
മലപ്പുറം: തിരൂരങ്ങാടിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി പിഎംഎ സമീറിന്റെ റോഡ് ഷോയ്ക്കിടെ മുസ്ലിം ലീഗ് പ്രവര്ത്തകന് കുഴഞ്ഞുവീണ് മരിച്ചു. മുഹമ്മദ് കോയ(75) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്.
യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ പര്യടനത്തിന്റെ ഭാഗമായി തീരദേശത്ത് റോഡ് ഷോ നടക്കുകയായിരുന്നു. ആലുങ്ങല്‍ ബീച്ചില്‍ വച്ച് സ്ഥാനാര്‍ഥിക്ക് പ്രവര്‍ത്തകര്‍ ഹാരമണിയിപ്പിക്കുന്നതിനിടെ സമീപത്തുണ്ടായിരുന്ന മുഹമ്മദ് കോയ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
തീരദേശത്തെ സജീവ മുസ്ലിം ലീഗ് പ്രവര്‍ത്തകനായിരുന്നു മുഹമ്മദ് കോയ. മരണവിവരമറിഞ്ഞതിനെത്തുടര്ന്ന് റോഡ് ഷോ അടിയന്തിരമായി നിര്‍ത്തിവച്ചു. സ്ഥാനാര്‍ഥി പി.എം.എ. സമീര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ആശുപത്രിയിലെത്തി അന്തിമോപചാരം അര്‍പ്പിക്കുകയും കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു.
