ഉത്തർപ്രദേശിൽ പിറന്നാൾ ആഘോഷം അവസാനിച്ചത് ക്രൂര കൊലപാതകത്തിൽ. ഒരാളുടെ മുഖത്ത് കേക്ക് പുരട്ടുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. തർക്കത്തെത്തുടർന്ന് മൂന്ന് യുവാക്കളെ വെടിവെച്ച് കൊന്നു. യുപിലെ ഖുർജ നഗർ മേഖലയിൽ ശനിയാഴ്ചയാണ് സംഭവം. അമർദീപ് സൈനി, മനീഷ് സൈനി, ആകാശ് സൈനി എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ജന്മദിനം ആഘോഷിച്ചിരുന്ന മുഖ്യപ്രതിയായ ജീതു സൈനി ഇപ്പോൾ ഒളിവിലാണ്.
ഒരു പ്രാദേശിക ജിമ്മിൽ ആഘോഷമായി തുടങ്ങിയ ഒത്തുചേരൽ പിന്നീട് ഒരു വീടിന് സമീപം പിറന്നാൾ ആഘോഷമായി മാറി. പിറന്നാളുകാരനായ ജീതു സൈനിയുടെ മുഖത്ത് യുവാക്കൾ കേക്ക് തേച്ചതിനെ തുടർന്നാണ് പ്രശ്നങ്ങളുണ്ടാകുന്നത്. തർക്കം മുറുകിയതോടെ ജീതുവും സംഘവും തോക്കുകളുമായെത്തി യുവാക്കൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. യുവാക്കളെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വെടിവയ്പ്പിനെക്കുറിച്ച് ഖുർജ നഗർ പോലീസ് സ്റ്റേഷനിൽ വിവരം ലഭിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയതായി എസ്പി (റൂറൽ) അന്തിക്ഷ് ജെയിൻ പറഞ്ഞു. പ്രതികളെ അറസ്റ്റ് ചെയ്യാൻ ആറ് സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ടെന്നും ചില പ്രതികളെ ഇതിനകം കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

