കെ സി വേണുഗോപാല്‍ 'പെട്ടിതൂക്കി'യല്ല; പയ്യന്നൂരിലെ പാര്‍ട്ടി ഗ്രാമത്തില്‍ തല്ലുകൊണ്ട് വളര്‍ന്ന നേതാവാണ്! ഷാഫിയെ വടകരയില്‍ കാലുകുത്തിക്കില്ലെന്ന് പറയുന്നവര്‍ ആരെ സഹായിക്കാന്‍? മാത്യു കുഴല്‍നാടനെ തോല്‍പ്പിക്കാന്‍ നോക്കുന്നത് പിണറായിയുടെ ബി ടീമോ? രമേശ് ചെന്നിത്തലയുടെ കത്തും കെ സിയുടെ പിന്തുണയും; സതീശന്‍ യുഗത്തിന് തുടക്കമാകുമ്പോള്‍ കുത്തിത്തിരിപ്പുകള്‍ക്ക് മറുപടിയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

കെ സി വേണുഗോപാല്‍ 'പെട്ടിതൂക്കി'യല്ല; പയ്യന്നൂരിലെ പാര്‍ട്ടി ഗ്രാമത്തില്‍ തല്ലുകൊണ്ട് വളര്‍ന്ന നേതാവാണ്! ഷാഫിയെ വടകരയില്‍ കാലുകുത്തിക്കില്ലെന്ന് പറയുന്നവര്‍ ആരെ സഹായിക്കാന്‍? മാത്യു കുഴല്‍നാടനെ തോല്‍പ്പിക്കാന്‍ നോക്കുന്നത് പിണറായിയുടെ ബി ടീമോ? രമേശ് ചെന്നിത്തലയുടെ കത്തും കെ സിയുടെ പിന്തുണയും; സതീശന്‍ യുഗത്തിന് തുടക്കമാകുമ്പോള്‍ കുത്തിത്തിരിപ്പുകള്‍ക്ക് മറുപടിയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍



തിരുവനന്തപുരം: കേരളത്തില്‍ പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഒരു യുഡിഎഫ് സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍, ഇത് ഓരോ കോണ്‍ഗ്രസ്-ലീഗ് പ്രവര്‍ത്തകന്റെയും സ്വപ്നസാക്ഷാത്കാരമാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍. ഉമ്മന്‍ചാണ്ടിക്ക് ശേഷം കോണ്‍ഗ്രസില്‍ നിന്നൊരു മുഖ്യമന്ത്രി എന്ന നിലയില്‍ വി.ഡി. സതീശന്‍ അധികാരമേല്‍ക്കുമ്പോള്‍, പാര്‍ട്ടിക്കുള്ളിലെ ചേരിതിരിവുകള്‍ക്കും സൈബര്‍ ആക്രമണങ്ങള്‍ക്കുമെതിരെ ശക്തമായ ഭാഷയിലാണ് രാഹുല്‍ തന്റെ വീഡിയോയില്‍ പ്രതികരിച്ചത്.

സതീശന്റെ വരവും കെ.സി. വേണുഗോപാലിന്റെ നിലപാടും

ഒരു വിഭാഗം മാധ്യമങ്ങളും രാഷ്ട്രീയ എതിരാളികളും ചില സമുദായ നേതാക്കളും എഴുതിത്തള്ളിയ വി.ഡി. സതീശന്‍ കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി മാറിയത് ചരിത്രപരമായ നീക്കമാണെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരെ ഉയരുന്ന 'കുത്തിത്തിരിപ്പ്' ചോദ്യങ്ങള്‍ക്ക് അദ്ദേഹം നല്‍കിയ മറുപടി മാതൃകാപരമാണ്. വി.ഡി. സതീശന് തന്റെ പൂര്‍ണ്ണ പിന്തുണയുണ്ടെന്നും ഹൈക്കമാന്‍ഡ് തീരുമാനം നടപ്പിലാക്കുകയാണ് തന്റെ ഉത്തരവാദിത്തമെന്നും കെ.സി വ്യക്തമാക്കിയത് പാര്‍ട്ടിയുടെ ഐക്യത്തെയാണ് സൂചിപ്പിക്കുന്നതെന്ന് രാഹുല്‍ പറയുന്നു.

നേതാക്കളെ അധിക്ഷേപിക്കുന്ന പ്രവണതയ്ക്കെതിരെ

മുഖ്യമന്ത്രി പദവിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയിലും മറ്റും നടന്ന അധിക്ഷേപങ്ങള്‍ കോണ്‍ഗ്രസ് സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്ന് രാഹുല്‍ ഓര്‍മ്മിപ്പിച്ചു. വി.ഡി. സതീശന്‍, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാല്‍ എന്നീ മൂന്ന് നേതാക്കളും മുഖ്യമന്ത്രിയാകാന്‍ ഒരുപോലെ യോഗ്യരായിരുന്നു. എന്നാല്‍ ഇതിന്റെ പേരില്‍ നേതാക്കളുടെ ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ കത്തിക്കുന്നതും മുഖത്ത് തുപ്പുന്നതും ജനാധിപത്യവിരുദ്ധമാണ്. രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും പോലും ആക്ഷേപിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയത് ദൗര്‍ഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു.

കെ.സി. വേണുഗോപാലിനെതിരെയുള്ള 'പെട്ടിതൂക്കി' പ്രയോഗം

കെ.സി. വേണുഗോപാലിനെ 'നൂലില്‍ കെട്ടിയിറക്കിയവന്‍' എന്നും 'പെട്ടിതൂക്കി' എന്നും വിളിക്കുന്നവര്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ ചരിത്രം മറക്കരുത്. കെ.എസ്.യു കാലം മുതല്‍ പോരാടി വളര്‍ന്ന നേതാവാണദ്ദേഹം. ആലപ്പുഴയില്‍ കോണ്‍ഗ്രസിന് ജയിക്കാന്‍ പ്രയാസമുള്ള മണ്ഡലങ്ങളില്‍ നിന്ന് ജനവിധി തേടി വിജയിച്ച വ്യക്തിയാണെന്നും, ഏതെങ്കിലും സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങാത്ത നേതാവാണ് കെ.സി എന്നും രാഹുല്‍ ന്യായീകരിച്ചു. പാര്‍ട്ടിയുടെ പരാജയങ്ങളില്‍ മാത്രം കെ.സിയെ ക്രൂശിക്കുന്ന പ്രവണത അവസാനിപ്പിക്കണം.

