കെ. കരുണാകരന്‍, എ കെ ആന്റണി, ഉമ്മന്‍ചാണ്ടി തുടങ്ങിയ മഹാരഥന്മാരായ നേതാക്കളുടെ പാത പിന്തുടര്‍ന്ന് കേരളത്തെ നയിക്കാന്‍ കെ സി വേണുഗോപാലിന് സാധിക്കും; ആ ആത്മവിശ്വാസം പ്രവര്‍ത്തകര്‍ക്കിടയില്‍ ശക്തമാണ്; ചെന്നിത്തലയെ പിന്തുണച്ച നിലപാട് മാറ്റി മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സിയെ പിന്തുണച്ച് കെ സുധാകരന്‍; മറയില്ലാത്ത തുറന്ന പിന്തുണയുമായി കെ എസ് രംഗത്തിറങ്ങുമ്പോള്‍ കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി ചരടുവലികള്‍ ശക്തം



കെ. കരുണാകരന്‍, എ കെ ആന്റണി, ഉമ്മന്‍ചാണ്ടി തുടങ്ങിയ മഹാരഥന്മാരായ നേതാക്കളുടെ പാത പിന്തുടര്‍ന്ന് കേരളത്തെ നയിക്കാന്‍ കെ സി വേണുഗോപാലിന് സാധിക്കും; ആ ആത്മവിശ്വാസം പ്രവര്‍ത്തകര്‍ക്കിടയില്‍ ശക്തമാണ്; ചെന്നിത്തലയെ പിന്തുണച്ച നിലപാട് മാറ്റി മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സിയെ പിന്തുണച്ച് കെ സുധാകരന്‍; മറയില്ലാത്ത തുറന്ന പിന്തുണയുമായി കെ എസ് രംഗത്തിറങ്ങുമ്പോള്‍ കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി ചരടുവലികള്‍ ശക്തം




കണ്ണൂര്‍: മെയ് നാലിന് ഫലം വരുമ്പോള്‍ യുഡിഎഫ് തന്നെ അധികാരത്തിലെത്തും എന്ന സൂചന പുറത്തുവന്നപ്പോള്‍ മുതല്‍ കോണ്‍ഗ്രസിനുള്ളില്‍ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള നീക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. നിയമസഭയിലേക്ക് മത്സരിച്ച വി ഡി സതീശന്‍, രമേശ് ചെന്നിത്തല എന്നിവരെ കൂടാതെ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും ഈ സ്ഥാനം നേടാനുള്ള പോരിലാണ്. ഇതിനിടെ കെസിക്ക് തുറന്ന പിന്തുണയുമായി കെ സുധാകരന്‍ രംഗത്തെത്തി.

'ഭരണത്തിന് ദിശാബോധം നല്‍കുന്ന നേതാവായി കെ സി ഉയരട്ടെ' എന്ന് വ്യക്തമാക്കി മുഖ്യമന്ത്രി സ്ഥാത്തേക്ക് വേണുഗോപാലിനെ പിന്തുണച്ചാണ് മുന്‍ കെപിസിസി അധ്യക്ഷന്‍ രംഗത്തുവന്നത്. കേരള രാഷ്ട്രീയത്തെ ദിശാബോധത്തോടെ നയിക്കാന്‍ കെ സിയ്ക്ക് കഴിയുമെന്നും, അദ്ദേഹത്തിന്റെ നേതൃത്വത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നുവെന്നും സുധാകരന്‍ കുറിച്ചു.

നേരത്തെ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണം എന്ന് പരസ്യമായി ആവശ്യപ്പെട്ടിരുന്ന സുധാകരന്‍ പെട്ടെന്ന് കെ സി വേണുഗോപാലിനെ വാഴ്ത്തി രംഗത്തെത്തിയത് ഏവരെയും അമ്പരപ്പിച്ചിട്ടുണ്ട്. അതേസമയം പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ലക്ഷ്യം വെച്ചുള്ള ഒളിയമ്പുകളും സുധാകരന്റെ കുറിപ്പിലുണ്ട്. താഴെത്തട്ടില്‍ നിന്ന് സംഘടനയുടെ ഓരോ ഘട്ടവും അനുഭവിച്ച് വളര്‍ന്നുവരുന്ന നേതാക്കള്‍ക്ക് മാത്രമേ പ്രവര്‍ത്തകരുടെ മനസ്സറിയാന്‍ കഴിയൂ എന്ന സുധാകരന്റെ പരാമര്‍ശം സതീശനെതിരെയുള്ള പരോക്ഷ വിമര്‍ശനമായാണ് വിലയിരുത്തപ്പെടുന്നത്.

