
ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയുടെ അഭിമാനമായ വന്ദേഭാരത് എക്‌സ്പ്രസില്‍ ടിക്കറ്റ് നല്‍കാമെന്ന് പറഞ്ഞ് യാത്രക്കാരനുമായി വിലപേശിയ ടിടിഇയ്ക്ക് പണി പാളി. കുറഞ്ഞ നിരക്കില്‍ സീറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച ഉദ്യോഗസ്ഥനെ ഇന്ത്യന്‍ റെയില്‍വേ സസ്‌പെന്‍ഡ് ചെയ്തു. സോഷ്യല്‍ മീഡിയയില്‍ ഈ 'കച്ചവടത്തിന്റെ' ദൃശ്യങ്ങള്‍ കാട്ടുതീ പോലെ പടര്‍ന്നതോടെയാണ് അധികൃതര്‍ മിന്നല്‍ വേഗത്തില്‍ നടപടിയെടുത്തത്.
ഔദ്യോഗികമായി 700 രൂപയോളം ചാര്‍ജുള്ള യാത്രയ്ക്കാണ് ടിടിഇ തന്റെ സ്വന്തം നിരക്കായ 380 രൂപ വാഗ്ദാനം ചെയ്തത്. യാത്രക്കാരനോട് സംസാരിക്കുന്നതിനിടയില്‍, ഇത്തരമൊരു ഇടപാട് നിയമപരമായി അനുവദനീയമല്ലെന്ന് ഇയാള്‍ തന്നെ സമ്മതിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. വന്ദേഭാരത് പോലുള്ള പ്രീമിയം ട്രെയിനുകളില്‍ പോലും പഴയ രീതിയിലുള്ള അഴിമതി തുടരാന്‍ ശ്രമിച്ചതാണ് റെയില്‍വേയെ ചൊടിപ്പിച്ചത്.
വീഡിയോ വൈറലായതോടെ റെയില്‍വേയും ദാനാപൂര്‍ ഡിആര്‍എം വിഭാഗവും ഉടന്‍ തന്നെ വിഷയത്തില്‍ ഇടപെട്ടു. അഴിമതിയുടെയും അധികാര ദുരുപയോഗത്തിന്റെയും ഉദാഹരണമാണ് ഈ ഉദ്യോഗസ്ഥനെന്ന് വീഡിയോയ്ക്ക് താഴെ കമന്റുകളുടെ പ്രവാഹമായിരുന്നു. റെയില്‍വേയുടെ നിയമപ്രകാരം വെയ്റ്റിംഗ് ലിസ്റ്റിലുള്ളവര്‍ക്കോ ഒഴിവുള്ള സീറ്റുകളോ അനുവദിക്കാന്‍ ടിടിഇമാര്‍ക്ക് അധികാരമുണ്ടെങ്കിലും, നിശ്ചിത നിരക്കില്‍ മാറ്റം വരുത്തി പണം വാങ്ങുന്നത് ഗുരുതരമായ ചട്ടലംഘനമാണ്.
സസ്‌പെന്‍ഷന് പിന്നാലെ ടിടിഇയ്‌ക്കെതിരെ വിശദമായ അന്വേഷണത്തിനും റെയില്‍വേ ഉത്തരവിട്ടിട്ടുണ്ട്. ഉദ്യോഗസ്ഥന്‍ യാത്രക്കാരനെ സഹായിക്കാന്‍ ശ്രമിച്ചതാണെന്ന വാദം ചിലര്‍ ഉയര്‍ത്തുന്നുണ്ടെങ്കിലും, ഔദ്യോഗിക രസീത് ഇല്ലാതെ പണം വാങ്ങുന്നത് അഴിമതിയായി തന്നെ കാണണമെന്നാണ് റെയില്‍വേയുടെ നിലപാട്. വരും ദിവസങ്ങളില്‍ ഇത്തരം 'സീറ്റ് കച്ചവടക്കാര്‍ക്കെതിരെ' കൂടുതല്‍ കര്‍ശനമായ നടപടികള്‍ ഉണ്ടാകുമെന്നുറപ്പാണ്.
