കോട്ടയം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആര് എന്ന ആകാംക്ഷ പാരമ്യത്തിലെത്തി നില്‍ക്കെ, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റ് രാഷ്ട്രീയ കേരളത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടു. മലപ്പുറത്ത് മിന്നലേറ്റു മരിച്ച നാല് കുട്ടികളുടെ കുടുംബങ്ങള്‍ക്ക് അടിയന്തര ധനസഹായം നല്‍കണമെന്ന് ചീഫ് സെക്രട്ടറിയോട് 'ആവശ്യപ്പെടുന്നു' എന്ന വേണുഗോപാലിന്റെ പ്രയോഗമാണ് നിരീക്ഷകരെയും അണികളെയും ഒരുപോലെ അമ്പരപ്പിച്ചിരിക്കുന്നത്.
സാധാരണഗതിയില്‍ മുഖ്യമന്ത്രിയോ മന്ത്രിമാരോ ഭരണഘടനാ പദവിയിലുള്ളവരോ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന നിര്‍ദ്ദേശത്തിന് സമാനമായ ഭാഷയിലാണ് കെ.സി. വേണുഗോപാലിന്റെ കുറിപ്പ്. അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം ഉറപ്പിച്ചതിന്റെ സൂചനയാണോ ഇതെന്ന് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നു. ചീഫ് സെക്രട്ടറിയോട് ഇത്രയും ആധികാരികതയോടെ ഒരു കാര്യം ആവശ്യപ്പെടണമെങ്കില്‍ ഹൈക്കമാന്‍ഡില്‍ നിന്ന് പച്ചക്കൊടി ലഭിച്ചു കഴിഞ്ഞോ എന്ന ചോദ്യമാണ് ഉയരുന്നത്.
വി.ഡി. സതീശന്‍, കെ.സി. വേണുഗോപാല്‍, രമേശ് ചെന്നിത്തല എന്നിവര്‍ തമ്മിലുള്ള വടംവലിയില്‍ കെ.സി. ക്യാമ്പ് വലിയ ആത്മവിശ്വാസത്തിലാണ്. എം.എല്‍.എമാരില്‍ ഭൂരിഭാഗത്തിന്റെയും പിന്തുണ തങ്ങള്‍ക്കുണ്ടെന്ന് ഇവര്‍ അവകാശപ്പെടുന്നു. സോഷ്യല്‍ മീഡിയയിലൂടെ വി.ഡി. സതീശനായി നടന്ന ആസൂത്രിത പ്രചാരണങ്ങളില്‍ ഹൈക്കമാന്‍ഡിന് അതൃപ്തിയുണ്ടെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് വേണുഗോപാലിന്റെ നിര്‍ണ്ണായകമായ ഈ ഇടപെടല്‍.
മുഖ്യമന്ത്രി പ്രഖ്യാപനം പത്ത് ദിവസം വൈകിയതിലുള്ള ജനരോഷം കണക്കിലെടുത്ത് ഇന്ന് തന്നെ അന്തിമ തീരുമാനം ഉണ്ടായേക്കും. പാര്‍ട്ടിയില്‍ പൊട്ടിത്തെറി ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താന്‍ മുന്‍ കെ.പി.സി.സി പ്രസിഡന്റുമാരെയും വര്‍ക്കിംഗ് പ്രസിഡന്റുമാരെയും ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. എല്ലാവരെയും വിശ്വാസത്തിലെടുത്തു എന്ന സന്ദേശം നല്‍കാനാണ് ഈ നീക്കം.
വയനാട്ടില്‍ തനിക്കെതിരെ ഉയര്‍ന്ന പോസ്റ്ററുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഭരണപരമായ ഇടപെടലുകളിലൂടെ മറുപടി നല്‍കാനാണ് വേണുഗോപാല്‍ ശ്രമിക്കുന്നതെന്ന് കരുതപ്പെടുന്നു. ദുരന്തബാധിതര്‍ക്കായി ചീഫ് സെക്രട്ടറിക്ക് നല്‍കിയ ഈ 'നിര്‍ദ്ദേശം' വരാനിരിക്കുന്ന അധികാരമാറ്റത്തിന്റെ വ്യക്തമായ സൂചനയായി കോണ്‍ഗ്രസ് അണികള്‍ക്കിടയില്‍ പ്രചരിക്കുന്നുണ്ട്. വരും മണിക്കൂറുകളില്‍ ഡല്‍ഹിയില്‍ നിന്ന് പുറത്തുവരുന്ന വാര്‍ത്തകള്‍ കേരള രാഷ്ട്രീയത്തിന്റെ പുതിയ ദിശ നിര്‍ണ്ണയിക്കും.