ദേശീയതലത്തില്‍ രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനായി നിര്‍ണായക ചുമതലകള്‍ നിര്‍വഹിക്കുമ്പോഴും കേരള രാഷ്ട്രീയത്തില്‍ വേണുഗോപാലിന്റെ സാന്നിധ്യം എത്രത്തോളം അനിവാര്യമാണെന്ന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് തെളിയിച്ചതായി സുധാകരന്‍ ചൂണ്ടിക്കാട്ടി. താഴെത്തട്ടിലുള്ള പ്രവര്‍ത്തകരെ ഉണര്‍ത്താനും സ്ഥാനാര്‍ഥികള്‍ക്ക് ആത്മവിശ്വാസം പകരാനും അദ്ദേഹത്തിന് കഴിഞ്ഞു.

കെ. കരുണാകരന്‍, എ.കെ. ആന്റണി, ഉമ്മന്‍ചാണ്ടി തുടങ്ങിയ മഹാരഥന്മാരായ നേതാക്കളുടെ പാത പിന്തുടര്‍ന്ന് കേരളത്തെ നയിക്കാന്‍ കെ.സി. വേണുഗോപാലിന് സാധിക്കുമെന്ന ആത്മവിശ്വാസം പ്രവര്‍ത്തകര്‍ക്കിടയില്‍ ശക്തമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു നേതാവിന്റെ മഹത്വം പദവികളിലല്ല, പ്രവര്‍ത്തന പാരമ്പര്യത്തിലാണെന്നും താഴെത്തട്ടില്‍ നിന്ന് വളര്‍ന്നുവന്ന കെ.സിക്ക് മാത്രമേ പ്രവര്‍ത്തകരുടെ മനസ്സറിയാന്‍ കഴിയൂ എന്നും സുധാകരന്‍ കുറിച്ചു.

പ്രതിസന്ധികളിലെ ഉറച്ച നിലപാടും പ്രവര്‍ത്തകരോടുള്ള വിനയവുമാണ് അദ്ദേഹത്തെ മറ്റുള്ളവരില്‍നിന്ന് വ്യത്യസ്തനാക്കുന്നത്. വെറുമൊരു നേതാവ് എന്നതിലുപരി പ്രവര്‍ത്തകരുടെ സഹയാത്രികനായി നില്‍ക്കാന്‍ കഴിയുന്നതാണ് അദ്ദേഹത്തിന്റെ കരുത്തെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

ദേശീയ നേതൃത്വത്തിന് കരുത്തുപകരുന്നത് പോലെ തന്നെ, കേരളത്തിലെ ജനങ്ങളെയും പ്രവര്‍ത്തകരെയും പ്രചോദിപ്പിച്ച് നാളെയുടെ ഭരണത്തിന് ദിശാബോധം നല്‍കാന്‍ കെ.സി. വേണുഗോപാലിന് കഴിയട്ടെ എന്ന് ആശംസിച്ചുകൊണ്ടാണ് സുധാകരന്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.

കെ സുധാകരന്റെ കുറിപ്പ് ഇങ്ങനെ:

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അനിഷേധ്യനായ സംഘാടകനും ശക്തനായ നേതാവുമായ കെ സി വേണുഗോപാല്‍ ദേശീയ തലത്തില്‍ നിര്‍ണ്ണായക ചുമതലകള്‍ നിര്‍വഹിച്ച് രാഹുല്‍ജിയുടെ കരങ്ങള്‍ക്ക് ശക്തി പകരുമ്പോഴും, അദ്ദേഹത്തിന്റെ സാന്നിധ്യം കേരള രാഷ്ട്രീയത്തിന് എത്രത്തോളം ആവശ്യമാണെന്ന് ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് വീണ്ടും തെളിയിച്ചു.