സന്ദീപ് വാര്യരും ഷാഫി പറമ്പിലും നേരിടുന്ന ആക്രമണങ്ങള്‍

ബിജെപിയുടെ വിദ്വേഷ രാഷ്ട്രീയം ഉപേക്ഷിച്ച് കോണ്‍ഗ്രസിലേക്ക് വന്ന സന്ദീപ് വാര്യരെയും, വടകരയില്‍ പോരാടി വിജയിച്ച ഷാഫി പറമ്പിലിനെയും സ്വന്തം അണികള്‍ തന്നെ അധിക്ഷേപിക്കുന്നത് സി.പി.എമ്മിനും ബി.ജെ.പിക്കും എളുപ്പവഴി ഒരുക്കിക്കൊടുക്കലാവുമെന്ന് രാഹുല്‍ മുന്നറിയിപ്പ് നല്‍കി. മാത്യു കുഴല്‍നാടന്‍, എം. ലിജു തുടങ്ങിയ നേതാക്കളെ തോല്‍പ്പിക്കണമെന്ന് പറയുന്നവര്‍ യഥാര്‍ത്ഥത്തില്‍ പാര്‍ട്ടിയെയാണ് തകര്‍ക്കുന്നത്.

ഐക്യത്തിനായുള്ള ആഹ്വാനം

'പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട ഒരാളായിരുന്നിട്ടും, പാര്‍ട്ടി കാണിച്ചത് നീതിയല്ലെന്ന് ബോധ്യമുണ്ടായിട്ടും ഞാന്‍ പാര്‍ട്ടിക്കൊപ്പം നില്‍ക്കുന്നത് ഇത് എന്റെ പ്രസ്ഥാനമായതുകൊണ്ടാണ്,' എന്ന് രാഹുല്‍ വികാരാധീനനായി പറഞ്ഞു. പത്ത് വര്‍ഷം തെരുവില്‍ സമരം ചെയ്തും കള്ളക്കേസുകള്‍ നേരിട്ടും നേടിയെടുത്ത ഈ വിജയം ആഘോഷിക്കാനുള്ളതാണ്. ഇനിയെങ്കിലും പാര്‍ട്ടിക്കുള്ളിലെ 'ഹേറ്റ് പൊളിറ്റിക്‌സ്' അവസാനിപ്പിക്കണം.

വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചപ്പോള്‍ അദ്ദേഹത്തിന് പിന്തുണയുമായി ആദ്യം കത്ത് നല്‍കിയത് രമേശ് ചെന്നിത്തലയാണെന്നത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ സൗന്ദര്യമാണെന്നും, ആ സ്പിരിറ്റ് പ്രവര്‍ത്തകര്‍ ഉള്‍ക്കൊള്ളണമെന്നും പറഞ്ഞാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ തന്റെ വാക്കുകള്‍ അവസാനിപ്പിച്ചത്.

രാഹുലിന്റെ വാക്കുകള്‍:

കഴിഞ്ഞ 10 വര്‍ഷക്കാലമായിട്ടുള്ള കേരളത്തിലെ ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെയും ഓരോ ലീഗ് പ്രവര്‍ത്തകന്റെയും ഓരോ യുഡിഎഫ് പ്രവര്‍ത്തകന്റെയും ഏറ്റവും വലിയ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ട ദിവസമാണ് ഇന്ന്

കേരളത്തില്‍ ഉമ്മന്‍ചാണ്ടി സാറിന് ശേഷം കോണ്‍ഗ്രസിന്റെ യുഡിഎഫിന്റെ മുഖ്യമന്ത്രി ഉണ്ടായിരിക്കുകയാണ്. ഒരുപറ്റം മാധ്യമ പ്രവര്‍ത്തകരും ഇടതുപക്ഷവും ബിജെപിയും ചില സമുദായ നേതാക്കന്മാരും ഒക്കെ വനവാസം കല്‍പ്പിച്ച വടശ്ശേരി ദാമോദരന്‍ മകന്‍ സതീശന്‍ എന്ന ശ്രീ വിഡി സതീശന്‍ കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായിരിക്കുന്നു.


നമ്മള്‍ തെരഞ്ഞെടുപ്പിന്റെ സമയത്താണ് ഇത്തരത്തിലുള്ള വീഡിയോകളുമായി പരസ്പരം സംബന്ധിച്ചത്. ഇന്നിപ്പോ ഈ വീഡിയോ ചെയ്യാനുള്ള പ്രധാനപ്പെട്ട കാരണം ഞാന്‍ ഡല്‍ഹിയില്‍ നിന്നുള്ള കെ സി വേണുഗോപാലിന്റെ ഒരു പത്രസമ്മേളനമാണ്. ആ പത്രസമ്മേളനത്തില്‍ ആവര്‍ത്തിച്ചുള്ള കുത്തിത്തിരിപ്പ് ചോദ്യങ്ങള്‍ക്ക് അദ്ദേഹം മനോഹരമായി മറുപടി പറഞ്ഞു. അദ്ദേഹം പറഞ്ഞു ശ്രീ വിഡി സതീശന് എന്റെ പൂര്‍ണമായ പിന്തുണയുണ്ട്, ഹൈക്കമാന്‍ഡ് എടുത്ത തീരുമാനം നടപ്പിലാക്കുക എന്നുള്ളതാണ് എന്റെ ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്വം.

