
പരവൂർ: വിഷു ആഘോഷത്തോടനുബന്ധിച്ചുള്ള യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് കൂടുതൽ സ്പെഷൽ ട്രെയിനുകൾ അനുവദിച്ച് ദക്ഷിണ റെയിൽവേ. ചെന്നൈയിൽ നിന്ന് കൊല്ലം, തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) എന്നിവിടങ്ങളിലേക്കാണ് അധിക സർവീസുകൾ നടത്തുന്നത്.
ചെന്നൈ സെൻട്രലിൽ നിന്ന് കൊല്ലത്തേക്കുള്ള സ്പെഷൽ ട്രെയിൻ (06119) 15ന് ഉച്ചകഴിഞ്ഞ് 3.10-ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.55-ന് കൊല്ലത്തെത്തും. മടക്കയാത്രയിൽ കൊല്ലം-ചെന്നൈ സെൻട്രൽ സ്പെഷൽ (06120) 16ന് രാവിലെ 10.40-ന് പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെ 3.30-ന് ചെന്നൈയിലെത്തും. ഈ ട്രെയിനിന് തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. 16 എസി ത്രീ ടയർ ഇക്കോണമി കോച്ചുകളാണ് ഈ ട്രെയിനിലുണ്ടാവുക.
ചെന്നൈ എഗ്മൂറിൽ നിന്ന് തിരുവനന്തപുരം നോർത്തിലേക്കുള്ള ട്രെയിൻ (06115) പത്തിന് രാത്രി 11.55-ന് പുറപ്പെട്ട് പിറ്റേന്ന് വൈകുന്നേരം ആറിന് കൊച്ചുവേളിയിൽ എത്തിച്ചേരും. മടക്ക സർവീസ് (06116) 15 ന് ഉച്ചകഴിഞ്ഞ് 3.45-ന് തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 11.45-ന് ചെന്നൈ എഗ്മൂറിലെത്തും.
തൃശൂർ, എറണാകുളം ടൗൺ, കോട്ടയം, കായംകുളം, കൊല്ലം തുടങ്ങിയ പ്രധാന സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ടാകും. നാല് എസി ത്രീ ടയർ, 10 സ്ലീപ്പർ, നാല് ജനറൽ സെക്കൻഡ് ക്ലാസ് എന്നിങ്ങനെയാണ് ഇതിന്റെ കോച്ച് ക്രമീകരണം.അവധി കഴിഞ്ഞ് മടങ്ങുന്നവർക്കും നാട്ടിലെത്തുന്നവർക്കും ഏറെ ആശ്വാസകരമാകുന്നതാണ് പുതിയ ട്രെയിൻ സർവീസുകൾ.
