വാളയാർ ആൾക്കൂട്ട കൊലപാതകം: പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിച്ചു; കുറ്റപത്രം സമർപ്പിക്കാതെ അന്വേഷണ സംഘം

വാളയാർ ആൾക്കൂട്ട കൊലപാതകം: പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിച്ചു; കുറ്റപത്രം സമർപ്പിക്കാതെ അന്വേഷണ സംഘം


പാലക്കാട്: വാളയാർ ആൾക്കൂട്ട കൊലപാതക കേസിൽ പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചു. 90 ദിവസത്തെ റിമാൻഡ് കഴിഞ്ഞതോടെയാണ് സ്വാഭാവിക ജാമ്യം അനുവദിച്ചത്. കേസിൽ അന്വേഷണ സംഘം ഇതുവരെ കുറ്റപത്രം സമർപ്പിട്ടില്ല. 2025 ഡിസംബർ 17നാണ് ഛത്തീസ്‌ഗഡ് സ്വദേശിയായ രാം നാരായൺ ഭാഗേൽ ആൾക്കൂട്ട ആക്രമണത്തിനിരയായത്. മോഷ്ടാവാണെന്ന് ആരോപിച്ച് നാട്ടുകാർ തടഞ്ഞുവെച്ച് മർദ്ദിച്ചതാണ് മരണത്തിലേക്ക് നയിച്ചത്.ഇതര സംസ്ഥാന തൊഴിലാളിയായ ഇയാളെ ബംഗ്ലാദേശിയാണോയെന്ന് ചോദിച്ചാണ് ആക്രമിച്ചത്. സ്ത്രീകളടക്കം 20 പേരാണ് പ്രതികൾ. നാല് പ്രതികൾ സജീവ ആർഎസ്എസ് - ബിജെപി പ്രവർത്തകരെന്നും വിവരം പുറത്തുവന്നിരുന്നു. കൊലക്കുറ്റം, പട്ടികജാതി-പട്ടികവർഗ്ഗ അതിക്രമം തടയൽ നിയമം പ്രകാരമുള്ള വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. റിമാൻഡ് പൂർത്തിയാക്കിയതോടെ ഏഴ് പ്രതികൾക്കാണ് മണ്ണാർക്കാട് കോടതി ജാമ്യം അനുവദിച്ചത്. കേസിലെ ആറാം പ്രതി ആത്മഹത്യ ചെയ്തിരുന്നു.