മലപ്പുറത്ത് ഇടിമിന്നലേറ്റ് നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം! മങ്കട പന്തല്ലൂര്‍ മലയില്‍ വ്യൂ പോയിന്റ് സന്ദര്‍ശനത്തിനിടെ മിന്നലേറ്റത് ഏഴ് വിദ്യാര്‍ത്ഥികള്‍ക്ക്; പുനലൂരില്‍ ടോറസ് ലോറിക്കുള്ളില്‍ ഇരിക്കവേ മണ്‍തിട്ട ഇടിഞ്ഞുവീണ് യുവാവിന് ദാരുണാന്ത്യം

മലപ്പുറത്ത് ഇടിമിന്നലേറ്റ് നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം! മങ്കട പന്തല്ലൂര്‍ മലയില്‍ വ്യൂ പോയിന്റ് സന്ദര്‍ശനത്തിനിടെ മിന്നലേറ്റത് ഏഴ് വിദ്യാര്‍ത്ഥികള്‍ക്ക്; പുനലൂരില്‍ ടോറസ് ലോറിക്കുള്ളില്‍ ഇരിക്കവേ മണ്‍തിട്ട ഇടിഞ്ഞുവീണ് യുവാവിന് ദാരുണാന്ത്യം



മലപ്പുറം: മലപ്പുറം മങ്കടയില്‍ ഇടിമിന്നലേറ്റ് നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം. പന്തല്ലൂര്‍ മലയിലാണ് അപകടമുണ്ടായത്. ഏഴ് വിദ്യാര്‍ത്ഥികള്‍ക്കാണ് മിന്നലേറ്റത്. വ്യൂ പോയിന്റ് സന്ദര്‍ശനത്തിനിടെയാണ് ദുരന്തം. ഫഹദ്, സിയാദ്, റഹീസ് എന്നിവരാണ് മരിച്ചവരില്‍ മൂന്ന് പേര്‍. മൂന്ന് വിദ്യാര്‍ത്ഥികള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

അതേ സമയം പുനലൂര്‍ നെല്ലിപ്പള്ളിയില്‍ സര്‍വീസ് സ്റ്റേഷന് സമീപം മണ്‍തിട്ട ഇടിഞ്ഞുവീണ് ഒരാള്‍ മരിച്ചു. പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന ഹൈവേയ്ക്ക് സമീപമുള്ള പെട്രോള്‍ പമ്പില്‍ അടുത്തുള്ള സര്‍വീസ് സ്റ്റേഷനിലാണ് സംഭവം. പുനലൂര്‍ പിറവന്തൂല്‍ വന്‍മള സ്വദേശി ഷിജു ആണ് മരിച്ചത്. ഇദ്ദേഹം സര്‍വീസ് സ്റ്റേഷന്‍ തൊഴിലാളിയാണ്. സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ടോറസിന് മുകളിലേക്കാണ് സര്‍വീസ് സ്റ്റേഷന്റെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്ന് വീണത്.

കനത്തമഴയും കാറ്റുമുണ്ടായപ്പോള്‍ സര്‍വീസ് സ്റ്റേഷനു സമീപം നിര്‍ത്തിയിട്ടിരുന്ന ടോറസ് ലോറിയുടെ കാബിനില്‍ കയറി ഇരിക്കുകയായിരുന്നു ഷിജു. പിന്നാലെ മണ്‍തിട്ട ഇടിഞ്ഞ് ലോറിക്കും സര്‍വീസ് സ്റ്റേഷനും മുകളിലേക്ക് വീഴുകയായിരുന്നു. പുനലൂര്‍ അഗ്‌നിരക്ഷാസേന ഒന്നരമണിക്കൂറിലേറെ ശ്രമിച്ചാണ് മണ്ണുനീക്കി ഷിജുവിനെ കണ്ടെത്തിയത്. ലോറിയുടെ കാബിന്‍ വെട്ടിപ്പൊളിച്ചാണ് ഷിജുവിനെ പുറത്തെടുത്തത്. മണ്ണിടിച്ചിലില്‍ സര്‍വീസ് സ്റ്റേഷനും പൂര്‍ണമായി തകര്‍ന്നു.

അതേ സമയം മേയ് 14 മുതല്‍ 16 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റുവീശാനും സാധ്യതയുണ്ട്.

ഈ ആഴ്ച അവസാനത്തോടെ തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ ചില ഭാഗങ്ങള്‍, ആന്‍ഡമാന്‍ കടല്‍, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങളില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം എത്തിയേക്കും. തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം (Low-Pressure Area) നിലനില്‍ക്കുന്നുണ്ടെന്നും അടുത്ത 48 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദം കൂടുതല്‍ ശക്തിപ്പെടാന്‍ സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നല്‍കി.

തെക്കന്‍ കര്‍ണാടകയ്ക്ക് മുകളിലായി സമുദ്രനിരപ്പില്‍ നിന്ന് 5.8 കിലോമീറ്റര്‍ ഉയരത്തില്‍ മറ്റൊരു ചക്രവാതച്ചുഴി നിലനില്‍ക്കുന്നു. അടുത്ത 5 ദിവസങ്ങളില്‍ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്