
പരവൂർ: ഡെബിറ്റ് കാർഡോ ഒടിപി സന്ദേശങ്ങളോ ഇല്ലാതെ തന്നെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം കവരുന്ന എഇപിഎസ് തട്ടിപ്പുകൾ വർധിക്കുന്നതായി സൈബർ സുരക്ഷാ വിദഗ്ധരുടെ മുന്നറിയിപ്പ്.
ആധാർ നമ്പറും ബയോമെട്രിക് വിവരങ്ങളും (വിരലടയാളം, മുഖം) ഉപയോഗിച്ച് പണം പിൻവലിക്കാവുന്ന സംവിധാനത്തെയാണ് സൈബർ ക്രിമിനലുകൾ ദുരുപയോഗം ചെയ്യുന്നത്.നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ വികസിപ്പിച്ചെടുത്ത ഈ സംവിധാനം ഗ്രാമപ്രദേശങ്ങളിൽ ബാങ്കിംഗ് സേവനങ്ങൾ എളുപ്പമാക്കാനാണ് ലക്ഷ്യമിട്ടത്.
എന്നാൽ, വിവിധ ഡാറ്റാ ചോർച്ചകളിലൂടെയും വ്യാജ വെബ്സൈറ്റുകളിലൂടെയും ശേഖരിക്കുന്ന ആധാർ വിവരങ്ങൾ ഉപയോഗിച്ച് തട്ടിപ്പുകാർ വ്യാജ ഡിജിറ്റൽ ഐഡന്റിറ്റികൾ നിർമിക്കുന്നു. കൃത്രിമബുദ്ധി , ഡീപ് ഫേക്ക് സാങ്കേതികവിദ്യകൾ എന്നിവ ഉപയോഗിച്ച് ബയോമെട്രിക് വിവരങ്ങൾ ക്ലോൺ ചെയ്താണ് ഇരകളുടെ അറിവില്ലാതെ അക്കൗണ്ടുകൾ ചോർത്തുന്നത്.
ഇതിനായി ബാങ്ക് കാർഡുകളോ മൊബൈലിലേക്ക് വരുന്ന ഒടിപി നമ്പറുകളോ ഇവർക്ക് ആവശ്യമില്ല എന്നതാണ് ഈ തട്ടിപ്പിന്റെ ഏറ്റവും വലിയ അപകടം
