
തിരുവനന്തപുരം: സംസ്ഥാനത്ത് നാലു ജില്ലകളില് വൈദ്യുതി തടസ്സപ്പെടാന് സാധ്യതയുണ്ടെന്ന് കെഎസ്ഇബിയുടെ മുന്നറിയിപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂര്, കാസര്കോട് ജില്ലകളിലാണ് അടുത്ത ഏഴ് ദിവസത്തേക്ക് ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏര്പ്പെടുത്തുക. പവര്ഗ്രിഡ് കോര്പ്പറേഷന്റെ (PGCIL) കോഴിക്കോട്ടെ പ്രധാന സബ്സ്റ്റേഷനിലുണ്ടായ സാങ്കേതിക തകരാറിനെത്തുടര്ന്നാണ് ഈ നടപടിയെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു. കോഴിക്കോട് 400 കെ.വി. സബ്സ്റ്റേഷനിലെ മൂന്നാം നമ്പര് 500 എം.വി.എ. ട്രാന്സ്ഫോര്മറിന്റെ 220 കെ.വി. ബുഷിംഗിലുണ്ടായ തകരാറാണ് വൈദ്യുതി തടസപ്പെടാന് കാരണം. ഇന്ന് മുതല് ഏഴ് ദിവസത്തേക്കാണ് വൈദ്യുതി തടസപ്പെടുന്നത്. കോഴിക്കോട്, വയനാട്, കണ്ണൂര്, കാസര്കോട് ജില്ലകളിലാണ് നിയന്ത്രണമുണ്ടാവുക.
ട്രാന്സ്ഫോര്മറിലെ ബുഷിംഗിലുണ്ടായ തകരാര് പരിഹരിക്കുന്നതിനായി അടിയന്തിര ഷട്ട്ഡൗണ് ആവശ്യമാണെന്ന് പവര്ഗ്രിഡ് കോര്പ്പറേഷന് കെ.എസ്.ഇ.ബി.യെ അറിയിച്ചിട്ടുണ്ട്. തകരാര് പരിഹരിച്ച് ട്രാന്സ്ഫോര്മര് പൂര്ണ്ണ സജ്ജമാക്കാന് ഏകദേശം ഏഴ് ദിവസമെടുക്കുമെന്നാണ് നിലവിലെ കണക്കുകൂട്ടല്. ഉയര്ന്ന ശേഷിയുള്ള ട്രാന്സ്ഫോര്മര് പ്രവര്ത്തനരഹിതമാകുന്നതോടെ മലബാറിലെ വൈദ്യുതി വിതരണ ശൃംഖലയില് ലോഡ് ക്രമീകരിക്കേണ്ടി വരും. അതിനാല്, വരും ദിവസങ്ങളില് ഈ നാല് ജില്ലകളിലെ വിവിധ പ്രദേശങ്ങളില് ഭാഗികമായി വൈദ്യുതി നിയന്ത്രണം ഉണ്ടാകാന് സാധ്യതയുണ്ട്. വൈദ്യുതി ഉപയോഗം പരമാവധി കുറച്ചും, അത്യാവശ്യമില്ലാത്ത വൈദ്യുത ഉപകരണങ്ങള് നിയന്ത്രിച്ചും കെ.എസ്.ഇ.ബി.യുമായി സഹകരിക്കണമെന്ന് അധികൃതര് അഭ്യര്ത്ഥിച്ചു. അറ്റകുറ്റപണികള് വേഗത്തില് പൂര്ത്തിയാക്കി വൈദ്യുതി വിതരണം സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങള് പവര്ഗ്രിഡ് കോര്പ്പറേഷന് ആരംഭിച്ചിട്ടുണ്ട്. ഓരോ പ്രദേശത്തെയും കൃത്യമായ സമയക്രമം പ്രാദേശിക കെ.എസ്.ഇ.ബി. ഓഫീസുകള് വഴി ലഭ്യമാകുന്നതാണ്.