ഇത് പറഞ്ഞു തീരുന്നതിനു മുമ്പ് ഒരു മാധ്യമ പ്രവര്‍ത്തകന്‍ കുത്തിത്തിരിപ്പ് ചോദ്യം ചോദിച്ചു: 'അല്ല കെസി, നിയമസഭാ കക്ഷിയില്‍ അങ്ങേക്കായിരുന്നില്ലേ ഭൂരിപക്ഷം? എന്നിട്ടും ഇതൊരു സ്വാഭാവികമായ നീതിയുടെ ലംഘനമല്ലേ നടന്നിരിക്കുന്നത്?' കെസി ഇത് കേട്ടിട്ട് ചിരിച്ചിട്ടങ്ങ് നടന്നുപോയി

എന്റെ മനസ്സില്‍ തോന്നിയ ചോദ്യം മെമ്പര്‍ താഹിറിന്റെ ചോദ്യമാണ്; ഞാന്‍ ആവര്‍ത്തിക്കുന്നില്ല. എങ്കിലും മറ്റൊരു ചോദ്യം ചോദിക്കാം: ഇതേ കെസിയെ തന്നെ മുഖ്യമന്ത്രിയാക്കുന്നു എന്ന വാര്‍ത്ത വന്നപ്പോള്‍ ഹൈക്കമാന്‍ഡ് നൂലില്‍ കെട്ടിയിറക്കാന്‍ ശ്രമിക്കുന്നു എന്ന വാര്‍ത്ത കൊടുത്ത ആളുകള്‍ക്ക് ഇപ്പോള്‍ നീതിനിഷേധം എന്ന് പറയാന്‍ ചില്ലറ ഉളുപ്പൊന്നും പോരാ.

ഇനി എനിക്ക് പറയാനായിട്ടുള്ളത് ലീഗിന്റെയും കോണ്‍ഗ്രസിന്റെയും പ്രവര്‍ത്തകന്മാരോടാണ്. ചില മാധ്യമ പ്രവര്‍ത്തകരുടെ പ്രധാനപ്പെട്ട പണി എന്ന് പറയുന്നത് കുത്തിത്തിരിപ്പാണ്; അതിന് നമ്മുടെ നേതാക്കന്മാര്‍ പലപ്പോഴും നിന്നു കൊടുക്കാറുണ്ട്, നിന്നുകൊടുക്കാതിരിക്കേണ്ട ബാധ്യത നമ്മള്‍ പ്രവര്‍ത്തകര്‍ക്കുണ്ട്.

കഴിഞ്ഞ 10 ദിവസമായിട്ട് എന്താ കേരളത്തില്‍ നടക്കുന്നത്? മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളുടെ ഭാഗമായി ചില പ്രവര്‍ത്തകര്‍ എന്നെയും വിളിച്ചു ചോദിച്ചു എന്താ നിങ്ങളുടെ അഭിപ്രായം എന്ന്. ഞാന്‍ ഒരു അഭിപ്രായവും പറഞ്ഞില്ല, കാരണം എന്റെ അഭിപ്രായത്തിന്റെ പേരില്‍ ആരെങ്കിലും തമ്മില്‍ തര്‍ക്കം ഉണ്ടാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. മാത്രമല്ല എന്റെ അഭിപ്രായത്തിന് ഏതെങ്കിലും തരത്തിലുള്ള പ്രസക്തി ഉണ്ട് എന്ന് ഞാന്‍ വിചാരിക്കുന്നുമില്ല. അഭിപ്രായങ്ങള്‍ പാര്‍ട്ടിയില്‍ ഉണ്ടെങ്കില്‍ ആ ഫോറത്തിലാണ് പറയേണ്ടതെന്നാണ് എന്റെ വിശ്വാസവും

ഈ മൂന്ന് നേതാക്കന്മാരില്‍ മൂന്നുപേരും മുഖ്യമന്ത്രിയാകാന്‍ യോഗ്യരല്ലേ? ആര്‍ക്കെങ്കിലും യോഗ്യതയില്ലായ്മയോ അധിക യോഗ്യതയോ ഉള്ളതായിട്ട് ഞാന്‍ വിചാരിക്കുന്നില്ല. അതിന്റെ പേരില്‍ എന്തെല്ലാം കാണാന്‍ പാടില്ലാത്ത കാഴ്ചകള്‍ നമ്മള്‍ കണ്ടു. ഉമ്മന്‍ ചാണ്ടി സാറിന്റെയും കെസി വേണുഗോപാലിന്റെയും പടമുള്ള ഫ്‌ലക്‌സ് ബോര്‍ഡ് കത്തിക്കുകയാണ്. ഉമ്മന്‍ചാണ്ടി സാര്‍ കത്തുന്നത് കാണുന്നത് കോണ്‍ഗ്രസുകാരനാ. വിഡി സതീശന്റെ പടമുള്ള ഫ്‌ലക്‌സില്‍ അദ്ദേഹത്തിന്റെ മുഖത്ത് തുപ്പുക; വിഡി സതീശന്റെ മുഖത്ത് തുപ്പുന്നത് കോണ്‍ഗ്രസ് സംസ്‌കാരമാണോ? ഇതിലൊക്കെ കോണ്‍ഗ്രസ് തിരിച്ചു വരണമെന്ന് ആഗ്രഹിക്കുന്നവരാണോ എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല

ഞാന്‍ ഇനിയും പറയാന്‍ പോകുന്ന ചില കാര്യങ്ങള്‍ ഒരു പോപ്പുലര്‍ ഒപ്പീനിയന്‍ ആണെന്ന് എനിക്ക് തോന്നുന്നില്ല. മാത്രമല്ല അങ്ങനെ കൈയടിക്ക് വേണ്ടിട്ട് എപ്പോഴും അഭിപ്രായം പറയുന്ന ഒരാളല്ല ഞാന്‍; ചിലപ്പോള്‍ ചില ആളുകള്‍ തെറിവിളിച്ചേക്കാം. സിപിഎമ്മിന്റെയും ബിജെപിക്കാരന്റെയും നിരന്തരമായി തെറിവിളി കേള്‍ക്കുന്ന ഒരാളാണ് ഞാന്‍. ഇനി നമ്മുടെ കൂട്ടത്തിലുള്ള ആരെങ്കിലും തെറിവിളിച്ചാലും ഒരു വിഷമം ഉണ്ടാകുമെന്നല്ലാതെ തഴമ്പിച്ചു പോയതുകൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല. മാത്രമല്ല ഇത് ഇപ്പോഴെങ്കിലും പറയണം; നേരത്തെ പറഞ്ഞാല്‍ പറയും മുഖ്യമന്ത്രി ആക്കാന്‍ വേണ്ടിയിട്ടുള്ള ശ്രമമാണ്, ലോബിയാണ് അല്ലെങ്കില്‍ മുഖ്യമന്ത്രിയുടെ പ്രീതി പറ്റാനാണെന്ന്. ഇന്ന് പറഞ്ഞാല്‍ അങ്ങനെയൊന്നും ഉണ്ടാകില്ല എന്നുള്ള ബോധ്യം ഉള്ളതുകൊണ്ടാണ് പറയുന്നത്. മാത്രമല്ല ഇത് പറയാന്‍ ഏറ്റവും യോഗ്യന്‍ ഞാനാ.

കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ സമരം ചെയ്തതിന്റെ പേരില്‍ ഏറ്റവുമധികം തവണ ജയിലില്‍ അടക്കപ്പെട്ടവരില്‍ ഒരാളാണ് ഞാന്‍. ജീവിതത്തില്‍ സത്യസന്ധമായി പറയുന്നു, ജീവിതത്തില്‍ ചെയ്തിട്ടില്ലാത്ത തെറ്റിന്റെ പേരില്‍ കള്ളക്കേസ് എടുത്ത് എന്നെയും എന്റെ കുടുംബത്തെയും അപമാനിച്ച് വളഞ്ഞിട്ട് എന്നെ ജയിലില്‍ അടച്ച ഒരു സര്‍ക്കാരാണിത്. ആ സര്‍ക്കാരിനെതിരെ പ്രതികരിച്ച ഒരാളാണ് ഞാന്‍, അതുകൊണ്ട് കറകളഞ്ഞ കോണ്‍ഗ്രസുകാരന്‍ തന്നെയാണ് ഞാന്‍, എനിക്ക് അഭിപ്രായം പറയാന്‍ ഒരു മടിയുമില്ല

ശ്രീ കെ സി വേണുഗോപാല്‍ ഇത്രയേറെ അധിക്ഷേപിക്കപ്പെടുവാന്‍, ഇത്രയേറെ അപമാനിക്കപ്പെടുവാന്‍, അപഹസിക്കപ്പെടുവാന്‍, ശപിക്കപ്പെടുവാന്‍ എന്താണ് അദ്ദേഹം ചെയ്ത തെറ്റ്? അദ്ദേഹം പൊതുവിടത്തിലേക്ക് വന്ന് ഏതെങ്കിലും നേതാക്കന്മാരെ അപമാനിച്ചോ? അദ്ദേഹം മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിച്ചിട്ടുണ്ടാകാം, വിഡി ആഗ്രഹിച്ചിട്ടുണ്ടാകാം, ആര്‍സി ആഗ്രഹിച്ചിട്ടുണ്ടാകാം; എന്താ തെറ്റ്?

വിഡി സതീശനും രമേശ് ചെന്നിത്തലയും കെസി വേണുഗോപാലും മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിച്ചിട്ടുണ്ടെങ്കിലും അതിനുവേണ്ടി ശ്രമിച്ചിട്ടുണ്ടെങ്കിലും ഒരു തെറ്റുമില്ല. നമുക്ക് ഓരോരുത്തര്‍ക്കും നമ്മുടെ ഇഷ്ടം അനുസരിച്ച് വിഡി മുഖ്യമന്ത്രി ആകട്ടെ എന്നോ ആര്‍സി മുഖ്യമന്ത്രി ആകട്ടെ എന്നോ കെസി മുഖ്യമന്ത്രി ആകട്ടെ എന്നോ പറയാം. പക്ഷേ അതിന്റെ പേരില്‍ നേതാക്കന്മാരെ അധിക്ഷേപിക്കുന്നത് ഒട്ടും നല്ല പ്രവണതയല്ല

ശ്രീ രാഹുല്‍ ഗാന്ധിയെ ആക്ഷേപിച്ചു, പ്രിയങ്ക ഗാന്ധിയെ തോല്‍പ്പിക്കുമെന്ന് പറഞ്ഞു, ആശുപത്രിയില്‍ കിടക്കുന്ന സോണിയാ ഗാന്ധിക്ക് നേരെ വരെ അപമാന പ്രചാരണങ്ങള്‍ ഉണ്ടായി, മല്ലികാര്‍ജുന കാര്‍ഗെയെ നിരന്തരമായി വേട്ടയാടി. ഇതൊക്കെ എന്തിനു വേണ്ടിയിട്ടാണ്? ഇതൊക്കെ എന്തുതരം യുഡിഎഫ് സംസ്‌കാരമാണ്, എന്തുതരം കോണ്‍ഗ്രസ് സംസ്‌കാരമാണ്?

.

