കോഴിക്കോട്: കരളുപിളര്‍ക്കുന്ന ഉരുള്‍പൊട്ടലിന്റെ ഓര്‍മ്മകള്‍ പേറുന്ന വിലങ്ങാടിന് ഇന്ന് അതിജീവനത്തിന്റെ പുത്തന്‍ പുലരി. 2024 ജൂലൈ 30-ന് അര്‍ദ്ധരാത്രിയെത്തിയ മലവെള്ളപ്പാച്ചിലില്‍ ഉടുതുണിക്ക് മറുതുണിയില്ലാതെ ആയുസ്സിന്റെ സമ്പാദ്യമെല്ലാം നഷ്ടപ്പെട്ട 70 കുടുംബങ്ങള്‍ക്ക് ഇന്ന് തലചായ്ക്കാന്‍ സുരക്ഷിതമായ ഭവനങ്ങള്‍ ലഭിക്കും. കേരള കത്തോലിക്ക മെത്രാന്‍ സമിതിയും (കെ.സി.ബി.സി) ദീപികയും കൈകോര്‍ത്ത 'കാരുണ്യസ്പര്‍ശം' പദ്ധതിയിലൂടെയാണ് അതിമനോഹരമായ 70 വീടുകള്‍ പൂര്‍ത്തിയായത്. സഭ കാരുണ്യത്തിന്റെ തണലൊരുക്കുമ്പോഴും സര്‍ക്കാര്‍ സംവിധാനങ്ങള്‍ വിലങ്ങാടിനെ പാടെ വിസ്മരിച്ചിരിക്കുകയാണ്. ഉരുള്‍പൊട്ടലിന്റെ രണ്ടാം വാര്‍ഷികത്തിലും പ്രദേശത്തെ പൊതുസൗകര്യങ്ങള്‍ അനാഥമാണ്. അതുകൊണ്ട് ദുരിത ബാധിതര്‍ക്ക് ഇത് വലിയ ആശ്വാസമാണ്.
ഉരുള്‍പൊട്ടല്‍ കഴിഞ്ഞ് രണ്ട് വര്‍ഷം തികയും മുന്‍പേ, വെറും 21 മാസം കൊണ്ട് ഇത്രയേറെ വീടുകള്‍ പൂര്‍ത്തിയാക്കി നല്‍കിയ സഭയുടെ നടപടി നവോത്ഥാന കേരളത്തിന്റെ ചരിത്രത്തിലെ വേറിട്ട അധ്യായമായി മാറും. ഒരു സര്‍ക്കാരിന് പോലും ഇത്ര വേഗത്തില്‍ ഇത്തരം പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് കെ.സി.ബി.സി.യുടെ ഈ നേട്ടം. വയനാട്ടിലും വിലങ്ങാടുമായി ആകെ 138 വീടുകളാണ് സഭ പ്രഖ്യാപിച്ചത്. ഇതില്‍ വിലങ്ങാട്ടെ 70 വീടുകളാണ് ഇപ്പോള്‍ കൈമാറുന്നത്. വയനാട്ടിലെ ഭവനങ്ങളുടെ നിര്‍മ്മാണം അവസാനഘട്ടത്തിലാണ്.
2024 ഓഗസ്റ്റ് അഞ്ചിന് കെ.സി.ബി.സി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയാണ് പദ്ധതി പ്രഖ്യാപിച്ചത്. തുടര്‍ന്ന് ഡിസംബര്‍ 20-ന് വിലങ്ങാട്ട് കല്ലിട്ടു. താമരശേരി രൂപതയുടെ സി.ഒ.ഡി ആണ് വിലങ്ങാട്ടെ നിര്‍മ്മാണച്ചുമതല ഏറ്റെടുത്തത്. ജെ.പി.ഡി കമ്മീഷന്‍ സെക്രട്ടറി ഫാ. ജേക്കബ് മാവുങ്കലിന്റെ നേതൃത്വത്തിലുള്ള സംഘം നേരിട്ടെത്തിയാണ് നിര്‍മ്മാണപുരോഗതി വിലയിരുത്തിയത്. വിലങ്ങാട് ഫൊറോന വികാരി ഫാ. വില്‍സണ്‍ മുട്ടത്തുകുന്നേല്‍ ഉള്‍പ്പെടെയുള്ള വൈദികരുടെ നിത്യേനയുള്ള മേല്‍നോട്ടം പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകി. പേരിനു മാത്രമായി വീട് നല്‍കുന്ന പതിവ് രീതിക്ക് വിപരീതമായി, ഏറ്റവും കുറഞ്ഞത് 1000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള മികച്ച വീടുകളാണ് നിര്‍മ്മിച്ചത്.
