കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജിലെ വിദ്യാർഥി നിതിൻ രാജിന്റെ മരണത്തില്‍ കോളജ് അധികൃതർക്കെതിരെയും അധ്യാപകർക്കെതിരെയും ഗുരുതരമായ ആരോപണങ്ങളുമായി കുടുംബം രംഗത്തെത്തി.
നിതിൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും മരണത്തില്‍ അസ്വാഭാവികതയുണ്ടെന്നും സഹോദരി പറഞ്ഞു. പ്രിൻസിപ്പലിന്റെ മുറിയില്‍ വെച്ച് നിതിൻ ക്രൂരമായ മാനസിക പീഡനത്തിന് ഇരയായിട്ടുണ്ടെന്നും, അവിടെ നടന്ന കാര്യങ്ങളെക്കുറിച്ച് കൃത്യമായ അന്വേഷണം വേണമെന്നുമാണ് കുടുംബത്തിന്റെ പ്രധാന ആവശ്യം.
നിതിൻ മുറിയില്‍ നിന്ന് കരഞ്ഞുകൊണ്ട് പുറത്തേക്ക് വരുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ ഉണ്ടെന്ന് പറയപ്പെടുന്നുണ്ടെങ്കിലും, ഓഡിയോ സഹിതമുള്ള ദൃശ്യങ്ങള്‍ പുറത്തു വിടാൻ അധികൃതർ തയ്യാറാകണമെന്ന് കുടുംബം ആവശ്യപ്പെട്ടു. കോളജ് അധികൃതർ പറയുന്ന കാര്യങ്ങളില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്ന് സഹോദരി ചൂണ്ടിക്കാട്ടുന്നു.
നിതിൻ ഫോണ്‍ അവിടെ ഉപേക്ഷിച്ച് പോയി എന്ന വാദം വിശ്വസനീയമല്ലെന്നും, അധികൃതർ ഫോണ്‍ ബലമായി പിടിച്ചുവാങ്ങി വെച്ചതാണെന്നും അവർ ആരോപിക്കുന്നു.
ലോണ്‍ ആപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യതയാണ് മരണ കാരണമെന്ന വാദവും കുടുംബം തള്ളിക്കളഞ്ഞു. ഡോക്ടറാകാൻ അതിയായി ആഗ്രഹിച്ചിരുന്ന നിതിൻ, നീറ്റ് പരീക്ഷയ്ക്കായി മികച്ച രീതിയില്‍ തയ്യാറെടുക്കുകയായിരുന്നുവെന്നും ചെറിയൊരു തുകയുടെ പേരില്‍ അവൻ ജീവിതം അവസാനിപ്പിക്കില്ലെന്നും സഹോദരി വ്യക്തമാക്കി.
സംഭവത്തിന് പിന്നാലെ ബന്ധപ്പെട്ട അധ്യാപിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്തത് തെളിവ് നശിപ്പിക്കാനുള്ള നീക്കമാണോ എന്ന് സംശയിക്കുന്നതായും അവർ കൂട്ടിച്ചേർത്തു.
ചികിത്സാ സൗകര്യങ്ങളുള്ള ഒരു മെഡിക്കല്‍ കോളജിനുള്ളില്‍ വെച്ച് അപകടം നടന്നിട്ടും നിതിനെ രക്ഷിക്കാൻ സാധിക്കാത്തതില്‍ വലിയ വീഴ്ചയുണ്ടായതായി കുടുംബം ആരോപിക്കുന്നു.
മൂന്ന് മണിക്കൂറോളം നിതിൻ ജീവനോടെ ഉണ്ടായിട്ടും കൃത്യമായ ചികിത്സ നല്‍കാനോ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാനോ അധികൃതർ തയ്യാറായില്ല.
ഒരു മെഡിക്കല്‍ കോളജായിട്ടും നിതിന്റെ രക്തഗ്രൂപ്പ് തിരിച്ചറിയാൻ വൈകിയെന്നും രക്തം ലഭ്യമാക്കാൻ വലിയ കാലതാമസം വരുത്തിയെന്നും സഹോദരി ആരോപിച്ചു.
നിതിൻ വീണു എന്ന് പറയപ്പെടുന്ന സ്ഥലത്ത് രക്തക്കറകള്‍ കാണാത്തതും ശരീരത്തില്‍ കമ്പി കൊണ്ട് കുത്തിയ പോലുള്ള പാടുകള്‍ ഉള്ളതും മരണത്തിലെ ദുരൂഹത വർധിപ്പിക്കുന്നു