ശ്രീ കെസി വേണുഗോപാല്‍ കുറെ ആളുകള്‍ പറയുന്നത് കേട്ടു 'പെട്ടിതൂക്കി' ആണെന്ന് എന്ത് പെട്ടിതൂക്കി? കണ്ണൂരില്‍ പയ്യന്നൂര്‍ പോലൊരു പാര്‍ട്ടി ഗ്രാമത്തില്‍ കെഎസ്യുവിന്റെ സംഘടനാ പ്രവര്‍ത്തകനായി കടന്നുവന്ന് എസ്എഫ്‌ഐക്കാരന്റെ തല്ലുകൊണ്ട് ജയിലില്‍ കിടന്ന് കെഎസ്യു പ്രസിഡന്റ് ആയി, യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ആയി ഒരു കോണ്‍ഗ്രസുകാരന് ജയിക്കാന്‍ പ്രയാസമുള്ള ആലപ്പുഴയില്‍ നിന്ന് എംഎല്‍എ ആയ ആളാണ്; ആലപ്പുഴയില്‍ കോണ്‍ഗ്രസുകാരന്‍ ജയിക്കാന്‍ ഏറ്റവും പ്രയാസമുള്ള ആലപ്പുഴ പാര്‍ലമെന്റിലെ മെമ്പറാണ്. 2019-ല്‍ 19 സീറ്റില്‍ ജയിച്ചപ്പോള്‍ നമ്മള്‍ തോറ്റുപോയ മണ്ഡലത്തില്‍ 24-ല്‍ തിരിച്ചു പിടിച്ച ആളാണ് കെസി വേണുഗോപാല്‍ അയാള്‍ എങ്ങനെയാ നൂലില്‍ കെട്ടിയിറക്കിയ ആളായി മാറുന്നത്?

ഈ നാട്ടിലെ സാധാരണക്കാരുടെ ജനാധിപത്യ അംഗീകാരം നേടി തന്നെയാണ് എംഎല്‍എയും എംപിയും മന്ത്രിയും ഒക്കെയായി ശ്രീ കെസി വേണുഗോപാല്‍ മാറിയത്. അദ്ദേഹം ഏതെങ്കിലും സമുദായ നേതാക്കന്മാരുടെ തിണ്ണ നിരങ്ങാന്‍ പോകുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടോ? ആലപ്പുഴയിലെ ഏറ്റവും സ്വാധീനം ഉണ്ടായിരുന്ന കാലത്ത് വെള്ളാപ്പള്ളി നടേശന്റെ വീട്ടില്‍ പോയിട്ടില്ലാത്ത ആളാണ് ശ്രീ കെസി വേണുഗോപാല്‍. മാത്രമല്ല വെള്ളാപ്പള്ളി ഇവര് മൂന്നു പേരെയും തോല്‍പ്പിക്കണമെന്ന് പറഞ്ഞ് ചുട്ടികുത്തിയ മൂന്നു പേരില്‍ ഒരാളാണ് ശ്രീ കെസി വേണുഗോപാല്‍, എന്നിട്ടും ജയിച്ചു വന്നു. ജനങ്ങള്‍ ഒപ്പം ഉള്ളതുകൊണ്ട് തന്നെയാണ്

.

നമ്മുടെ നേതാക്കന്മാര്‍ ക്ലാരിറ്റി ഉള്ളവരാണ്; സമുദായ നേതാക്കന്മാരെ കേള്‍ക്കും എന്ന് കരുതി അവരുടെ ആരുടെയും തിണ്ണ നിരങ്ങാന്‍ നമ്മുടെ ഒരു നേതാവും പോകാറില്ല. അത് രമേശ് ചെന്നിത്തലയും പോകാറില്ല, വിഡി സതീശനും പോകാറില്ല, കെസി വേണുഗോപാലും പോകാറില്ല

ഈ രാജ്യത്ത് കെസി വേണുഗോപാല്‍ രാജ്യത്തെ കോണ്‍ഗ്രസിന്റെ മുഖ്യധാരയിലേക്ക് വരുന്നത് 2019-ന് ശേഷമാണ്. അതായത് കോണ്‍ഗ്രസ് തോറ്റു തുന്നം പാടി രാജ്യത്തെ പ്രധാനപ്പെട്ട നേതാക്കന്മാരെല്ലാം കോണ്‍ഗ്രസ് ഉപേക്ഷിച്ചു പോയി അവരുടെ സുഖങ്ങളും സൗകര്യങ്ങളും അധികാരവും തേടി പോയപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ തോളോട് തോള്‍ ചേര്‍ന്നു നിന്ന ആളാണ്. പിന്നെയും തെരഞ്ഞെടുപ്പുകള്‍ ജയിച്ചിട്ടുണ്ട്, അപ്പോഴൊന്നും കെസിയെ നമ്മള്‍ ഓര്‍ത്തിട്ടില്ല

ഏതെങ്കിലും ഒരു പാല്‍ സൊസൈറ്റിയില്‍ തോറ്റാല്‍ പോലും നമ്മള്‍ പറയും കെസിയാണ് ഉത്തരവാദി എന്ന്. വിജയങ്ങളെല്ലാം രാഹുല്‍ ഗാന്ധിക്ക്, പരാജയങ്ങളെല്ലാം കെസി വേണുഗോപാലിന്; അയാള്‍ മറുത്തൊരു അക്ഷരവും മിണ്ടിയിട്ടില്ലല്ലോ. ഈ തെരഞ്ഞെടുപ്പിന്റെ കാലത്ത് അയാളുടെ കോണ്‍ട്രിബ്യൂഷന്‍ ചെറുതാണോ? പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ നിന്ന് പിന്തുണയോടുകൂടി എംഎല്‍എ ആയ തളിപ്പറമ്പിലെ ഗോവിന്ദന്‍ മാഷ് ആദ്യം നന്ദി പറഞ്ഞത് കെസി വേണുഗോപാലനാണ്. അമ്പലപ്പുഴയില്‍ നിന്ന് ജയിച്ചു വന്ന ജി സുധാകരന്‍ ആദ്യം നന്ദി പറഞ്ഞത് കെസി വേണുഗോപാലിനാണ്. അതടക്കം ഈ തിരഞ്ഞെടുപ്പില്‍ എല്ലാ നേതാക്കന്മാരും മത്സരംഗത്തേക്ക് പോയപ്പോള്‍ ഒരു വിമതന്‍ പോലും ഉണ്ടാകാതെ അഭിപ്രായ വ്യത്യാസങ്ങള്‍ ഇല്ലാതെ എല്ലാവരെയും ചേര്‍ത്തു പിടിച്ച നേതാവാണ് ശ്രീ കെസി വേണുഗോപാല്‍

