രണ്ട് മന്ത്രിസ്ഥാനം വേണം; വിട്ടുവീഴ്ചക്കില്ലാതെ കേരള കോൺഗ്രസ്, യുഡിഎഫിൽ തർക്കം മുറുകുന്നു

രണ്ട് മന്ത്രിസ്ഥാനം വേണം; വിട്ടുവീഴ്ചക്കില്ലാതെ കേരള കോൺഗ്രസ്, യുഡിഎഫിൽ തർക്കം മുറുകുന്നു 



തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭാ രൂപീകരണ ചർച്ചകളിൽ തങ്ങൾക്ക് അർഹമായ പരിഗണന ലഭിച്ചില്ലെന്ന ആക്ഷേപവുമായി കേരള കോൺഗ്രസ് ജോസഫ് വിഭാഗം രംഗത്ത് (Kerala Congress Joseph Faction UDF Cabinet). നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച എട്ട് സീറ്റുകളിൽ ഏഴിടത്തും വിജയിച്ച മികച്ച സ്ട്രൈക്ക് റേറ്റ് ചൂണ്ടിക്കാട്ടി രണ്ട് മന്ത്രിസ്ഥാനങ്ങൾ വേണമെന്ന ഉറച്ച നിലപാടിലാണ് പി.ജെ. ജോസഫ് ഒപ്പമുള്ള പാർട്ടി നേതൃത്വം. എന്നാൽ ഒരു മന്ത്രിപദവിയും ചീഫ് വിപ്പ് സ്ഥാനവും മാത്രം നൽകാമെന്ന കോൺഗ്രസ് നിലപാടാണ് പാർട്ടിയെ ചൊടിപ്പിച്ചിരിക്കുന്നത്.

കോൺഗ്രസ് മുന്നോട്ടുവെച്ച ഈ ഫോർമുല അംഗീകരിക്കാൻ കേരള കോൺഗ്രസ് തയ്യാറായിട്ടില്ല. കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് കെ.എം. മാണിയും പി.ജെ. ജോസഫും മന്ത്രിമാരാവുകയും പി.സി. ജോർജിനെ ചീഫ് വിപ്പാക്കുകയും ചെയ്ത മാതൃക ഇത്തവണയും പിന്തുടരണമെന്നാണ് ഇവരുടെ ആവശ്യം. കൂടാതെ റവന്യൂ, ജലസേചനം എന്നീ സുപ്രധാന വകുപ്പുകൾ വേണമെന്നും പാർട്ടി ആവശ്യപ്പെടുന്നുണ്ട്. സീറ്റ് വിഭജന വേളയിൽ പാർട്ടി കാണിച്ച വിട്ടുവീഴ്ചകൾ ഹൈക്കമാൻഡ് പരിഗണിക്കണമെന്നും റവന്യൂ വകുപ്പുകൾ നൽകാൻ കോൺഗ്രസ് തയ്യാറാകണമെന്നുമാണ് കേരള കോൺഗ്രസ് നേതാക്കളുടെ നിലപാട്. കെപിസിസി ആസ്ഥാനത്ത് അന്തിമ മന്ത്രിപ്പട്ടികയ്ക്കായുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടയിൽ കേരള കോൺഗ്രസിന്റെ ഈ കടുത്ത നിലപാട് യുഡിഎഫ് നേതൃത്വത്തിന് വലിയ തലവേദനയാകുന്നുണ്ട്