തൃക്കരിപ്പൂർ: പൊതു സമൂഹം ആദരിക്കുന്ന സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ ആർഎസ്എസ് വസ്ത്രം ധരിപ്പിച്ച രീതിയിൽ ഫോട്ടോ തയാറാക്കി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചുവെന്ന പരാതിയിൽ ചന്തേര പോലീസ് രണ്ട് പേർക്കെതിരെ കേസെടുത്തു. മുസ്ലിം ലീഗ് പടന്ന പഞ്ചായത്ത് കമ്മിറ്റി ചന്തേര പോലീസിലും സൈബർ വിംഗിലും നൽകിയ പരാതിയിലാണ് കേസ്.
“പടന്ന നാട് ‘ എന്ന വാട്സാപ് ഗ്രൂപ്പിലാണ് ചിത്രവും വാക്കുകളും തിങ്കളാഴ്ച അർധ രാത്രി ആദ്യം പ്രചരിച്ചത്. പിന്നീട് സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമുകളിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടുവെന്നുംപരാതിയിൽ പറയുന്നു.
ഇത്തരം നീക്കം സമൂഹത്തിൽ സാമുദായിക സ്പർദ ഉണ്ടാകാൻ വഴിവെക്കുമെന്നും ഫോട്ടോ തയാറാക്കി പ്രചരിപ്പിച്ച എം.വി.സി. മുഹമ്മദ് കുഞ്ഞിയുടെയും പടന്ന നാട് വാട്സാപ്പ് ഗ്രൂപ്പിന്റെ അഡ്മിൻ ബി.എസ്. ഷെരീഫിന്റെയും പേരിൽനിയമ നടപടി സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു. ഇതിനെ തുടർന്ന് ചന്തേര പോലീസ് എം.വി.സി. മുഹമ്മദ് കുഞ്ഞിക്കും ബി.എസ്. ഷെരീഫിനുമെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തു