അദ്ദേഹം എംഎല്‍എ ആകട്ടെ, അദ്ദേഹം മുഖ്യമന്ത്രി ആകട്ടെ എന്ന് ആരെങ്കിലുമൊക്കെ എംഎല്‍എമാര്‍ ആഗ്രഹിച്ചിട്ടുണ്ടാകും. അതിലെന്താ തെറ്റ്? അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കാന്‍ ആഗ്രഹിച്ച എംഎല്‍എമാരൊക്കെ പെട്ടിതൂക്കികളാണോ? ആലപ്പുഴയിലെ തോമസിനെ ആക്ഷേപിക്കുന്നത് കണ്ടു; ഗണ്‍മാന്റെ അടികൊണ്ട് തലക്കടിയേറ്റു ആശുപത്രിയില്‍ കിടന്ന തോമസിനെ കാണാന്‍ പോയ ഒരാളാണ് ഞാന്‍

. ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് അവന്‍, അവന്‍ എങ്ങനെയാ പെട്ടിതൂക്കിയാകുന്നത്?

സന്ദീപ് വാര്യരെ അധിക്ഷേപിക്കുന്നത് കേട്ടു; ബിജെപിയുടെ വിദ്വംസക രാഷ്ട്രീയത്തെ, വിദ്വേഷ രാഷ്ട്രീയത്തെ വിട്ട് കോണ്‍ഗ്രസിലേക്ക് വന്നപ്പോള്‍ ഹൊയ് ഹൊയ് പാടിയ ആളുകളാണ് നമ്മള്‍. അതേ നമ്മള്‍ സന്ദീപ് വാര്യരെ ഇപ്പോള്‍ അധിക്ഷേപിക്കുന്നത് കാണുന്നു; എന്തുതരം രാഷ്ട്രീയമാണത്? എനിക്ക് ഏറ്റവും വേദന തോന്നിയത് മാത്യു കുഴല്‍നാടനെ മൂവാറ്റുപുഴയില്‍ തോല്‍പ്പിക്കണമെന്ന് ചില ആളുകള്‍ പറയുന്നത് കേട്ടപ്പോഴാണ്. ശരിയാ മാത്യുവിനെ തോല്‍പ്പിക്കണം, കാരണം കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം പിണറായി വിജയന്റെ മുഖത്തു നോക്കി അയാളോട് മറുപടികള്‍ പറഞ്ഞിട്ടുള്ള ആളാണ് മാത്യു കുഴല്‍നാടന്‍. 'മിസ്റ്റര്‍ പിണറായി വിജയന്‍, നിങ്ങളും നിങ്ങളുടെ കുടുംബവും നിങ്ങളുടെ മകളും അഴിമതിക്കാരാണ്, മാസപ്പടി വാങ്ങുന്നവരാണ്' എന്ന് മുഖത്തു നോക്കി പറഞ്ഞ മാത്യുവിനെ സിപിഎം തോല്‍പ്പിക്കാന്‍ നോക്കുമ്പോള്‍ നമ്മളും ഒപ്പം ചേര്‍ന്നാല്‍ മാത്യു എളുപ്പത്തില്‍ തോറ്റു കൊള്ളും

.

പിന്നൊന്ന് ഷാഫി പറമ്പില്‍; ഷാഫി പറമ്പിലിനെ വടകരയില്‍ കാലുകുത്തിക്കാന്‍ സമ്മതിക്കില്ല എന്ന്. ശരിയാ, അവിടുത്തെ സിപിഎമ്മുകാരും ബിജെപിക്കാരും എസ്ഡിപിഐക്കാരും ഒക്കെ ആഗ്രഹിക്കുന്നുണ്ട് ഷാഫി പറമ്പിലിനെ കാലുകുത്തിക്കരുതെന്ന്; നമ്മളും കൂടെ കൂടിയാല്‍ ഷാഫി പറമ്പിലിന് കാലുകുത്താന്‍ കഴിയില്ല, നമ്മള്‍ അത് ചെയ്യണം. ഈ തെരഞ്ഞെടുപ്പിന്റെ സമയത്ത് ഏറ്റവുമധികം നേതാക്കന്മാരും അതുപോലെതന്നെ എംഎല്‍എ സ്ഥാനാര്‍ത്ഥികളും ഒക്കെ എന്നെ വിളിച്ചിട്ടുണ്ട് ഷാഫി പറമ്പിലുമായിട്ടുള്ള ബന്ധത്തിന്റെ പേരില്‍ ഒരു റോഡ് ഷോയ്ക്ക് വേണ്ടിയിട്ട്. അപ്പോെ തിരഞ്ഞെടുപ്പിന്റെ സമയത്ത് കാലാവസ്ഥ നോക്കാതെ വെയിലാണോ മഴയാണോ എന്ന് നോക്കാതെ രാവാണോ പകലാണോ എന്ന് നോക്കാതെ ആളെ കൂട്ടാനും തിരഞ്ഞെടുപ്പില്‍ വിജയിപ്പിക്കാനും ഷാഫി പറമ്പില്‍ വേണമായിരുന്നു. പെട്ടെന്ന് നമുക്ക് ഉറപ്പില്ലാത്ത, അദ്ദേഹം പറഞ്ഞിട്ടുണ്ടോ ഇല്ലയോ എന്ന് നമുക്ക് പോലും അറിയാത്ത ഒരു വിഷയത്തില്‍ അദ്ദേഹം അണ്‍പോപ്പുലര്‍ ആകണം, അദ്ദേഹത്തിനെതിരെ വെറുപ്പ് നമ്മള്‍ പടര്‍ത്തണം, അദ്ദേഹത്തെ ഇല്ലായ്മ ചെയ്യണം

.

സിപിഎമ്മുകാര്‍ പോലും പറഞ്ഞിട്ടില്ലാത്ത അധിക്ഷേപം വരെ നമ്മള്‍ പറയണം; നല്ല രീതിയാണ്! എം ലിജുവിനെ ആക്ഷേപിക്കുന്നത് കണ്ടു; ലിജുച്ചേട്ടന്റെ കായംകുളത്തെ കണ്ണീരോടു കൂടിയുള്ള പ്രസംഗം കണ്ടിട്ട് കരച്ചില്‍ വന്ന ഒരാളാണ് ഞാന്‍. ഞാന്‍ അങ്ങനെ വലിയ എം ലിജു ഫാനോ അദ്ദേഹത്തിന്റെ സപ്പോര്‍ട്ടറോ ഒന്നും ആയിരുന്നില്ല, പക്ഷേ ലിജുച്ചേട്ടന്‍ ഈ തെരഞ്ഞെടുപ്പില്‍ ജയിക്കണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ച ഒരാളാണ് ഞാന്‍. കാരണം, ഹി ഡിസേര്‍വ്ഡ് ദാറ്റ്. ആ ലിജുച്ചേട്ടനെ ഇപ്പോ നമ്മള്‍ തോല്‍പ്പിക്കണം എന്നാ പറയുന്നത്. അങ്ങനെ കുറെ ആളുകളെ തോല്‍പ്പിക്കണം; ശരി എല്ലാവരെയും തോല്‍പ്പിക്കാം.

സന്ദീപ് വാര്യരെ തൊട്ട് തിരുവനന്തപുരത്ത് ഇപ്പോ ജയിച്ച സുധീര്‍ഷാ പാലോടിനെ വരെ നമുക്ക് തോല്‍പ്പിക്കാം; എന്നിട്ട് സിപിഎമ്മിനും ബിജെപിക്കും എളുപ്പമാര്‍ഗ്ഗം ഉണ്ടാക്കി കൊടുക്കാം. പ്രിയപ്പെട്ട കോണ്‍ഗ്രസിന്റെ നേതാക്കന്മാരെ, കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകരെ, ലീഗിന്റെ പ്രവര്‍ത്തകരെ, പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ഒരാളാണ് ഞാന്‍. ഞാന്‍ ചെയ്തിട്ടില്ലാത്ത തെറ്റിന്റെ പേരിലാണ് പുറത്താക്കപ്പെട്ടതെന്ന് എനിക്ക് നല്ല ബോധ്യം ഉണ്ടായിട്ടും എന്നെ പാര്‍ട്ടി കേട്ടിട്ടില്ല എന്ന് അറിഞ്ഞിട്ടും എന്നോട് നീതിയല്ല കാണിച്ചതെന്ന് ബോധ്യം ഉണ്ടായിട്ടും തെരഞ്ഞെടുപ്പിന്റെ സമയത്ത് പോലും ഒരു മൗനം കൊണ്ട് പോലും ഒരൊറ്റ വരി കൊണ്ട് പോലും അസ്വസ്ഥത രേഖപ്പെടുത്താതെ ഈ പാര്‍ട്ടിക്കാരനായിട്ട് നില്‍ക്കുന്ന ഒരാളാണ് ഞാന്‍.

എനിക്കെതിരെ നടപടി എടുത്തപ്പോള്‍ പോലും പാര്‍ട്ടിയാണ് ശരി എന്ന് പറയുന്ന ഒരാളാണ് ഞാന്‍. അങ്ങനെ ഒരു കോണ്‍ഗ്രസുകാരന്റെ അഭ്യര്‍ത്ഥനയാണ്; ഇനിയെങ്കിലും നമ്മള്‍ ഈ ഹേറ്റ് പൊളിറ്റിക്‌സ് അവസാനിപ്പിക്കണം. നമ്മള്‍ ഇഷ്ടമുള്ള ഒരു നേതാവിനു വേണ്ടിയിട്ട് മറ്റു നേതാക്കന്മാരെ ആക്ഷേപിക്കുന്നു; സിപിഎമ്മുകാരും ബിജെപിക്കാരും പോലും പറയാന്‍ അറക്കുന്ന വാക്കുകള്‍ പറയുന്ന ആ പ്രവണതയ്ക്ക് നമുക്ക് അവസാനം ഉണ്ടാക്കണം.

കാരണം ഈ നേതാക്കന്മാരെ നാളെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വരുമ്പോള്‍ തോളിലേറ്റി നടത്തേണ്ടത് നമ്മളാണ്. അന്ന് നമ്മള്‍ പറഞ്ഞ കാര്യങ്ങള്‍ മാത്രം സിപിഎമ്മുകാര്‍ തിരിച്ചു പറഞ്ഞാല്‍ അവരുടെ ജോലി എളുപ്പമാകും. അതുകൊണ്ട് നമ്മള്‍ 10 വര്‍ഷമായി കാത്തിരുന്ന ഒരു സര്‍ക്കാര്‍ അധികാരത്തില്‍ വന്നിരിക്കുകയാണ്. തെരുവില്‍ സമരം ചെയ്ത ആളുകളാണ് നമ്മള്‍, അടികൊണ്ട ആളുകളാണ് ഞങ്ങള്‍. കാസര്‍ഗോഡ് തൊട്ട് തിരുവനന്തപുരം വരെ ഒരു ബസ് പോയ വഴിക്ക് അത്രയും കരിങ്കൊടി കാണിച്ചതിന്റെ പേരില്‍ ക്രൂരമായി ആക്രമിക്കപ്പെട്ട ഒരു സംഘം സഹപ്രവര്‍ത്തകര്‍ എനിക്കുണ്ട്, ഒരുപാട് കേസുകള്‍ ഉള്ള ആളുകളുണ്ട്. അപ്പോൊ അതുകൊണ്ട് നമ്മുടെ എല്ലാം കൂട്ടായ്മയുടെ വിജയമാണ്, ജനങ്ങള്‍ നമുക്ക് സമ്മാനിച്ച വിജയമാണ.

