ആണവക്കളിയില്‍ ഞെട്ടിച്ച് ഇറാന്‍; 60 ശതമാനത്തോളം സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരത്തിന്റെ നിയന്ത്രണം തങ്ങളുടെ കയ്യിലല്ലെന്ന് വെളിപ്പെടുത്തല്‍; ചര്‍ച്ചകളില്‍ ഇളവിനായി കെഞ്ചുന്നത് അമേരിക്ക എന്ന് വിദേശകാര്യ സഹമന്ത്രി; ഇന്ത്യയെ ചേര്‍ത്തുപിടിച്ച് ഹോര്‍മുസില്‍ ഇളവുകള്‍; ആണവായുധം ഉണ്ടാക്കില്ലെന്ന് ആവര്‍ത്തിക്കുമ്പോഴും ലോകരാജ്യങ്ങള്‍ ആശങ്കയില്‍!

ആണവക്കളിയില്‍ ഞെട്ടിച്ച് ഇറാന്‍; 60 ശതമാനത്തോളം സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരത്തിന്റെ നിയന്ത്രണം തങ്ങളുടെ കയ്യിലല്ലെന്ന് വെളിപ്പെടുത്തല്‍; ചര്‍ച്ചകളില്‍ ഇളവിനായി കെഞ്ചുന്നത് അമേരിക്ക എന്ന് വിദേശകാര്യ സഹമന്ത്രി; ഇന്ത്യയെ ചേര്‍ത്തുപിടിച്ച് ഹോര്‍മുസില്‍ ഇളവുകള്‍; ആണവായുധം ഉണ്ടാക്കില്ലെന്ന് ആവര്‍ത്തിക്കുമ്പോഴും ലോകരാജ്യങ്ങള്‍ ആശങ്കയില്‍!


ടെഹ്‌റാന്‍/ ന്യൂഡല്‍ഹി: ലോകരാജ്യങ്ങളെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് ഇറാന്‍ തങ്ങളുടെ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരത്തെക്കുറിച്ച് നിര്‍ണ്ണായക വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ്. തങ്ങളുടെ പക്കലുള്ള 60 ശതമാനത്തോളം സമ്പുഷ്ടീകരിച്ച യുറേനിയത്തിന്മേല്‍ നിലവില്‍ നിയന്ത്രണമില്ലെന്നാണ് ഇറാന്‍ വിദേശകാര്യ സഹമന്ത്രി കാസിം ഘരീബാബാദി വെളിപ്പെടുത്തിയത്.

അമേരിക്ക നടത്തിയ ബോംബാക്രമണങ്ങളില്‍ തകര്‍ന്ന ഭൂഗര്‍ഭ ആണവ കേന്ദ്രങ്ങള്‍ക്കടിയിലാണ് ഈ യുറേനിയം ശേഖരമെന്നും അതിനാല്‍ തന്നെ അതിന്റെ കാര്യത്തില്‍ ഇപ്പോള്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്ലാമാബാദില്‍ നടന്ന ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് അമേരിക്കയുടെ കടുംപിടുത്തങ്ങളെയും വിലപേശലുകളെയും തുറന്നുകാട്ടി ഇറാന്‍ രംഗത്തെത്തിയത്.

ആണവ വിഷയത്തില്‍ സമഗ്രമായ ചര്‍ച്ചകള്‍ക്ക് ഇറാന്‍ തയ്യാറാണെങ്കിലും അമേരിക്കയുടെ ഏകപക്ഷീയമായ നിലപാടുകളും പിടിവാശികളുമാണ് ചര്‍ച്ചകള്‍ വഴിമുട്ടാന്‍ കാരണമെന്ന് ഘരീബാബാദി കുറ്റപ്പെടുത്തി. സമ്പുഷ്ടീകരിച്ച യുറേനിയം, നിലവിലെ സ്റ്റോക്ക്‌പൈലുകള്‍, ആണവായുധം നിര്‍മ്മിക്കില്ലെന്ന ഇറാന്റെ പ്രഖ്യാപനം എന്നിവയായിരുന്നു പ്രധാന ചര്‍ച്ചാ വിഷയങ്ങള്‍.

എന്നാല്‍ ഇറാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടും അമേരിക്ക സ്വന്തം നിബന്ധനകള്‍ അടിച്ചേല്‍പ്പിക്കാനാണ് ശ്രമിച്ചത്. സമ്പുഷ്ടീകരിച്ച യുറേനിയം മുഴുവനായി യുഎസിന് കൈമാറണമെന്നും അടുത്ത 20 വര്‍ഷത്തേക്ക് ഇറാന്‍ യുറേനിയം സമ്പുഷ്ടീകരണം നടത്താന്‍ പാടില്ലെന്നുമായിരുന്നു വാഷിംഗ്ടണിന്റെ വാശി. എന്തിനാണ് തങ്ങളുടെ സമ്പാദ്യം അമേരിക്കയ്ക്ക് നല്‍കുന്നതെന്ന് ചോദിച്ച അദ്ദേഹം, രാജ്യത്തെ ഒറ്റുകൊടുക്കാന്‍ ഇറാന്റെ നേതാക്കള്‍ തയ്യാറല്ലെന്നും ഉറപ്പിച്ചു പറഞ്ഞു.

'ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം പൂര്‍ണമായും യുഎസിന് കൈമാറണമെന്നാണ് അമേരിക്ക ആവശ്യപ്പെട്ടത്. വരുന്ന 20 വര്‍ഷത്തേക്ക് ഇറാന്‍ യുറേനിയം സമ്പുഷ്ടീകരണം നടത്താന്‍ പാടില്ലെന്നും വാശിപിടിച്ചു. എന്തിനാണ് സമ്പുഷ്ടീകരിച്ച യുറേനിയം യുഎസിലേക്ക് കൊണ്ടുപോകുന്നത്? അതിന് എന്ത് ന്യായീകരണമാണ് ഉള്ളതെ'ന്നും അദ്ദേഹം ചോദ്യമുയര്‍ത്തുന്നു. രാജ്യത്തെ ഒറ്റുകൊടുക്കാന്‍ ഇറാന്റെ നേതാക്കള്‍ തയാറല്ലെന്നും അദ്ദേഹം നിലപാട് വ്യക്തമാക്കി.

'സമ്പുഷ്ടീകരിച്ച യുറേനിയം, അമേരിക്ക ബോംബിട്ട ആണവ കേന്ദ്രങ്ങള്‍ക്കടിയിലാണ്. അതിന്റെ കാര്യത്തില്‍ ഒന്നും ചെയ്യാന്‍ ഇനി സാധ്യമല്ല. അമേരിക്കയാണ് ഈ യുദ്ധം തുടങ്ങിയത്. അവര്‍ ലക്ഷ്യങ്ങളെന്ന് പറഞ്ഞത് നേടാനും കഴിഞ്ഞില്ല. ഇപ്പോള്‍ ഇറാനോട് ഇളവിനായി കെഞ്ചുന്നു. അടിച്ചേല്‍പ്പിക്കലാണ് ചര്‍ച്ചയിലെ അമേരിക്കന്‍ നയം, അല്ലാതെ സമവായമല്ല'- ഘരീബബാദി തുറന്നടിച്ചു

അമേരിക്കയുടെ ചര്‍ച്ചാ ശൈലി സമവായത്തിന്റേതല്ലെന്നും മറിച്ച് മറ്റുള്ളവരുടെ മേല്‍ ഉത്തരവിടുന്ന രീതിയാണെന്നും മന്ത്രി വിമര്‍ശിച്ചു. അമേരിക്കയാണ് ഈ യുദ്ധം തുടങ്ങിയതെന്നും എന്നാല്‍ അവര്‍ ലക്ഷ്യമിട്ട കാര്യങ്ങളൊന്നും നേടാന്‍ അവര്‍ക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം പരിഹസിച്ചു. നിലവിലെ വെടിനിര്‍ത്തലിനായി ഇറാനല്ല, മറിച്ച് വാഷിംഗ്ടണ്‍ ആണ് താല്‍പ്പര്യം പ്രകടിപ്പിച്ചത് എന്ന വെളിപ്പെടുത്തലും അദ്ദേഹം നടത്തി.

ഇന്ത്യയുമായുള്ള സൗഹൃദത്തിന് വലിയ പ്രാധാന്യം

അതേസമയം, സംഘര്‍ഷഭരിതമായ അന്തരീക്ഷത്തിലും ഇന്ത്യയുമായുള്ള സൗഹൃദത്തിന് ഇറാന്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. ആഗോളതലത്തില്‍ തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിലൂടെ ഇന്ത്യന്‍ കപ്പലുകള്‍ക്ക് ഇറാന്‍ ഇളവുകള്‍ അനുവദിച്ചു. ഇതിനോടകം 11 ഇന്ത്യന്‍ കപ്പലുകള്‍ സുരക്ഷിതമായി കടത്തിവിട്ടു കഴിഞ്ഞു. വരും ദിവസങ്ങളില്‍ കൂടുതല്‍ കപ്പലുകള്‍ക്ക് അനുമതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ രാജ്യങ്ങള്‍ക്കും ഈ ആനുകൂല്യം നല്‍കില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം ഇന്ത്യയെ ഒരു സുഹൃദ് രാജ്യമായാണ് ഇറാന്‍ കാണുന്നതെന്ന് ആവര്‍ത്തിച്ചു. രാജ്യാന്തര നിയമങ്ങള്‍ പാലിച്ച് ഹോര്‍മുസിലൂടെ കടന്നുപോകുന്ന കപ്പലുകളില്‍ നിന്ന് നിശ്ചിത തുക ഈടാക്കാന്‍ ഇറാന്‍ പദ്ധതിയിടുന്നുണ്ട്.

അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ നീക്കുകയും മരവിപ്പിച്ച ഇറാന്റെ ആസ്തികള്‍ വിട്ടുനല്‍കുകയും ചെയ്താല്‍ മാത്രമേ ഹോര്‍മുസ് പൂര്‍ണ്ണമായി തുറക്കൂ എന്നതാണ് ഇറാന്റെ നിലപാട്. ആണവായുധങ്ങള്‍ ഒരിക്കലും നിര്‍മ്മിക്കില്ലെന്ന ഇറാന്റെ അടിസ്ഥാന നയത്തില്‍ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്ക-ഇസ്രായേല്‍ സഖ്യം ഇറാനെതിരെ ആക്രമണം തുടങ്ങിയതോടെ രണ്ട് മാസം മുമ്പ് തുടങ്ങിയ യുദ്ധം മധ്യേഷ്യയെയും ആഗോള സമ്പദ്വ്യവസ്ഥയെയും ഇപ്പോഴും ബാധിച്ചുകൊണ്ടിരിക്കുകയാണ്. വെടിനിര്‍ത്തല്‍ നിലവിലുണ്ടെങ്കിലും ഇരുപക്ഷവും വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകാത്തത് വലിയൊരു ആശങ്കയായി തുടരുന്നു.