പൊന്നുംവിലയിലെത്തി വിപണി തൂക്കി: വലിച്ചെറിയുന്ന ചിരട്ടയ്ക്ക് കിലോയ്ക്ക് 32 മുതല്‍ 35 വരെ കിട്ടും

പൊന്നുംവിലയിലെത്തി വിപണി തൂക്കി: വലിച്ചെറിയുന്ന ചിരട്ടയ്ക്ക് കിലോയ്ക്ക് 32 മുതല്‍ 35 വരെ കിട്ടും



തിരുവനന്തപുരം: തേങ്ങയെടുത്ത് ചിരട്ട വലിച്ചെറിയുന്ന കാലം കഴിഞ്ഞു. പൊന്നുംവിലയോടെ വിപണി തൂക്കി മുന്നേറുകയാണ് ചിരട്ട.

കിലോയ്ക്ക് 32 മുതല്‍ 35 വരെയാണ് മൊത്തക്കച്ചവടക്കാര്‍ നല്‍കുന്നത്. തമിഴ്നാട്ടില്‍ നിന്നും കര്‍ണാടകത്തില്‍ നിന്നുമുള്ള മൊത്തക്കച്ചവടക്കാരാണ് ചെറുകിട കച്ചവടക്കാരില്‍ നിന്ന് ചിരട്ട ശേഖരിക്കുന്നത്. പാഴ്വസ്തുക്കള്‍ ശേഖരിക്കുന്നവര്‍ പ്ലാസ്റ്റിക്കിനും കടലാസിനും മുമ്പേ ഇപ്പോള്‍ അന്വേഷിക്കുന്നതും ചിരട്ടയെയാണ്.

രണ്ടു വര്‍ഷം കൊണ്ട് ചിരട്ടയുടെ വില മൂന്നിരട്ടിയായാണ് വര്‍ധിച്ചത്. 10 മുതല്‍ 15 രൂപ വരെയാണ് ഉണ്ടായിരുന്നത്. കരിയായി ഉപയോഗിക്കാനും കരക‍ൗശല വസ്തുക്കള്‍, ആഭരണങ്ങള്‍ എന്നിവ നിർമിക്കാനുമാണ് ചിരട്ട കൂടുതലായി ഉപയോഗിക്കുന്നത്.

 വാട്ടര്‍ പ്യൂരിഫയറില്‍ വെള്ളം ശുദ്ധീകരിക്കാനും പ്ലൈവുഡ് മേഖലയില്‍ മരത്തിനോടൊപ്പം കൂട്ടി ശക്തി വര്‍ധിപ്പിക്കാനും ചിരട്ടക്കരി ഉപയോഗിക്കുന്നുണ്ട്.

സ്വർണപ്പണിക്കായും സ‍ൗന്ദര്യ വർധക വസ്തുക്കള്‍ നിർമിക്കാനും ചെടികള്‍ക്ക് വളമായും കരിയെടുക്കുന്നുണ്ട്. ദീര്‍ഘനേരം കത്തുന്നതിനായി ചന്ദനത്തിരി നിര്‍മാണത്തില്‍ ചിരട്ടപ്പൊടിയും ഉപയോഗിക്കുന്നു. 


ഗ്യാസ് സിലിണ്ടര്‍ ക്ഷാമത്തില്‍ വലയുന്ന ഹോട്ടല്‍ വ്യാപാരികളും വിറകുപയോഗം കൂട്ടിയതിനാല്‍ ചിരട്ടയെ ആശ്രയിക്കുന്നു.

അതേ സമയം, വിപണി അടക്കി വാണിരുന്ന തേങ്ങയുടെ വില ഇടിയുകയാണ്. പച്ചത്തേങ്ങ കിലോ ഗ്രാമിന് 80 രൂപ വരെയുണ്ടായിരുന്നത് 35 രൂപ വരെ താഴ്ന്നിരുന്നു. തമിഴ്നാട് ഉള്‍പ്പെടെയുള്ള ഇതര സംസ്ഥാനങ്ങളില്‍ തേങ്ങ ഉല്‍പ്പാദനം കൂടിയതും പശ്ചിമേഷ്യൻ സംഘർഷവും വിലയിടിവിന് കാരണമായി പറയുന്നു.