'കെ.സി നിങ്ങളുടെ ആളായിരിക്കാം, പക്ഷേ ജനസ്വീകാര്യനല്ല; കേരളത്തിലെ ജനങ്ങള്‍ നിങ്ങള്‍ക്ക് മാപ്പ് തരില്ലെന്നും വയനാട് അടുത്ത അമേഠിയായി മാറും; കെസിയെ പിന്തുണച്ചാല്‍ വയനാട് മറന്നേക്കണം; രാഹുല്‍ ഗാന്ധിക്കും പ്രിയങ്കയ്ക്കുമെതിരെ വയനാട്ടില്‍ പോസ്റ്റര്‍ ഭീഷണി
കല്‍പ്പറ്റ: കേരളത്തിലെ മുഖ്യമന്ത്രി തര്‍ക്കം രൂക്ഷമാകുന്നതിനിടെ രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കുമെതിരെ വയനാട്ടില്‍ പോസ്റ്റര്‍ പ്രതിഷേധം. വയനാട് ഡിസിസി ഓഫീസിന് സമീപമാണ് ഇംഗ്ലീഷില്‍ എഴുതിയ പോസ്റ്ററുകള്‍ പതിപ്പിച്ചിരിക്കുന്നത്. കെ സി വേണുഗാപാലിനെ പിന്തുണച്ചാല്‍ കേരളത്തിലെ ജനങ്ങള്‍ നിങ്ങള്‍ക്ക് മാപ്പ് തരില്ലെന്നും വയനാട് അടുത്ത അമേഠിയായി മാറുമെന്നുമാണ് പോസ്റ്ററില്‍ വ്യക്തമാക്കുന്നു. വയനാട് കല്‍പ്പറ്റയിലും കോഴിക്കോട് കാരശ്ശേരിയിലുമാണ് രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ വ്യാപകമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
കെസി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചാല്‍ പ്രതിഷേധം ശക്തമാക്കുമെന്നാണ് പോസ്റ്റര്‍ മുന്നറിയിപ്പ് നല്‍കുന്നത്. കെസി വേണുഗോപാല്‍ രാഹുല്‍ ഗാന്ധിയുടെ പെട്ടിചുമക്കുന്നയാള്‍ മാത്രമാണെന്നും പോസ്റ്ററില്‍ വിമര്‍ശനമുണ്ട്.
എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരെ കടുത്ത ഭാഷയിലുള്ള വിമര്‍ശനമാണ് പോസ്റ്ററുകളില്‍ ഉടനീളം. ജയിക്കാന്‍ വേണ്ടി മാത്രം വയനാട്ടിലേക്ക് വരരുതെന്നും, ഇത്തരം രാഷ്ട്രീയ നിലപാടുകള്‍ തങ്ങള്‍ക്ക് മടുത്തുവെന്നും പോസ്റ്ററുകള്‍ വ്യക്തമാക്കുന്നു.
രാഹുലും പ്രിയങ്കയും വയനാടിനെ മറന്നേക്കണമെന്നും ഇനി ഇവിടെ വിജയിക്കില്ലെന്നും പോസ്റ്ററില്‍ കുറിച്ചിട്ടുണ്ട്. കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ് തര്‍ക്കങ്ങള്‍ തെരുവിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്നതിന്റെ സൂചനയായാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഇത്തരം പോസ്റ്ററുകളെ വിലയിരുത്തുന്നത്. അതേസമയം, കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ആരെന്ന് ഇന്നറിയാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ന് ഉച്ചയ്ക്ക് മുന്നേ ഹൈക്കമാന്‍ഡ് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതുന്നത്. മുഖ്യമന്ത്രിയായി ആരെ തിരഞ്ഞെടുക്കണമെന്നത് സംബന്ധിച്ച് ഡല്‍ഹിയില്‍ ഇന്നലെയും നിര്‍ണായക ചര്‍ച്ച നടന്നു. ചര്‍ച്ചയില്‍ ഹൈക്കമാന്‍ഡ് വിളിപ്പിച്ച കേരളത്തിലെ നേതാക്കളില്‍ ഭൂരിഭാഗവും കെസി വേണുഗോപാലിനെ പിന്തുണച്ചതായാണ് വിവരം.
കെസിയെ തന്നെയാകും ഹൈക്കമാന്‍ഡ് നിര്‍ദേശിക്കുന്നതെന്ന് കെസിയെ പിന്തുണയ്ക്കുന്നവര്‍ വിലയിരുത്തുമ്പോള്‍ ഏകപക്ഷീയമായ തീരുമാനം ഉണ്ടാകില്ലെന്ന പ്രതീക്ഷയിലാണ് വിഡി, ആര്‍സി പക്ഷങ്ങള്‍. അതേസമയം, കേരളത്തിലെ മുഖ്യമന്ത്രി ചര്‍ച്ചയില്‍ തനിക്ക് മുന്‍വിധിയില്ലെന്ന് രാഹുല്‍ഗാന്ധി നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു.
