വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തില്‍ അമേരിക്കയ്ക്ക് ഏറ്റത് വന്‍ സാമ്പത്തിക പ്രഹരമെന്ന് വെളിപ്പെടുത്തല്‍. പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധഭീതി പടരുന്നതിനിടെ, ഇറാനുമായുള്ള ഏറ്റുമുട്ടലില്‍ ഇതുവരെ 2.44 ലക്ഷം കോടി രൂപ (29 ബില്യണ്‍ ഡോളര്‍) ചെലവായതായി പെന്റഗണ്‍ സമ്മതിച്ചു. ചൊവ്വാഴ്ച നടന്ന സെനറ്റ് കമ്മിറ്റി ഹിയറിങ്ങിലാണ് പെന്റഗണ്‍ കംപ്ട്രോളര്‍ ജൂള്‍സ് ഹര്‍സ്റ്റ് ഈ ഞെട്ടിക്കുന്ന കണക്ക് വെളിപ്പെടുത്തിയത്. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തും ഈ ഹിയറിംഗില്‍ പങ്കെടുത്തിരുന്നു.
പെന്റഗണ്‍ ഇപ്പോള്‍ പുറത്തുവിട്ട കണക്കുകള്‍ മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നാണ് വിമര്‍ശകര്‍ പറയുന്നത്. ഏപ്രില്‍ അവസാനം നല്‍കിയ റിപ്പോര്‍ട്ടില്‍ ഇത് 25 ബില്യണ്‍ ഡോളറായിരുന്നു. ആയുധങ്ങളുടെ അറ്റകുറ്റപ്പണികളും പ്രവര്‍ത്തനച്ചെലവും കാരണമാണ് തുക വര്‍ദ്ധിച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍, ഇറാന്‍ നടത്തിയ തിരിച്ചടിയില്‍ മിഡില്‍ ഈസ്റ്റിലുടനീളമുള്ള യുഎസ് സൈനിക താവളങ്ങള്‍ക്കുണ്ടായ ഭീകരമായ നാശനഷ്ടങ്ങള്‍ അമേരിക്ക ഇപ്പോഴും പുറത്തുവിട്ടിട്ടില്ല. യുദ്ധത്തിന്റെ ആകെ ചെലവ് ഒരു ട്രില്യണ്‍ ഡോളറോളം വരുമെന്നാണ് പ്രമുഖ ഹാര്‍വാര്‍ഡ് സാമ്പത്തിക ശാസ്ത്രജ്ഞ ലിന്‍ഡ ബില്‍മസ് വിലയിരുത്തുന്നത്.
മേഖലയില്‍ സമാധാനം കൊണ്ടുവരാന്‍ അമേരിക്ക മുന്നോട്ടുവെച്ച 14 ഇന നിര്‍ദ്ദേശങ്ങള്‍ ഇറാന്‍ പുല്ലുപോലെ തള്ളിയതോടെ വെടിനിര്‍ത്തല്‍ 'വെന്റിലേറ്ററിലാണെന്ന്' പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തുറന്നടിച്ചു. ഇറാന്റെ നിയന്ത്രണത്തിലുള്ള ഹോര്‍മുസ് കടലിടുക്കില്‍ കപ്പലുകള്‍ക്ക് സംരക്ഷണം നല്‍കാന്‍ യുഎസ് നാവികസേന വീണ്ടും ഇടപെടുമെന്ന മുന്നറിയിപ്പും ട്രംപ് നല്‍കിയിട്ടുണ്ട്. അമേരിക്കയും ഇസ്രായേലും ചേര്‍ന്ന് ഫെബ്രുവരി 28-ന് തുടങ്ങിയ യുദ്ധം ഏപ്രില്‍ എട്ടിലെ വെടിനിര്‍ത്തലോടെ ശാന്തമായതായിരുന്നു.
അമേരിക്കയുടെ ഭീഷണികള്‍ക്കിടയിലും ഹോര്‍മുസ് കടലിടുക്കില്‍ പിടിമുറുക്കി ഇറാന്‍ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. 'പേര്‍ഷ്യന്‍ ഗള്‍ഫ് സ്‌ട്രെയിറ്റ് അതോറിറ്റി' എന്ന പേരില്‍ പുതിയ സംവിധാനം രൂപീകരിച്ച് ഇറാന്‍ അവിടെ സ്വന്തം നിയമങ്ങള്‍ നടപ്പിലാക്കി. ഇനി ഈ ജലപാതയിലൂടെ പോകുന്ന കപ്പലുകള്‍ ഇറാനില്‍ നിന്ന് മുന്‍കൂട്ടി അനുമതി വാങ്ങുകയും നിശ്ചിത 'ടോള്‍' തുക അടയ്ക്കുകയും വേണം. അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തെ തന്നെ ബാധിക്കുന്ന ഇറാന്റെ ഈ നീക്കം ആഗോള വിപണിയില്‍ വലിയ ചലനങ്ങളുണ്ടാക്കും.
