
നളന്ദ: നാരങ്ങ പറിച്ചതിന്റെ പേരിൽ 12വയസ്സുകാരനെ വയോധികൻ തല്ലിക്കൊന്ന സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. ബിഹാറിലെ നളന്ദ ജില്ലയിലുള്ള സക്രവ ഗ്രാമത്തിലാണ് ചൊവ്വാഴ്ച നാടിനെ നടുക്കിയ സംഭവം നടന്നത്. സംഭവത്തിൽ ഗ്രാമവാസിയായ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയുടെ പറമ്പിലെ മരത്തിൽ നിന്ന് നാരങ്ങ പറിച്ചതിനെച്ചൊല്ലിയായിരുന്നു ക്രൂരതയെന്ന് ഗ്രാമവാസികൾ പറയുന്നു. അനുവാദം കൂടാതെ നാരങ്ങ എടുത്തതിൽ പ്രകോപിതനായ വീട്ടുടമ പന്ത്രണ്ടോളം പേരെയും കൂട്ടി ശുഭമിനെ മൃഗീയമായി മർദിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 12 പേരെ അറസ്റ്റുചെയ്തതായി എസ്പി ഭരത് സോണി പറഞ്ഞു.
മർദനമേറ്റ കുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചതായാണ് വിവരം. കൊല്ലപ്പെട്ട കൗമാരക്കാരന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സദർ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിന് പിന്നാലെ ഇവിടെ വലിയതോതിൽ ജനങ്ങൾ സംഘടിക്കുകയും മൃതദേഹവുമായി പ്രകടനം നടത്തുകയും ചെയ്തു. കൊലപാതകത്തിന് പിന്നാലെ ഗ്രാമത്തിൽ വൻ പ്രതിഷേധം ഇരമ്പി. ശുഭത്തിന്റെ മൃതദേഹവുമായി നാട്ടുകാർ പ്രകടനം നടത്തി. പ്രതികളെ അറസ്റ്റ് ചെയ്യാതെ പ്രതിഷേധത്തിൽനിന്ന് പിന്മാറില്ലെന്ന് ജനങ്ങൾ നിലപാടെടുത്തതോടെ ഗ്രാമത്തിൽ സംഘർഷാവസ്ഥയായി. തുടർന്ന് പോലീസ് ബലം പ്രയോഗിച്ചാണ് പ്രതിഷേധക്കാരെ പിരിച്ചുവിട്ടത്.
എസ്പി ഭരത് സോണിയുടെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹം സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പന്ത്രണ്ട് പേരെ അറസ്റ്റ് ചെയ്തതായി എസ്പി അറിയിച്ചു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. ജില്ലാ മജിസ്‌ട്രേറ്റും മുതിർന്ന ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു. നിലവിൽ സ്ഥിതി ശാന്തമാണെങ്കിലും വീണ്ടും സംഘർഷമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് സമീപത്തെ 12 പോലീസ് സ്റ്റേഷനുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരെ ഗ്രാമത്തിൽ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. പ്രതികളെ ഉടൻ കോടതിയിൽ ഹാജരാക്കുമെന്നും കുറ്റക്കാർക്ക് അർഹമായ കഠിനശിക്ഷ ഉറപ്പാക്കുമെന്നും പോലീസ് വ്യക്തമാക്കി
