വീട്ടിൽ മുറിച്ചുവെച്ചിരുന്ന തണ്ണിമത്തൻ കഴിച്ചു, പിന്നാലെ ഛർദ്ദിയും വയറിളക്കവും; 15കാരൻ മരിച്ചു

വീട്ടിൽ മുറിച്ചുവെച്ചിരുന്ന തണ്ണിമത്തൻ കഴിച്ചു, പിന്നാലെ ഛർദ്ദിയും വയറിളക്കവും; 15കാരൻ മരിച്ചു


റായ്പുർ: ഛത്തീസ്ഗഡിൽ തണ്ണിമത്തൻ കഴിച്ച 15കാരൻ മരണപ്പെട്ടു. മൂന്നു കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊടി ദൽഹ സ്വദേശി അഖിലേഷ് ധീവറിനാണ് ദാരുണാന്ത്യം സംഭവിച്ചത്. 12, 13, നാല് വയസ്സുള്ള കുട്ടികളാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.ജാഞ്ച്ഗിർ ചംപ ജില്ലയിലെ ഗുർകോട്ട് ഗ്രാമത്തിലാണ് സംഭവം. ഞായറാഴ്ച വൈകുന്നേരമാണ് ഗുർകോട്ടിലെ അമ്മാവൻ്റെ വീട്ടിൽനിന്ന് ഒരു കുടുംബത്തിലെ നാല് കുട്ടികൾ തണ്ണിമത്തൻ കഴിച്ചത്. ഇതിന് പിന്നാലെ കുട്ടികൾക്ക് ഛർദ്ദിയും വയറിളക്കവും അനുഭവപ്പെടുകയായിരുന്നു. ഉടൻതന്നെ കുട്ടികളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അഖിലേഷ് ധീവർ മരണപ്പെട്ടു.‘കഴിച്ചത് മുറിച്ചുവെച്ച തണ്ണിമത്തൻ’ പ്രാഥമിക വിവരങ്ങൾ അനുസരിച്ച് വീട്ടിൽ മുറിച്ചുവെച്ചിരുന്ന തണ്ണിമത്തനാണ് കുട്ടികൾ കഴിച്ചതെന്ന് ജില്ലാ ആശുപത്രി സിവിൽ സർജൻ ഡോ. എസ് കുജുർ പറഞ്ഞു. കുറച്ചു സമയത്തിന് ശേഷം അഖിലേഷിന് ഛർദ്ദിയും വയറിളക്കവും ശ്വാസതടസ്സവും അനുഭവപ്പെട്ടു. മറ്റ് മൂന്നു കുട്ടികളും സമാന ലക്ഷണങ്ങൾ പ്രകടിപ്പിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.രാവിലെ മുറിച്ചുവെച്ച തണ്ണിമത്തൻ മണിക്കൂറുകൾ കഴിഞ്ഞാണ് കഴിച്ചതെന്നും അതിനാൽ അത് മലിനമാകാനുള്ള സാധ്യതയുണ്ടെന്നും ഡോ. എസ് കുജുർ ചൂണ്ടിക്കാട്ടി. അതുകാരണം ഉണ്ടാകാവുന്ന ഭക്ഷ്യവിഷബാധ ആണ് കുട്ടികളെ ബാധിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലബോറട്ടറി പരിശോധനയ്ക്ക് ശേഷം മാത്രമേ മരണകാരണം സ്ഥിരീകരിക്കാനാകൂ. വീട്ടിൽ ഉണ്ടായിരുന്ന മറ്റൊരു തണ്ണിമത്തൻ ഭക്ഷ്യസുരക്ഷാ വിഭാഗം ലബോറട്ടറി പരിശോധനയ്ക്കായി അയച്ചു. 15കാരൻ്റെ ശരീര സാംപിൾ ഫൊറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ മുഴുവൻ കുടുംബാംഗങ്ങളെയും അയൽവാസികളെയും പരിശോധിക്കാൻ ജില്ലാ കളക്ടർ ആരോഗ്യ വിഭാഗത്തിന് നിർദേശം നൽകിയിട്ടുണ്ട്. മുംബൈയിൽ തണ്ണിമത്തൻ കഴിച്ച ദമ്പതികളും രണ്ട് പെൺമക്കളും മരണപ്പെട്ടുവെന്ന റിപ്പോർട്ടിന് പിന്നാലെയാണ് മറ്റൊരു സംഭവം ഉണ്ടാകുന്നത്. അതേസമയം മുംബൈയിൽ മരണപ്പെട്ടവരുടെ ശരീര സാംപിളുകൾ ഫൊറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ എലിവിഷത്തിൻ്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു