
ബംഗളൂരു: കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി നിലനിന്നിരുന്ന ഹിജാബ് നിരോധനം പിന്‍വലിച്ച് സിദ്ധരാമയ്യ സര്‍ക്കാര്‍ ഉത്തരവിറക്കി. 2022-ല്‍ മുന്‍ ബിജെപി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിവാദമായ നിരോധന ഉത്തരവാണ് ഇതോടെ ഇല്ലാതായത്. ഹിജാബിന് പുറമെ പൂണൂല്‍ ധരിക്കുന്നതിനുണ്ടായിരുന്ന നിയന്ത്രണങ്ങളും സര്‍ക്കാര്‍ നീക്കം ചെയ്തിട്ടുണ്ട്. നിശ്ചയിച്ചിട്ടുള്ള യൂണിഫോമിന് തടസ്സമാകാത്ത വിധത്തില്‍ പരമ്പരാഗതവും ആചാരപരവുമായ അടയാളങ്ങള്‍ ധരിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അനുവാദമുണ്ടാകുമെന്ന് ബുധനാഴ്ച പുറത്തിറക്കിയ പുതിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.
2022-ല്‍ ഉഡുപ്പിയിലെ ഒരു സര്‍ക്കാര്‍ കോളജില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനികളെ തടഞ്ഞതോടെയാണ് രാജ്യവ്യാപകമായ വിവാദങ്ങള്‍ക്ക് തുടക്കമായത്. യൂണിഫോം നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നാവശ്യപ്പെട്ട് അന്ന് ബിജെപി സര്‍ക്കാര്‍ ഉത്തരവിറക്കിയത് അന്താരാഷ്ട്ര തലത്തില്‍ വരെ ചര്‍ച്ചയായിരുന്നു. തുടര്‍ന്ന് വിഷയം കോടതിയിലെത്തുകയും 2022 മാര്‍ച്ചില്‍ കര്‍ണാടക ഹൈക്കോടതി ഹിജാബ് നിരോധനം ശരിവെക്കുകയും ചെയ്തു. ഹിജാബ് ധരിക്കുന്നത് ഇസ്ലാം മതത്തിലെ അവിഭാജ്യ ഘടകമല്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. പിന്നീട് കേസ് സുപ്രീം കോടതിയിലെത്തിയപ്പോള്‍ രണ്ടംഗ ബെഞ്ച് ഭിന്നവിധി പുറപ്പെടുവിച്ചതിനെത്തുടര്‍ന്ന് വിഷയം വിശാല ബെഞ്ചിന്റെ പരിഗണനയ്ക്കായി വിട്ടിരിക്കുകയാണ്.
കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലേറി മൂന്ന് വര്‍ഷം തികയാറാകുമ്പോഴും ഹിജാബ് നിരോധനം പിന്‍വലിക്കാത്തതില്‍ മുസ്ലിം വിഭാഗത്തിനിടയില്‍ കടുത്ത പ്രതിഷേധം നിലനിന്നിരുന്നു. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കുന്നില്ലെന്ന് ആരോപിച്ച് ശനിയാഴ്ച ബംഗളൂരുവില്‍ മുസ്ലിം സംഘടനകളുടെ കൂട്ടായ്മ സംസ്ഥാനതല കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. കര്‍ണാടക സ്റ്റേറ്റ് മുസ്ലിം ഫെഡറേഷന്റെ നേതൃത്വത്തില്‍ ടൗണ്‍ ഹാളില്‍ നടക്കുന്ന ഈ കണ്‍വെന്‍ഷനിലേക്ക് രാഷ്ട്രീയക്കാരെ ആരെയും ക്ഷണിക്കില്ലെന്നും സര്‍ക്കാര്‍ നടപടികളെ അവലോകനം ചെയ്യുമെന്നും സംഘാടകര്‍ വ്യക്തമാക്കിയിരുന്നു. ഈ സമ്മേളനം നടക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ തിടുക്കപ്പെട്ട് നിരോധനം നീക്കിയത്.