കേരളത്തിലെ അങ്ങോളമിങ്ങോളം പ്രവര്‍ത്തകരെ ഉണര്‍ത്തിയും, എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും ആത്മവിശ്വാസം പകരുന്ന ശക്തിയായി മാറിയും, പാര്‍ട്ടിയുടെ വിജയത്തിന് പിന്നിലെ പ്രേരകശക്തിയായി അദ്ദേഹം പ്രവര്‍ത്തിച്ചു. അത് ഒരു നേതാവിന്റെ സംഘടനാ മികവിന്റെ തെളിവാണ്. ഇന്ന് കേരളത്തിന് ആവശ്യം അത്തരമൊരു ദൂരദര്‍ശിയുള്ള നേതൃത്വമാണ്. ലീഡര്‍ കെ കരുണാകരന്‍, എ കെ ആന്റണി, ഉമ്മന്‍ചാണ്ടി, വയലാര്‍ജി തുടങ്ങി... സംസ്ഥാന രാഷ്ട്രീയത്തെ ദിശാബോധത്തോടെ നയിച്ച മഹാനേതാക്കളുടെ പാത പിന്തുടര്‍ന്ന്, കേരള രാഷ്ട്രീയത്തിലെ മുടിചൂടാമന്നനായി ഉയരാന്‍ കെ സിയ്ക്ക് കഴിയും എന്ന ആത്മവിശ്വാസം കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ശക്തമാണ്.

ഒരു നേതാവിന്റെ മഹത്വം പദവികളില്‍ അല്ല, അദ്ദേഹത്തിന്റെ പ്രവര്‍ത്തന പാരമ്പര്യത്തിലാണ് പ്രതിഫലിക്കുന്നത്. താഴെത്തട്ടില്‍ നിന്ന് സംഘടനയുടെ ഓരോ ഘട്ടവും അനുഭവിച്ച് വളര്‍ന്നുവരുന്ന ഒരു നേതാവിന് മാത്രമേ പ്രവര്‍ത്തകരുടെ മനസ്സറിയാനും അവരുടെ പ്രതീക്ഷകള്‍ക്ക് മറുപടി നല്‍കാനും കഴിയൂ. പാര്‍ട്ടിയോടുള്ള അചഞ്ചലമായ ആത്മാര്‍ത്ഥത, പ്രതിസന്ധികളില്‍ പോലും പിന്നോട്ടില്ലാത്ത ഉറച്ച നിലപാട്, പ്രവര്‍ത്തകരോട് കാണിക്കുന്ന വിനയവും, ആദരവുമാണ് കെ സി വേണുഗോപാലിനെ വ്യത്യസ്തനാക്കുന്നത്.

നേതാവെന്ന നിലയില്‍ മാത്രമല്ല, ഒരാളുടെ സഹയാത്രികനായും പ്രവര്‍ത്തകരുടെ ഇടയില്‍ നിലകൊള്ളാന്‍ കഴിയുന്നത് തന്നെയാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ശക്തി. അത്തരം നേതാക്കള്‍ ഒരു പ്രസ്ഥാനത്തിന്റെ കരുത്താണ്. അവരുടെ പ്രവര്‍ത്തന ശൈലിയും, ആത്മാര്‍ത്ഥതയും തന്നെയാണ് ഭാവിയെ നിര്‍ണ്ണയിക്കുന്നത്. കോണ്‍ഗ്രസിനും യു ഡി എഫിനും ശക്തമായ ദിശാബോധം നല്‍കാന്‍, ദേശീയ നേതൃത്വത്തിന് കരുത്ത് പകരുന്നത് പോലെ, കേരളത്തിലെ ജനങ്ങളെയും, പ്രവര്‍ത്തകരെയും പ്രചോദിപ്പിച്ച്, നാളെയുടെ ഭരണത്തിന് ദിശാബോധം നല്‍കാന്‍ കഴിയുന്ന നേതാവായി കെ സി വേണുഗോപാലന്‍ ഉയരട്ടെ! ആ നേതൃകാലത്തിനായി പ്രതീക്ഷയോടെ...



തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍, മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള പദ്ധതികള്‍ കോണ്‍ഗ്രസ് രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു. ഹൈക്കമാന്‍ഡ് ആണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക എന്നായിരുന്നു പാര്‍ട്ടിയുടെ വാദം. നേതൃസ്ഥാനത്തെച്ചൊല്ലിയുള്ള മത്സരം പ്രവര്‍ത്തകര്‍ക്കിടയില്‍ അതൃപ്തിക്കും പ്രതിഷേധത്തിനും ഇടയാക്കുമെന്നും, അത് യു.ഡി.എഫിന്റെ വിജയസാധ്യതകളെ ബാധിക്കുമെന്നുമുള്ള ആശങ്കയായിരുന്നു ഇതിന് പിന്നില്‍.

