47 ദിവസം മുമ്പ് ട്രെയിന്‍ യാത്രയ്ക്കിടെ കാണാതായി; അഴുക്കു പുരണ്ട വേഷത്തില്‍ റോഡരികില്‍ ഭിക്ഷ യാചിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥി

47 ദിവസം മുമ്പ് ട്രെയിന്‍ യാത്രയ്ക്കിടെ കാണാതായി; അഴുക്കു പുരണ്ട വേഷത്തില്‍ റോഡരികില്‍ ഭിക്ഷ യാചിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥി



മുംബൈ: കാണാതായ മെഡിക്കല്‍ വിദ്യാര്‍ത്ഥിയെ ഭിക്ഷയാചിക്കുന്ന നിലയില്‍ കണ്ടെത്തി. 47 ദിവസം മുമ്പ് കാണാതായ അഭയ് സുരേഷിനെ (25) ആണ് മുംബൈ പോലിസ് തിരിച്ചറിഞ്ഞത്. തളര്‍ന്ന് അവശനായി അഴുക്കുപുരണ്ട വേഷത്തില്‍ റോഡരികില്‍ ഭിക്ഷയാചിക്കുകയായിരുന്നു യുവാവ്. വിറച്ചു കൊണ്ടു മെല്ലെ സംസാരിക്കുന്ന യുവാവിനോടു വിവരങ്ങള്‍ ചോദിച്ചപ്പോഴാണു മുംബൈ പൊലീസ് ആളെ തിരിച്ചറിഞ്ഞത്.

മഹാരാഷ്ട്ര നാന്ദേഡില്‍ നിന്നുള്ള മൂന്നാം വര്‍ഷ ഹോമിയോപ്പതി വിദ്യാര്‍ഥിയാണ് അഭയ്. ഇക്കഴിഞ്ഞ ഏപ്രില്‍ നാലിന് വീട്ടില്‍ നിന്നും കോളേജിലേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെയാണ് യുവാവിനെ കാണാതായത്. 300 കിലോമീറ്റര്‍ അകലെ ജല്‍ഗാവിലെ കോളജിലേക്കുള്ള യാത്രയില്‍ ഫോണും പണവും സര്‍ട്ടിഫിക്കറ്റുകളും അടങ്ങിയ ബാഗ് നഷ്ടപ്പെട്ടതായി അഭയ് പൊലീസിനോടു പറഞ്ഞു. മുന്‍പേ തന്നെ ചെറിയ രീതിയില്‍ മാനസിക ബുദ്ധിമുട്ട് നേരിട്ടിരുന്ന യുവാവിനു ബാഗ് പോയതോടെ മാനസിക സമ്മര്‍ദം കൂടി.

എന്തു ചെയ്യണമെന്ന അങ്കലാപ്പില്‍ ഏതൊക്കെ വഴി പോയെന്നോ ഏതെല്ലാം ട്രെയിനുകളില്‍ കയറിയെന്നോ അഭയിനു പറയാനാകുന്നില്ല. പലയിടത്തും കുടുംബം അന്വേഷിച്ചെങ്കിലും അഭയിനെ കണ്ടെത്താനായില്ല. ഈ സമയമെല്ലാം തുരുവുകളില്‍ അലയുകയായിരുന്നു അഭയ്. നാന്ദേഡില്‍ നിന്ന് 600 കിലോമീറ്റര്‍ അകലെയുള്ള മുംബൈയില്‍ എത്തിയപ്പോഴേക്കും തീര്‍ത്തും അവശനായി. വിശപ്പടക്കാന്‍ മുംബൈയിലെ മലാഡ് എസ്.വി റോഡില്‍ ഭിക്ഷയാചിക്കുകയായിരുന്നു.

അതിനിടെയാണു മുംബൈ പൊലീസിന്റെ ഭിക്ഷാടന വിരുദ്ധ സ്‌ക്വാഡ് പരിശോധനയ്‌ക്കെത്തിയതും യാദൃച്ഛികമായി അഭയിനെ കണ്ടെത്തിയതും. സകലപ്രതീക്ഷയും നഷ്ടപ്പെട്ടിരിക്കെ മുംബൈ പൊലീസിന്റെ സന്ദേശമെത്തിയ ഉടന്‍ അഭയിന്റെ അച്ഛന്‍ ഓടിയെത്തി, മകനെ തിരികെക്കൊണ്ടുപോകാന്‍.