കണ്ണൂര്‍: ഉറക്കത്തിനിടെയേറ്റത് മരണത്തിന്റെ കൊത്താണെന്ന് തിരിച്ചറിയാന്‍ വൈകിയത് നബീസയുടെ ജീവന്‍ കവര്‍ന്നു. തളിപ്പറമ്പ് പട്ടുവം മുതുകുട സ്വദേശിനി നബീസ (70) ആണ് പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ അന്തരിച്ചത്. ശംഖുവരയന്‍ പാമ്പിന്റെ കടിയേറ്റതാണെന്ന പ്രാഥമിക നിഗമനത്തിലാണ് ആരോഗ്യവിദഗ്ധര്‍.
വെള്ളിയാഴ്ച രാത്രി വീട്ടില്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് നബീസയ്ക്ക് പാമ്പുകടിയേറ്റത്. എന്നാല്‍, ആദ്യഘട്ടത്തില്‍ പാമ്പുകടിയേറ്റ വിവരം വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുമ്പോഴും പാമ്പുകടിയാണെന്ന് ആരും സംശയിച്ചിരുന്നില്ല. പരിശോധനകള്‍ക്കിടെ ശരീരത്തില്‍ പാടുകള്‍ കണ്ടെത്തുകയും സ്ഥിതി വഷളാവുകയും ചെയ്തതോടെയാണ് വിഷബാധയേറ്റതാണെന്ന് വ്യക്തമായത്. അപ്പോഴേക്കും വിഷം രക്തത്തില്‍ പടര്‍ന്ന് ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തെ ഉള്‍പ്പെടെ ഗുരുതരമായി ബാധിച്ചിരുന്നു.
വിഷബാധ സ്ഥിരീകരിച്ചതോടെ ഉടന്‍ തന്നെ ആന്റിവെനം നല്‍കുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു. എന്നാല്‍, കടിയേറ്റത് ശംഖുവരയന്‍ പോലുള്ള മാരക വിഷമുള്ള പാമ്പായതിനാലും ചികിത്സ ലഭ്യമാക്കാന്‍ വൈകിയതിനാലും ജീവന്‍ രക്ഷിക്കാനായില്ല. ഞായറാഴ്ച രാവിലെ ആറുമണിയോടെയായിരുന്നു അന്ത്യം. പലപ്പോഴും കടിയേറ്റത് ഉടന്‍ തിരിച്ചറിയാന്‍ സാധിക്കാത്തതാണ് ശംഖുവരയന്‍ പാമ്പുകളെ കൂടുതല്‍ അപകടകാരികളാക്കുന്നത്. വേദനയോ നീരോ പ്രകടമാകാത്തതിനാല്‍ ലക്ഷണങ്ങള്‍ തിരിച്ചറിയുമ്പോഴേക്കും വിഷം നാഡീവ്യൂഹത്തെ ബാധിച്ചിട്ടുണ്ടാകും.
സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണങ്ങള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യുന്നത് വലിയ ആശങ്കയ്ക്കിടയാക്കുന്നുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കിടെ ഒരു കുട്ടിയുള്‍പ്പെടെ നാലുപേരാണ് മരിച്ചത്. കഴിഞ്ഞ ദിവസം മാത്രം കോഴിക്കോട്, കോട്ടയം, വയനാട്, കായംകുളം എന്നിവിടങ്ങളിലായി അഞ്ചുപേര്‍ക്ക് പാമ്പുകടിയേറ്റു. പാമ്പുകടിയേറ്റാല്‍ എത്രയും വേഗം ആന്റിവെനം ലഭ്യമായ ആശുപത്രികളില്‍ ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ ദിവസം മാത്രം പാമ്പുകടിയുമായി ബന്ധപ്പെട്ട് 22 കോളുകളാണ് 108 ആംബുലന്‍സ് സര്‍വീസിലേക്ക് എത്തിയത് എന്നത് സ്ഥിതിയുടെ ഗൗരവം വ്യക്തമാക്കുന്നു.
