‘കേരളത്തിൽ പുതുയുഗം സൃഷ്ടിക്കും’: നിയുക്ത മുഖ്യമന്ത്രി VD സതീശൻ തിങ്കളാഴ്ച രാവിലെ 10ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും

‘കേരളത്തിൽ പുതുയുഗം സൃഷ്ടിക്കും’: നിയുക്ത മുഖ്യമന്ത്രി VD സതീശൻ തിങ്കളാഴ്ച രാവിലെ 10ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും 



തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശൻ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. രാവിലെ 10 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വെച്ചാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക. ജനവിധി വന്ന് പതിനൊന്നാം ദിവസം ഡൽഹിയിൽ വെച്ച് നടന്ന ഔദ്യോഗിക പ്രഖ്യാപനത്തിന് പിന്നാലെയാണ് സത്യപ്രതിജ്ഞാ തീയതി നിശ്ചയിച്ചത്.(VD Satheesan To Take Oath As Kerala CM On Monday)

എഐസിസി ആസ്ഥാനത്ത് കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപദാസ് മുൻഷിയാണ് സതീശന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി പദവി വലിയൊരു ഉത്തരവാദിത്തവും ദൈവനിയോഗവുമായാണ് കാണുന്നതെന്ന് വി.ഡി. സതീശൻ പ്രതികരിച്ചു. രാഹുൽ ഗാന്ധിക്കും കെ.സി. വേണുഗോപാലിനും രമേശ് ചെന്നിത്തലയ്ക്കും നന്ദി പറഞ്ഞ അദ്ദേഹം, മുതിർന്ന നേതാക്കളുടെ പിന്തുണയോടെ ഒരു ‘ടീം’ ആയി പ്രവർത്തിക്കുമെന്നും ഉറപ്പുനൽകി.

കേരളത്തിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത് കെ.സി. വേണുഗോപാലാണെന്നും രമേശ് ചെന്നിത്തല തന്റെ പ്രിയങ്കരനായ നേതാവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “എന്നെ ഞാനാക്കിയത് ടീം യുഡിഎഫാണ്” എന്ന് അദ്ദേഹം ആവർത്തിച്ചു. സങ്കീർണ്ണമായ സാഹചര്യത്തിലൂടെയാണ് കേരളം കടന്നുപോകുന്നത്. ഒരാൾക്ക് മാത്രമായി ഒന്നും ചെയ്യാനാകില്ലെന്നും എല്ലാവരും ഒന്നിച്ച് നിൽക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. പൊതുപ്രവർത്തനത്തിന്റെയും രാഷ്ട്രീയ പ്രവർത്തനത്തിന്റെയും നിർവ്വചനം മാറ്റിയെഴുതാൻ കഠിനാധ്വാനം ചെയ്യും. ജനങ്ങളോട് പറഞ്ഞ കാര്യങ്ങൾ ഒന്നൊന്നായി നടപ്പിലാക്കി ഒരു പുതുയുഗത്തിന് തുടക്കമിടുമെന്നും നിയുക്ത മുഖ്യമന്ത്രി വ്യക്തമാക്കി. ഹൈക്കമാൻഡ് തീരുമാനം വന്നതോടെ സംസ്ഥാനത്തുടനീളം വലിയ ആവേശത്തിലാണ് കോൺഗ്രസ് പ്രവർത്തകർ. മുതിർന്ന നേതാക്കളുടെ പിന്തുണ ഉറപ്പാക്കി മുന്നോട്ട് പോകാനാണ് സതീശൻ ലക്ഷ്യമിടുന്നത്.

പൊതുപ്രവർത്തനത്തിന്റെ ശൈലി മാറ്റിയെഴുതുമെന്നും സങ്കീർണ്ണമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന കേരളത്തെ കൈപിടിച്ചുയർത്താൻ എല്ലാവരും ഒന്നിച്ച് നിൽക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ ദേശീയ നേതാക്കളും സാംസ്കാരിക പ്രമുഖരും പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. സത്യപ്രതിജ്ഞാ തീയതി പ്രഖ്യാപിച്ചതോടെ തലസ്ഥാന നഗരിയിൽ യുഡിഎഫ് പ്രവർത്തകർ വലിയ ആഘോഷങ്ങൾക്കുള്ള തയ്യാറെടുപ്പിലാണ്