തിരുവനന്തപുരം: കേരളത്തില്‍ യുഡിഎഫ് ഭരണത്തിലേറാന്‍ ഒരുങ്ങുമ്പോള്‍ മുഖ്യമന്ത്രി കസേരയെച്ചൊല്ലിയുള്ള കോണ്‍ഗ്രസിന്റെ 'തല്ല്' ഘടകകക്ഷികളെയും ജനങ്ങളെയും വെറുപ്പിക്കുന്നു. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ ഘടകകക്ഷികള്‍ക്ക് റോളില്ലെന്ന എം.എം. ഹസന്റെ പ്രസ്താവനയ്‌ക്കെതിരെ മുസ്ലിം ലീഗ് കടുത്ത അമര്‍ഷത്തിലാണ്. ഹസന്റെ നിലപാടിനെതിരെ പൊട്ടിത്തെറിച്ചുകൊണ്ട് ലീഗ് നേതാക്കള്‍ രംഗത്തെത്തി.
കൊണ്ടോട്ടിയില്‍ നിന്നുള്ള നിയുക്ത എംഎല്‍എ ടി.വി. ഇബ്രാഹിം ഇക്കാര്യം അടിവരയിട്ട് രംഗത്തുവന്നു. കോണ്‍ഗ്രസിന്റെ ഈ ഒളിച്ചുകളി കാരണം പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണെന്നാണ് അദ്ദേഹം തുറന്നടിച്ചത്. ജനവിധി വന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാത്തതില്‍ അണികള്‍ക്കിടയില്‍ കടുത്ത രോഷമാണുള്ളതെന്ന് ടി.വി. ഇബ്രാഹിം പറയുന്നു. 'വീട്ടില്‍ വരുന്നവരും കാണുന്നവരുമെല്ലാം ഒരേ കാര്യമാണ് ചോദിക്കുന്നത്, ആരാണ് മുഖ്യമന്ത്രി? ഇക്കാര്യത്തില്‍ തീരുമാനമായോ എന്നതാണ്. ഈ വൈകല്‍ യുഡിഎഫിന്റെ വിജയത്തിന്റെ തിളക്കം കെടുത്തിക്കളഞ്ഞു. ജനങ്ങളുടെ വിധി എന്താണോ അത് അംഗീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകണം. അനാവശ്യമായി ഇത് വലിച്ചുനീട്ടുന്നത് വലിയ പ്രത്യാഘാതം ഉണ്ടാക്കും' - ടി വി ഇബ്രാഹിം വ്യക്തമാക്കുന്നു.
ഹൈക്കമാന്‍ഡ് എടുക്കുന്ന തീരുമാനം ജനഹിതത്തിന് എതിരാകരുതെന്ന് അദ്ദേഹം പ്രത്യേകം ഓര്‍മ്മിപ്പിച്ചു. 1996-ല്‍ സിപിഎം ഇ.കെ. നായനാരെ മുഖ്യമന്ത്രിയാക്കിയ സംഭവം സൂചിപ്പിച്ചുകൊണ്ട്, അത്തരത്തില്‍ ജനങ്ങള്‍ ആഗ്രഹിക്കാത്ത ഒരാളെ കെട്ടിയിറക്കരുതെന്ന് അദ്ദേഹം പരോക്ഷമായി ആവശ്യപ്പെട്ടു. സതീശനുവേണ്ടി ലീഗ് അണികള്‍ നടത്തുന്ന സമ്മര്‍ദ്ദം ശക്തമാകുമ്പോഴാണ് എം.എം. ഹസന്‍ 'ലീഗിന് റോളില്ല' എന്ന നിലപാടെടുത്തത്. ഹസന്റേത് വെറും സാങ്കേതിക ഭാഷ മാത്രമാണെന്നും ലീഗിന്റെ അഭിപ്രായം തേടിയാല്‍ കൃത്യമായി പറയുമെന്നും ഇബ്രാഹിം വ്യക്തമാക്കി.
ലീഗിന് അര്‍ഹമായ പരിഗണന കിട്ടില്ലെന്ന തോന്നല്‍ ഉണ്ടായതുകൊണ്ടാണ് എംഎല്‍എമാര്‍ പരസ്യമായി രംഗത്തെത്തുന്നത്. 'ലീഗിന് റോളില്ലാത്ത അവസ്ഥയിലേക്ക് പോകുമെന്ന് തോന്നുന്നില്ല. ഞങ്ങളുടെ അഭിപ്രായം പരിഗണിച്ചേ മതിയാകൂ. യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമാണ് കോണ്‍ഗ്രസ് ഉണ്ടാക്കിയിരിക്കുന്നത്' - ഇബ്രാഹിം പറഞ്ഞു.
ഹസന്റെ പ്രസ്താവന ലീഗ് കോട്ടകളില്‍ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. വി.ഡി. സതീശനായി ലീഗ് വാദിക്കുമ്പോള്‍ കെ.സി. വേണുഗോപാലിനെ അനുകൂലിക്കുന്ന വിഭാഗമാണ് ഹസനെ മുന്‍നിര്‍ത്തി കരുനീക്കം നടത്തുന്നത്. ഡല്‍ഹിയിലെ രാഷ്ട്രീയ അന്തരീക്ഷം ഇതോടെ കൂടുതല്‍ കലുഷിതമായിരിക്കുകയാണ്. ഘടകകക്ഷികളെ പിണക്കി ഒരു പ്രഖ്യാപനം നടത്താന്‍ ഹൈക്കമാന്‍ഡ് ധൈര്യപ്പെടുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
ഘടകകക്ഷികളോട് അഭിപ്രായം തേടുക മാത്രമാണ് കോണ്‍ഗ്രസ് ചെയ്തതെന്നോണ് ഹസന്‍ ഡല്‍ഹിയില്‍ പറഞ്ഞത്. ഹസന്റെ പ്രതികരണത്തില്‍ മുസ്‌ലിം ലീഗിനും വി.ഡി സതീശന്‍ പക്ഷത്തിനും അതൃപ്തിയുണ്ട്. ഘടകക്ഷി എന്ന നിലയില്‍ അഭിപ്രായം പറഞ്ഞതിന് ആക്രമിക്കുന്ന രീതി ശരിയല്ലെന്നാണ് ലീഗിന്റെ നിലപാട്.