ഓരോ വീടിനും 10 ലക്ഷം രൂപയാണ് കെ.സി.ബി.സി നല്‍കിയത്. ഇനി ഉരുള്‍പൊട്ടല്‍ ഭീഷണിയില്ലാത്ത സുരക്ഷിത മേഖലകളിലാണ് സ്ഥലം കണ്ടെത്തിയത്. വീടുകള്‍ക്കൊപ്പം അത്യാവശ്യം ഫര്‍ണിച്ചറുകളും ഉപകരണങ്ങളും സഭ ലഭ്യമാക്കി. സ്ഥലം വാങ്ങാന്‍ ശേഷിയില്ലാത്തവര്‍ക്ക് സ്ഥലവും കെ.സി.ബി.സി തന്നെയാണ് നല്‍കിയത്. കണ്ണൂര്‍ ജില്ലയിലേക്ക് മാറിപ്പോയ 7 കുടുംബങ്ങള്‍ക്കും അവിടെ വീട് നിര്‍മ്മിച്ചു നല്‍കി. കെ.സി.ബി.സി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ രൂപതകളും സോഷ്യല്‍ സര്‍വീസ് ഫോറങ്ങളും (കാരിത്താസ് ഇന്ത്യ, സി.ഒ.ഡി, വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, ശ്രേയസ്, ജീവന) ഒത്തൊരുമിച്ചാണ് ഈ ദൗത്യം പൂര്‍ത്തിയാക്കിയത്. ജാതിമത ഭേദമെന്യേ ദുരിതബാധിതരെ ചേര്‍ത്തുപിടിച്ച ഈ പ്രവര്‍ത്തനം വികസനത്തിന്റെ പുതിയൊരു കേരള മോഡലായാണ് വാഴ്ത്തപ്പെടുന്നത്.
ഉരുട്ടി, വിലങ്ങാട് ടൗണ്‍, മഞ്ഞച്ചീളി, വായാട്, മുച്ചങ്കയം തുടങ്ങി പ്രധാനപ്പെട്ട ഏഴ് പാലങ്ങളും കലുങ്കുകളും തകര്‍ന്നിട്ട് രണ്ട് വര്‍ഷമാകാറായിട്ടും പുനരുദ്ധാരണ പ്രവൃത്തികള്‍ ഇഴഞ്ഞുനീങ്ങുകയാണ്. പലയിടത്തും താത്കാലികമായി നിര്‍മ്മിച്ച പാലങ്ങളിലൂടെ ജീവന്‍ പണയപ്പെടുത്തിയാണ് പ്രദേശവാസികള്‍ യാത്ര ചെയ്യുന്നത്. പെട്രോള്‍ പമ്പിന് മുന്നില്‍ റോഡിന്റെ പാര്‍ശ്വഭിത്തി നിര്‍മ്മാണം പണം ലഭിക്കാത്തതിനെത്തുടര്‍ന്ന് കരാറുകാരന്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. പാര്‍ശ്വഭിത്തിക്കായി എടുത്ത മണ്ണ് പുഴയിലേക്ക് തള്ളിയത് മഴ പെയ്താല്‍ പുഴയുടെ ഗതി തിരിച്ചുവിട്ട് വീടുകളെ പ്രളയത്തിലാക്കുമെന്ന ഭീതിയിലാണ് സക്കറിയാസിനെപ്പോലുള്ള കുടുംബങ്ങള്‍.
മഴക്കാലം പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ, റോഡുകളും കലുങ്കുകളും നന്നാക്കാത്തത് മലയോരവാസികളെ കടുത്ത ആശങ്കയിലാഴ്ത്തുന്നു. പുഴയിലെ കല്ലുകള്‍ നീക്കം ചെയ്തത് ഒഴിച്ചാല്‍ പറയത്തക്ക പ്രവൃത്തികളൊന്നും സര്‍ക്കാര്‍ രണ്ട് വര്‍ഷത്തിനിടെ പൂര്‍ത്തിയാക്കിയിട്ടില്ല.
നാടിന്റെ ഉത്സവമായി ഒന്നാംഘട്ട സമാപനം
വിലങ്ങാട് ഉരുള്‍ദുരിതബാധിതര്‍ക്കായി കെസിബിസി പ്രഖ്യാപിച്ച ഒന്നാംഘട്ട പദ്ധതിയുടെ സമാപന ചടങ്ങില്‍ സമൂഹത്തിലെ വിവിധ മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കും. ഇന്നു വൈകുന്നേരം നാലിന് മഞ്ഞക്കുന്ന് പള്ളി അങ്കണത്തില്‍ നടക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നത് കെസിബിസി പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കലാണ്. തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി അധ്യക്ഷത വഹിക്കും. താമരശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ആമുഖ പ്രഭാഷണം നടത്തും.
