൽവില വർധിപ്പിക്കാൻ മിൽമ സർക്കാരിനോട് അനുമതി തേടിയിരുന്നു. നാലു രൂപ മുതൽ ആറു രൂപ വരെ വില വർധിപ്പിക്കണമെന്നായിരുന്നു മിൽമയുടെ ശുപാർശ. ബുധനാഴ്ച നടക്കുന്ന ഡയറക്ടർ ബോർഡ് യോഗത്തിൽ വിലവർധന സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകും.

നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ നേരത്തെ മിൽമയുടെ അപേക്ഷ സർക്കാർ നിഷേധിച്ചിരുന്നു. എന്നാൽ കർഷകരുടെ പ്രതിസന്ധി ചൂണ്ടിക്കാട്ടി വീണ്ടും അനുമതി തേടിയതിനെ തുടർന്നാണ് ഇപ്പോൾ അനുകൂല തീരുമാനമുണ്ടായത്. സർക്കാരിന്റെ അനുമതിയില്ലാതെ പാൽവില കൂട്ടാനാവില്ലെന്ന് മിൽമ ചെയർമാൻ കെ.എസ്. മണി വ്യക്തമാക്കിയിരുന്നു.

ആറുമാസം മുമ്പ് ലിറ്ററിന് നാല് മുതൽ ആറു രൂപ വരെ വർധിപ്പിക്കണമെന്ന ബോർഡ് തീരുമാനം ഉടൻ നടപ്പാക്കണമെന്നാണ് എറണാകുളം മേഖല യൂണിയൻ ആവശ്യപ്പെട്ടത്. വില വർധിപ്പിക്കാത്തത് കർഷകരെ ബുദ്ധിമുട്ടിലാക്കുന്നുവെന്നാണ് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടിയത്. മിൽമ ഡയറക്ടർ ബോർഡ് യോഗത്തിലാണ് വിലവർധന സംബന്ധിച്ച തീരുമാനം എടുത്തതെന്ന് യൂണിയൻ ചെയർമാൻ സി.എൻ. വത്സലൻ പിള്ള അറിയിച്ചു