1995ല്‍ എ.കെ ആന്റണിയെ മുഖ്യമന്ത്രിയാക്കിയത് ഘടകക്ഷികളുടെ പിന്തുണ പരിഗണിച്ചാണെന്ന് സതീശന്‍ വിഭാഗവും ചൂണ്ടിക്കാട്ടുന്നു. കോണ്‍ഗ്രസ് നിയമസഭാ കക്ഷിയില്‍ കെ.കരുണാകരന് ഭൂരിപക്ഷമുണ്ടായിരിക്കെയാണ് ഘടകക്ഷികളുടെ പിന്തുണ പരിഗണിച്ചത്. അന്ന് കരുണാകരനെ പുറത്താക്കുന്നതിനൊപ്പമായിരുന്ന എം. എം ഹസന് ഘടകകക്ഷികള്‍ക്കെതിരെ പറയാന്‍ അവകാശമില്ലെന്നും സതീശന്‍ ക്യാമ്പ് പറയുന്നു.
അതേസമയം, കേരള മുഖ്യമന്ത്രി ആരെന്നതില്‍ ഇന്ന് തീരുമാനമുണ്ടായേക്കും. അടിയന്തര സാഹചര്യം കണക്കിലെടുത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രത്യേക ചാര്‍ട്ടേഡ് വിമാനത്തില്‍ ഇന്ന് ഡല്‍ഹിയിലെത്തും. വൈകിട്ട് അഞ്ചുമണിയോടെ രാഹുല്‍ ഗാന്ധിയുമായി നിര്‍ണായക കൂടിക്കാഴ്ച നടത്തും. ഇതിന് പിന്നാലെ മുഖ്യമന്ത്രി ആരാണെന്ന് തീരുമാനം ഉണ്ടാകുമെന്നാണ് പുറത്ത് വരുന്ന വിവരം.
മുഖ്യമന്ത്രി പദവിയിലേക്ക് കെ.സി വേണുഗോപാലിന് മുന്‍തൂക്കമെന്ന് റിപ്പോര്‍ട്ട്. വര്‍ക്കിങ് പ്രസിഡന്റുമാരും കെപിസിസി മുന്‍ അധ്യക്ഷന്‍മാരും ഡല്‍ഹിയില്‍ രാഹുല്‍ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയില്‍ ഭൂരിഭാഗം നേതാക്കളുടെയും പിന്തുണ കെസി വേണുഗോപാലിന് നല്‍കിയെന്നാണ് സൂചന. മുന്‍ കെ പി സി സി അധ്യക്ഷന്‍ മാരായ കെ സുധാകരന്‍, കെ മുരളീധരന്‍, എം എം ഹസന്‍, മുതിര്‍ന്ന നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് എ പി അനില്‍കുമാര്‍, പി സി വിഷ്ണുനാഥ്, ഷാഫി പറമ്പില്‍ തുടങ്ങിയ നേതാക്കളുമായാണ് കൂടിക്കാഴ്ച.
രാഹുല്‍ ഗാന്ധിയാണ് ഇവരില്‍ നിന്ന് അഭിപ്രായങ്ങള്‍ തേടുന്നത്. രാഹുല്‍ ഗാന്ധി പ്രധാനമായും ചോദിച്ചറിയുന്നത് സംസ്ഥാനത്ത് ശക്തി പ്രകടനമടക്കം ഉണ്ടായ സാഹചര്യത്തെക്കുറിച്ചാണെന്നാണ് കേരളത്തിലെ നേതാക്കള്‍ പറയുന്നത്. ആരാണ് പ്രതിഷേധങ്ങള്‍ക്ക് പിന്നിലെന്ന് ചോദിച്ചെന്ന് നേതാക്കള്‍ വ്യക്തമാക്കി. ജനവികാരം കൂടി പരിഗണിക്കണമെന്ന് ചില നേതാക്കള്‍ രാഹുലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജനകീയ പ്രതിഷേധമെങ്കില്‍ പാര്‍ട്ടി പറയുമ്പോള്‍ നിര്‍ത്തുമോയെന്ന ചോദ്യവും ചര്‍ച്ചകളില്‍ ഉയര്‍ന്നിട്ടുണ്ട്.
എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരാണ് കേരളത്തിലെ മുഖ്യമന്ത്രി കസേരക്കായി രംഗത്തുള്ളത്. കേരളത്തിലെ നേതാക്കളുമായുള്ള സോണിയ ഗന്ധിയുടെ വസതിയിലെ കൂടിക്കാഴ്ചക്ക് ശേഷം ഇന്ന് വൈകിട്ട് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുമായി ചര്‍ച്ച നടത്തും. ഇതിന് ശേഷം സോണിയ ഗാന്ധിയുമായി ചര്‍ച്ച നടത്തിയ ശേഷമാകും പ്രഖ്യാപനം.
