'മോദിയുടെ ജാതകത്തിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പി'; വിജയ്ക്ക് പ്രധാനമന്ത്രി ആകാനാകുമെന്ന് ജ്യോതിഷി റിക്കി രാധൻ
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്ക് പ്രധാനമന്ത്രി ആകാനാകുമെന്ന് ജ്യോതിഷി റിക്കി രാധൻ പണ്ഡിറ്റ് വെട്രിവേൽ. നരേന്ദ്ര മോദിയുടെ ജാതകത്തിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പി ആണ് വിജയ്‍യുടേത്. ഒരു എതിർപ്പുമില്ലാതെ വിജയ്ക്ക് പ്രധാനമന്ത്രി ആകാം. വിജയ്ക്ക് ജ്യോതിഷത്തിൽ വിശ്വാസം ഇല്ല. സ്നേഹം കാരണമാണ് തനിക്ക് പദവി നൽകിയതെന്നും റിക്കി രാധൻ പണ്ഡിറ്റ് പറഞ്ഞു. വെട്രിവേലിനെ മുഖ്യമന്ത്രിയുടെ ഓഫീസിലെ പദവിയിൽ നിയമിച്ചത് വിവാദമായതോടെ ഉത്തരവ് റദ്ദാക്കിയിരുന്നു.വിജയ്‍യുടെ ഓഫീസിൽ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി ആയിട്ടാണ് ജ്യോതിഷി റിക്കി രാധൻ പണ്ഡിറ്റ് വെട്രിവേലിനെ നിയമിച്ചത്. ഈ നിയമത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി എത്തി. ഈ ഹർജി മദ്രാസ് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് നിയമനം റദ്ദാക്കി വിജയ് ഉത്തരവിറക്കിയത്. ജ്യോതിഷിയുടെ നിയമനം സഭയിലും ചർച്ചാ വിഷയമായിരുന്നു. വിജയ് അന്ധവിശ്വാസം പ്രോത്സാഹിപ്പിക്കുന്നു എന്നതാണ് പ്രധാനമായും ഉയർന്ന വിമർശനം. വിജയ് നിയമന ഉത്തരവ് റദ്ദാക്കിയ നടപടിയെ സ്വാഗതം ചെയ്ത് സിപിഎം രംഗത്തത്തി. തെറ്റ് ചൂണ്ടിക്കാട്ടിയാൽ ഉടൻ തിരുത്തുന്നത് നല്ല സമീപനമാണെന്നും വിമർശനം ഉൾകൊള്ളുന്നത് ഇനിയും തുടരണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പി ഷണ്മുഖം പറഞ്ഞു.റിക്കി രാധൻ പണ്ഡിറ്റ് വെട്രിവേൽ ആരാണ്? വേദ ജ്യോതിഷം, സംഖ്യാശാസ്ത്രം, ധ്യാനം എന്നിവയിൽ ഏകദേശം നാല് പതിറ്റാണ്ടിന്റെ പരിചയമുള്ള രാധൻ പണ്ഡിറ്റ് വെട്രിവേൽ ഇന്ത്യയിലെ സെലിബ്രിറ്റി ജ്യോതിഷിയാണ്. ബിജെപി, കോൺഗ്രസ്, ഡിഎംകെ, എഐഎഡിഎംകെ എന്നിങ്ങനെ നിരവധി ഇന്ത്യൻ രാഷ്ട്രീയ പാർട്ടികളുടെ ഭാവി പ്രവചിച്ചിട്ടുണ്ട്. രാധൻ പണ്ഡിറ്റിന് തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജെ ജയലളിതയുമായും അടുത്ത ബന്ധമുണ്ടായിരുന്നതായാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.പണ്ഡിറ്റ് വെട്രിവേൽ എന്നറിയപ്പെട്ടിരുന്ന ജ്യോതിഷി 2008ൽ ഡൽഹിയിലേക്ക് താമസം മാറിയിരുന്നു. ഇവിടെ വെച്ചാണ് അദ്ദേഹം തന്റെ പേര് രാധൻ പണ്ഡിറ്റ് എന്ന് മാറ്റുന്നത്. വിജയ് രാഷ്ട്രീയത്തിലേക്കെത്തും മുമ്പ് തന്നെ പണ്ഡിറ്റുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. തെരഞ്ഞെടുപ്പിന് വളരെ മുമ്പുതന്നെ വിജയ്‍യുടെ രാഷ്ട്രീയ വിജയം രാധൻ പണ്ഡിറ്റ് പ്രവചിച്ചിരുന്നു. വിജയുടെ ജാതകം അസാധാരണമായ സുനാമി പോലുള്ള ശക്തിയുള്ളതാണെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്