ഷാഫി പറമ്പില്‍ എംപി, നിയുക്ത നാദാപുരം എംഎല്‍എ കെ.എം. അഭിജിത്ത്, മേപ്പയൂര്‍ സലാഫിയ കോളജ് അസോസിയേഷന്‍ പ്രസിഡന്റ് ഡോ. ഹുസൈന്‍ മടവൂര്‍, സിഒഡി പ്രസിഡന്റ് മോണ്‍. ഏബ്രഹാം വയലില്‍, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. തോമസ് തറയില്‍, കെസിബിസി ഡിസാസ്റ്റര്‍ മിറ്റിഗേഷന്‍ കമ്മിറ്റി അംഗവും ദീപിക മാനേജിംഗ് ഡയറക്ടറുമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, വാണിമേല്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രദീപ്, കെഎസ്എസ്എഫ് ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കല്‍, സിഒഡി ഡയറക്ടര്‍ ഫാ. സായി പാറന്‍കുളങ്ങര, ദേവഗിരി സെന്റ് ജോസഫ്സ് കോളജ് അഡ്മിസിസ്ട്രേറ്റര്‍ ഫാ. ബോണി അഗസ്റ്റിന്‍ സിഎംഐ, സിസ്റ്റര്‍ ഡോ. ആര്‍ദ്ര എസ്ഐസി (പ്രസിഡന്റ്, കെസിഎംഎസ്, കെസിബിസി), അപ്പസ്തോലിക് കര്‍മല്‍ സിസ്റ്റേഴ്സ് പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ ജസീന, വിലങ്ങാട് ഫൊറോന വികാരി ഫാ. വില്‍സണ്‍ മുട്ടത്തുകുന്നേല്‍, റെജി ജെ. കരോട്ട് (ഓള്‍ കേരള ലേ അനിമേറ്റര്‍, ജീസസ് യൂത്ത്) തുടങ്ങിയവര്‍ പ്രസംഗിക്കും. പദ്ധതിക്ക് പിന്തുണ നല്‍കിയ വിവിധ സംഘടനകളുടെ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുക്കും.
വാണിമേല്‍ പഞ്ചായത്തില്‍ 2024 ജൂലൈ 30നുണ്ടായ അതിശക്തമായ ഉരുള്‍പൊട്ടലില്‍ കോടികളുടെ നാശമാണ് സംഭവിച്ചത്. മഞ്ഞച്ചീളി, പാനോം തുടങ്ങിയ പ്രദേശങ്ങളിലായി ഉണ്ടായ ഉരുള്‍പൊട്ടലില്‍ 18ലധികം വീടുകള്‍ പൂര്‍ണമായും തകരുകയും 120ലധികം വീടുകള്‍ക്ക് ഭാഗികമായി നാശനഷ്ടം സംഭവിക്കുകയും ചെയ്തു. രക്ഷാപ്രവര്‍ത്തനത്തിനിടെ മഞ്ഞച്ചീളിയിലെ മാത്യു എന്ന റിട്ട. അധ്യാപകന് ജീവന്‍ നഷ്ടമായി. വിലങ്ങാട് ടൗണ്‍ പാലം ഉള്‍പ്പെടെ ഏഴ് പാലങ്ങള്‍ ഒലിച്ചുപോയി, റോഡുകള്‍ തകര്‍ന്നു. റബര്‍, തെങ്ങ്, കമുക് തോട്ടങ്ങള്‍ പൂര്‍ണമായും നശിച്ചു. കോടികളുടെ നാശനഷ്ടം സംഭവിച്ചിട്ടും സര്‍ക്കാരിന്റെ പുനരധിവാസ നടപടികള്‍ പര്യാപ്തമല്ലെന്ന ആക്ഷേപം ദുരിതബാധിതര്‍ ഇപ്പോഴും ഉയര്‍ത്തുന്നു.
സര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് ദുരിതബാധിതര്‍ പല സമരങ്ങളും നടത്തി. വീട് നഷ്ടമായവര്‍ക്ക് 15 ലക്ഷം രൂപയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇതടക്കമുള്ള സഹായവിതരണത്തില്‍ അനര്‍ഹര്‍ കയറിപ്പറ്റിയതായുള്ള ആക്ഷേപങ്ങളും ശക്തമാണ്. ദുരിതബാധിത പ്രദേശങ്ങളിലെ വ്യാപാരികളെ 30 ലക്ഷം രൂപ നല്‍കി സഹായിച്ചത് വ്യാപാരി വ്യവസായി ഏകോപന സമിതിയാണ്. പാലങ്ങളും റോഡുകളും തകര്‍ന്നതുള്‍പ്പെടെ 156 കോടി രൂപയുടെ നഷ്ടമാണ് പിഡബ്ല്യുഡി റോഡ് വിഭാഗം പ്രാഥമികമായി കണക്കാക്കിയത്. ജലസേചന വകുപ്പിനുണ്ടായത് 35 കോടിയുടെ നഷ്ടമാണ്. 162 ഹെക്ടറില്‍ കൃഷി നാശമുണ്ടായി. 225 കര്‍ഷകരെ ബാധിച്ചു. 11.85 കോടിയുടെ നഷ്ടം കാര്‍ഷിക മേഖലയില്‍ സംഭവിച്ചതായാണ് പ്രാഥമിക കണക്ക്. 6.06 കോടിയുടെ നഷ്ടമാണ് കെഎസ്ഇബിക്കുണ്ടായത്.