എങ്കിലും, ഏപ്രില്‍ 9-ന് വോട്ടെടുപ്പ് കഴിഞ്ഞതോടെ മുന്‍നിരയിലുള്ളവര്‍ പദവിക്കായി ചടുലമായ നീക്കങ്ങള്‍ ആരംഭിച്ചു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പ്രധാനമായും സതീശനും വേണുഗോപാലിനും വേണ്ടിയുള്ള ശക്തമായ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. രാഹുല്‍ ഗാന്ധിയോട് അടുത്ത ബന്ധമുള്ള വ്യക്തിയായി കണക്കാക്കപ്പെടുന്ന വേണുഗോപാലിനെ, 'പാര്‍ട്ടിയെ നയിച്ചവനും പ്രതിസന്ധികളെ മറികടന്ന് തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനഞ്ഞവനുമായ യഥാര്‍ത്ഥ നേതാവ്' എന്നാണ് അണികള്‍ ഉയര്‍ത്തിക്കാട്ടുന്നത്.

തിരഞ്ഞെടുപ്പ് ഗോദയിലുള്ള കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫും മാധ്യമങ്ങളോട് സംസാരിക്കവെ വേണുഗോപാലിന്റെ സാധ്യതകളെ തള്ളിക്കളഞ്ഞില്ല. 'എ.ഐ.സി.സിക്ക് അതിന്റേതായ നടപടിക്രമങ്ങളുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പല പേരുകളും വന്നേക്കാം. എം.എല്‍.എമാരുടെ ഭൂരിപക്ഷ അഭിപ്രായം മാത്രം നോക്കിയല്ല തീരുമാനമെടുക്കുന്നത്. അതേസമയം, അവരുടെ അഭിപ്രായങ്ങളും തേടും,' വേണുഗോപാലിന്റെ പിന്തുണയോടെ കഴിഞ്ഞ വര്‍ഷം കെ.പി.സി.സി പ്രസിഡന്റായ സണ്ണി പറഞ്ഞു.

വി.സി സതീശന്റെ സ്വന്തം ജില്ലയായ എറണാകുളത്ത്, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞത അടുത്ത മുഖ്യമന്ത്രി എറണാകുളം ജില്ലയില്‍ നിന്നായിരിക്കു എന്നാണ്. എറണാകുളത്ത് നിന്നൊരു മുഖ്യമന്ത്രി ഉണ്ടാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടിയാണ്.' സതീശനെ മനസ്സില്‍ കണ്ടുകൊണ്ടാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞതെന്ന് വ്യക്തം.

ഇതിന് പിന്നാലെ രമേശ് ചെന്നിത്തല മാധ്യമങ്ങളെ കണ്ടു.'കേരളം യു.ഡി.എഫിന് വലിയൊരു വിജയം സമ്മാനിക്കും, അതിന്റെ പൂര്‍ണ്ണ ക്രെഡിറ്റ് ഞാന്‍ രാഹുല്‍ ഗാന്ധിക്ക് നല്‍കുന്നു. അദ്ദേഹമാണ് പ്രചാരണത്തിന് നേതൃത്വം നല്‍കിയത്, നേതാക്കള്‍ക്കിടയില്‍ ഐക്യം വളര്‍ത്തുകയും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയും ചെയ്തു. ആരാണ് മുഖ്യമന്ത്രിയാകേണ്ടതെന്ന് പാര്‍ട്ടി ഹൈക്കമാന്‍ഡ് തീരുമാനിക്കും. നമ്മള്‍ അത് കേരളത്തില്‍ ചര്‍ച്ച ചെയ്യേണ്ടതില്ല. സോഷ്യല്‍ മീഡിയയിലെ കാര്യങ്ങള്‍ അത്ര കാര്യമായി എടുക്കേണ്ടെന്നുമായിരുന്നു സതീശന്റെ പ്രതികരണം.

പുതിയ തലമുറയുടെ വികാരങ്ങളും ആവേശവും പ്രതിഫലിപ്പിക്കുന്ന നേതാവായിട്ടാണ് സതീശന്‍ ഉയര്‍ത്തിക്കാട്ടപ്പെടുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള നേരിട്ടുള്ള ആക്രമണങ്ങളിലൂടെ യു.ഡി.എഫ് പ്രചാരണത്തിന് അദ്ദേഹം നല്‍കിയ വീര്യമുള്ള നേതൃത്വം, അദ്ദേഹത്തെ കരുത്തനായ ഒരു നേതാവായി മാറ്റുന്നതിന് സഹായിച്ചിട്ടുണ്ട്.

