ന്യൂഡല്‍ഹി: ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്ന് വ്യാപക പരാതികള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് മെയ് 3ന് നടത്തിയ നീറ്റ് യു.ജി പരീക്ഷ റദ്ദാക്കി. പരീക്ഷാ തീയതികള്‍ പിന്നീട് അറിയിക്കും. ലക്ഷക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്നതാണ് നടപടി. വിദ്യാര്‍ഥികള്‍ പുനഃപരീക്ഷക്ക് വീണ്ടും അപേക്ഷിക്കേണ്ടതില്ലെന്നും അധിക ഫീസ് നല്‍കേണ്ടതില്ലെന്നും എന്‍.ടി.എ അറിയിച്ചിട്ടുണ്ട്. നേരത്തെ അടച്ച ഫീസ് തിരികെ നല്‍കും. പുന:പരീക്ഷക്ക് മുന്നോടിയായി പുതിയ അഡ്മിറ്റ് കാര്‍ഡുകള്‍ നല്‍കും.
അന്വേഷണ ഏജന്‍സികള്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷ റദ്ദാക്കുന്നതായി എന്‍.ടി.എ അറിയിച്ചത്. വിഷയം സമഗ്ര അന്വേഷണത്തിനായി സി.ബി.ഐക്ക് കൈമാറിയിട്ടുണ്ട്. ചോദ്യ പേപ്പര്‍ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ഇതുവരെ രാജസ്ഥാനില്‍ നിന്ന് 45ലധികം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പരീക്ഷയ്ക്ക് താെട്ടുമുമ്പ് പ്രചരിച്ചിരുന്ന മാതൃകാ ചോദ്യപ്പേപ്പറിലെ 135 ചോദ്യങ്ങള്‍ യഥാര്‍ത്ഥ പരീക്ഷയില്‍ ഉള്‍പ്പെട്ടിരുന്നുവെന്നായിരുന്നു ആരോപണം ഉയര്‍ന്നത്. സികാറിലെ പരീക്ഷാ പരിശീലനകേന്ദ്രത്തിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രചരിച്ച ചോദ്യപേപ്പറിലെ 600 ചോദ്യങ്ങളും യഥാര്‍ത്ഥ ചോദ്യപേപ്പറുമായി സാമ്യമുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി.
നീറ്റ് പരീക്ഷയ്ക്ക് രണ്ടുദിവസം മുന്‍പാണ് സികാറില്‍ ചോദ്യാവലി പ്രചരിച്ചത്. 20,000 മുതല്‍ രണ്ടുലക്ഷം രൂപയ്ക്ക് വരെയാണ് ഇത് വിറ്റത്. പരീക്ഷയ്ക്കു മുന്‍പ് ഏകദേശം 30,000 ചോദ്യാവലികള്‍ വിറ്റെന്നാണ് വിവരം. സികാറിലെ കോച്ചിംഗ് സെന്റര്‍ ഉടമ, പേയിംഗ് ഗസ്റ്റ് കെട്ടിടത്തിന്റെ ഉടമ, രണ്ട് വിദ്യാര്‍ത്ഥികള്‍ എന്നിവരെയടക്കമാണ് കസ്റ്റഡിയിലെടുത്തത്.
സംഭവത്തില്‍ കേരളത്തിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. കേരളത്തില്‍ എം.ബി.ബി.എസിന് പഠിക്കുന്ന രാജസ്ഥാനിലെ ചുരു സ്വദേശിയായ വിദ്യാര്‍ത്ഥിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം.