ഈ പാര്‍ട്ടി അങ്ങനെ തെറ്റ് ചെയ്യുന്ന ഒരു പാര്‍ട്ടി അല്ല. നമ്മള്‍ ചില ആളുകള്‍ വാദത്തിനു വേണ്ടി പറഞ്ഞു കെസി വേണുഗോപാല്‍ ഹൈ കമാന്‍ഡിനെ മാനിപുലേറ്റ് ചെയ്യും, മധ്യപ്രദേശും രാജസ്ഥാനും ആവര്‍ത്തിക്കും എന്ന്. സത്യത്തില്‍ എന്താ മധ്യപ്രദേശും രാജസ്ഥാനും സംഭവിച്ചത്? ഇതിനു മുന്‍പ് പറയാഞ്ഞത് അന്നേരം കെസി പക്ഷം പിടിക്കുകയാണെന്ന് നിങ്ങള്‍ പറയും എന്നുള്ളതുകൊണ്ടാണ്. രാജസ്ഥാനില്‍ സത്യത്തില്‍ ഹൈ കമാന്‍ഡിന്റെ താല്പര്യം സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കുക എന്നുള്ളതായിരുന്നു

.

പക്ഷേ രാജസ്ഥാനിലെ മഹാഭൂരിപക്ഷം ആളുകളും അവിടുത്തെ എംഎല്‍എമാരും പറഞ്ഞു 'അല്ല അശോകലോട്ടാണ് ശരി' എന്ന്; പാര്‍ട്ടി അതിനോടൊപ്പം നിന്നു, അതായിരുന്നു സത്യം. കാരണം സച്ചിന്‍ പൈലറ്റ് പാര്‍ട്ടി വിടുന്നതിനെ പറ്റി ആലോചിച്ചു, എന്നാല്‍ അധികാരം ഇല്ലാത്തപ്പോഴും അശോകലോട്ട് കറകളഞ്ഞ കോണ്‍ഗ്രസുകാരനായി തുടരുന്നു. മധ്യപ്രദേശില്‍ ഹൈ കമാന്‍ഡിന്റെ താല്പര്യം ജ്യോതിരാദിത്യ സിന്ധ്യ മുഖ്യമന്ത്രി ആകണം എന്നായിരുന്നു. പക്ഷേ അവിടുത്തെ എംഎല്‍എമാരും പാര്‍ട്ടി പ്രവര്‍ത്തകരും പറഞ്ഞു കമല്‍നാഥ് ആകണമെന്ന്, അവരായിരുന്നു ശരി. കാരണം അധികാരം കിട്ടാത്തപ്പോള്‍ ജ്യോതിരാദിത്യ സിന്ധ്യ ഇപ്പോ പാര്‍ട്ടി വിട്ട് ബിജെപിയില്‍ പോയി ഹേറ്റ് പൊളിറ്റിക്‌സ് പറയുകയാണ്. പാര്‍ട്ടി വിട്ട് അധികാരം കിട്ടിയില്ലെങ്കില്‍ പാര്‍ട്ടി വിട്ടു പോകുന്നവന്മാരെ ഏതെങ്കിലും ഒരു സ്ഥാനം ഏല്‍പ്പിക്കാത്തതിന്റെ പേരില്‍ ഒരു സ്റ്റേറ്റ് പോയിട്ടുണ്ടെങ്കില്‍ പോകട്ടെന്നേ!

തോറ്റു തുന്നം പാടിയാലും ഈ പാര്‍ട്ടി എന്ന് പറഞ്ഞ് ഉറച്ചു നില്‍ക്കുന്ന കുറെ മനുഷ്യന്മാരില്ലേ, അവരുടേതാണ് ഈ പാര്‍ട്ടി കേരളത്തിലും ഹൈ കമാന്‍ഡ് ഏറ്റവും യുക്തമായി തീരുമാനം എടുത്തു; ഒരാളും സ്വാധീനിക്കാന്‍ പോയില്ല. കേരളത്തിലെ പോപ്പുലര്‍ ഡിമാന്‍ഡ് ആയി വന്ന ശ്രീ വിഡി സതീശന്‍ മുഖ്യമന്ത്രി ആവുക എന്ന ഡിമാന്‍ഡ് ഹൈ കമാന്‍ഡ് കൈക്കൊള്ളുമ്പോള്‍ ആ ഹൈ കമാന്‍ഡിന്റെ പാര്‍ട്ടിയില്‍ കെസി വേണുഗോപാല്‍ ഉണ്ട്. ആ കെസി വേണുഗോപാല്‍ രണ്ടു കൈയ്യും നീട്ടി ആ തീരുമാനത്തെ സ്വീകരിച്ചു

രമേശ് ചെന്നിത്തല വിഡി സതീശനോടൊപ്പം പരിഗണിക്കപ്പെട്ട ആളാണ്, വിഡി സതീശന്‍ പറയുന്നതുപോലെ അദ്ദേഹത്തിന്റെ നേതാവായിരുന്ന ആളാണ്. ആ രമേശ് ചെന്നിത്തലയാണ് വിഡി സതീശന് പിന്തുണയുമായിട്ടുള്ള കത്തു കൊടുക്കുന്നത് ബഹുമാനപ്പെട്ട ഗവര്‍ണര്‍ക്ക്. ഇതാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഒരു സൗന്ദര്യം, ബ്യൂട്ടി ഓഫ് അവര്‍ ലീഡര്‍ഷിപ്പ്! അതുകൊണ്ട് ആ ട്രൂ സ്പിരിറ്റ് നമ്മളും ഉള്‍ക്കൊള്ളണം

.

വീണ്ടും അഭ്യര്‍ത്ഥിക്കുന്നു, പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട ഒരു പാര്‍ട്ടിക്കാരന്റെ അഭ്യര്‍ത്ഥനയാണ്; നമ്മള്‍ കാത്തിരുന്ന വിജയമാണ്, ഇനിയെങ്കിലും നമുക്ക് ഇത് ആഘോഷിച്ചു തുടങ്ങണം. നമസ്‌കാരം