മൂന്ന് അവകാശികളില്‍ ഏറ്റവും മുതിര്‍ന്ന നേതാവ് ചെന്നിത്തലയാണ്. 2016 മുതല്‍ 2021 വരെ പ്രതിപക്ഷ നേതാവായിരുന്ന അദ്ദേഹം, 2021ല്‍ പാര്‍ട്ടി ജയിച്ചിരുന്നെങ്കില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള സ്വാഭാവിക തിരഞ്ഞെടുപ്പുമായിരുന്നു. എന്നാല്‍ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അധികാരം തിരിച്ചുപിടിക്കാന്‍ കഴിയാതെ വന്നതോടെ ചെന്നിത്തലയ്ക്ക് ആ സ്ഥാനം ഒഴിയേണ്ടി വന്നു. മുന്‍ പ്രതിപക്ഷ നേതാവ് തന്നെ മുഖ്യമന്ത്രിയാവുമെന്നാണ് ചെന്നിത്തല ക്യാമ്പിന്റെ പ്രതീക്ഷ

ഇവരിലെ ഏറ്റവും മുതിര്‍ന്ന വ്യക്തിയാണ് ചെന്നിത്തല. പാര്‍ട്ടി അദ്ദേഹത്തിന് ഒരവസരം നല്‍കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. സതീശനും വേണുഗോപാലും അദ്ദേഹത്തിന്റെ വിശ്വസ്തരായിരുന്നു, ചെന്നിത്തലയാണ് കോണ്‍ഗ്രസില്‍ അവരെ വളര്‍ത്തിയെടുത്തത്. ദേശീയ തലത്തിലുള്ള അദ്ദേഹത്തിന്റെ പല സഹപ്രവര്‍ത്തകരും മറ്റ് സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിമാരായിട്ടുണ്ട്,' ചെന്നിത്തല ക്യാമ്പിലെ ഒരു പാര്‍ട്ടി നേതാവ് പറഞ്ഞു.

പി.ജെ. കുര്യനെപ്പോലെയുള്ള പല മുതിര്‍ന്ന നേതാക്കളും ഇതിനോടകം തന്നെ ചെന്നിത്തലയെ പരസ്യമായി പിന്തുണച്ചിട്ടുണ്ട്. എന്നാല്‍ എം.എല്‍.എമാരുടെ നിലപാടായിരിക്കും നിര്‍ണ്ണായകം, അവരില്‍ ഭൂരിഭാഗവും സതീശന്റെയോ വേണുഗോപാലിന്റെയോ വിശ്വസ്തരാണ്.

കേരളത്തിലെ സമീപകാല കോണ്‍ഗ്രസ് ഭരണകൂടങ്ങള്‍ ആഭ്യന്തര കലഹങ്ങളാല്‍ നിറഞ്ഞതായിരുന്നു. അടുത്ത പതിറ്റാണ്ടുകളില്‍ ഒരു കോണ്‍ഗ്രസ് മുഖ്യമന്ത്രി പോലും അഞ്ച് വര്‍ഷത്തെ കാലാവധി പൂര്‍ണ്ണമായി ആസ്വദിച്ചിട്ടില്ല. 2011 മുതല്‍ 2016 വരെയുള്ള അവസാന കോണ്‍ഗ്രസ് ഭരണം അധികാര തര്‍ക്കങ്ങളും മുഖ്യമന്ത്രി പദത്തിനായുള്ള ശക്തമായ സമ്മര്‍ദ്ദ തന്ത്രങ്ങളും കൊണ്ട് പ്രക്ഷുബ്ധമായിരുന്നു. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായി അധികാരമേറ്റെങ്കിലും, പിന്നീട് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള വിഭാഗം പദവിക്കായി അവകാശവാദം ഉന്നയിച്ചു.

ചെന്നിത്തലയ്ക്ക് പ്രധാന പദവി നല്‍കണമെന്ന് അദ്ദേഹത്തിന്റെ സമുദായ സംഘടനയായ എന്‍.എസ്.എസും ആവശ്യപ്പെട്ടു. ഉമ്മന്‍ചാണ്ടി അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയെങ്കിലും, ഗ്രൂപ്പിസത്തില്‍ നിന്ന് ഉടലെടുത്ത അഴിമതി ആരോപണങ്ങളും വിവാദങ്ങളും കാരണം അദ്ദേഹത്തിന്റെ ഭരണം കലുഷിതമായിരുന്നു.