തിരുവനന്തപുരം: പ്രതിപക്ഷ നേതാവായി പിണറായി വിജയനെ പ്രഖ്യാപിച്ച് സിപിഎം നേതൃത്വം. പത്ത് വര്‍ഷം മുഖ്യമന്ത്രിയായിരുന്ന നിയമസഭയിലേക്ക് നിയമസഭ തെരഞ്ഞെടുപ്പിലെ വന്‍ തിരിച്ചടിക്ക് പിന്നാലെയാണ് പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്ത് തിരികെ എത്തുന്നത്. നിയമസഭയില്‍ വീണ്ടും വിഡി സതീശനും പിണറായി വിജയനും നേര്‍ക്കുനേര്‍ എത്തും. സിപിഎം സംസ്ഥാന സമിതി യോഗത്തിന്റേതാണ് തീരുമാനം.
പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ കൂടിയാലോചിച്ചാണ് തീരുമാനം എടുത്തത്. മുഖ്യമന്ത്രിയായി വി.ഡി.സതീശനെ കോണ്‍ഗ്രസ് തിരഞ്ഞെടുത്തതിനു പിന്നാലെ പ്രതിപക്ഷ നേതാവായി പിണറായി വിജയനെ തിരഞ്ഞെടുത്ത് സിപിഎം. സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനം. നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍തിരിച്ചടി ഉണ്ടായെങ്കിലും പിണറായി വിജയന്‍ തന്നെ മുന്നില്‍നില്‍ക്കട്ടെ എന്നു യോഗത്തില്‍ തീരുമാനിക്കുകയായിരുന്നു. വിഡി സതീശന്‍ മുഖ്യമന്ത്രിയാകുന്ന സാഹചര്യത്തില്‍ പിണറായി വിജയന്‍ തന്നെ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വരണമെന്ന് യോഗം ഏകകണ്ഠമായി തീരുമാനിക്കുകയായിരുന്നു. ആദ്യമായാണ് പിണറായി വിജയന്‍ പ്രതിപക്ഷനേതൃ സ്ഥാനം ഏറ്റെടുക്കുന്നത്. പത്തു വര്‍ഷം മുഖ്യമന്ത്രിയായിരുന്നതിനു ശേഷമാണ് പിണറായി വിജയന്‍ പ്രതിപക്ഷനിരയെ നയിക്കാന്‍ എത്തുന്നത്.
16-ാം കേരള നിയമസഭയില്‍ വി.ഡി സതീശനും പിണറായി വിജയനും നേര്‍ക്കുനേര്‍ നില്‍ക്കുന്ന കാഴ്ചയാകും ഇനി കാണുക. കഴിഞ്ഞ അഞ്ചു വര്‍ഷം ഭരണപക്ഷത്തിരുന്ന പിണറായി വിജയന്‍ ഇനി പ്രതിപക്ഷ നേതാവിന്റെ സീറ്റിലേക്കും, പ്രതിപക്ഷ നേതാവായിരുന്ന വി.ഡി സതീശന്‍ മുഖ്യമന്ത്രിയുടെ ഒന്നാം നമ്പര്‍ സീറ്റിലേക്കും മാറും. പ്രതിപക്ഷ നേതാവായി പിണറായി വിജയനെ തീരുമാനിക്കുന്നതില്‍ സിപിഎമ്മിനുള്ളില്‍ തര്‍ക്കങ്ങളോ ഭിന്നാഭിപ്രായങ്ങളോ ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതിപക്ഷത്തെ നയിക്കാന്‍ തയാറാണെന്ന നിലപാട് പിണറായി വിജയന്‍ സ്വീകരിക്കുകയും പാര്‍ട്ടി അത് അംഗീകരിക്കുകയും ചെയ്യുകയായിരുന്നു. പ്രതിപക്ഷ നേതാവായി മുഹമ്മദ് റിയാസോ, കെ.എന്‍ ബാലഗോപാലോ വരുമെന്ന തരത്തില്‍ അഭ്യൂഹങ്ങളുണ്ടായിരുന്നു. പിണറായി വിജയന് സെക്രട്ടേറിയറ്റ് അംഗങ്ങളുടെ പൂര്‍ണ്ണ പിന്തുണ ലഭിച്ചതായും സജി ചെറിയാനും കെ.എന്‍ ബാലഗോപാലും പി. രാജീവും ഉള്‍പ്പെടെ പിന്തുണ നല്‍കിയതായും നേരത്തെ വിവരം പുറത്തുവന്നിരുന്നു.
പ്രതിപക്ഷ ഉപനേതാവായി കെ.എന്‍ ബാലഗോപാലിനാണ് സാധ്യത. എന്നാല്‍ പ്രതിപക്ഷ ഉപനേതാവ് പദവി എന്ന ആവശ്യത്തില്‍ നിന്നും വിട്ടുവീഴ്ചയില്ലെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നേരത്തെ പ്രതികരിച്ചത്. സാങ്കേതികമായ തടസങ്ങള്‍ പ്രശ്നമല്ലെന്നും ബിനോയ് വിശ്വം പറഞ്ഞിരുന്നു. 102 അംഗങ്ങളുമായി യുഡിഎഫും, 35 അംഗങ്ങളുമായി എല്‍ഡിഎഫും, 3 അംഗങ്ങളുമായി ബിജെപിയും അടങ്ങുന്നതാണ് പുതിയ സഭ. കഴിഞ്ഞ പത്ത് വര്‍ഷം കേരളത്തിന്റെ 'ക്യാപ്റ്റന്‍' ആയി അറിയപ്പെട്ട നേതാവ് പ്രതിപക്ഷത്തേക്ക് എത്തുമ്പോള്‍, സഭയ്ക്കകത്തെ വാക്‌പോരുകള്‍ക്ക് പുതിയൊരു മുഖം ലഭിക്കുമെന്ന് രാഷ്ട്രീയ കേരളം വിലയിരുത്തുന്നു.
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വിയാണ് എല്‍ഡിഎഫ് നേരിട്ടത്. യുഡിഎഫ് 102 സീറ്റില്‍ വിജയിച്ച് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തി. എല്‍ഡിഎഫിന് 35 സീറ്റാണ് ലഭിച്ചത്. സംസ്ഥാനത്തിന്റ ചരിത്രത്തിലാദ്യമായി എന്‍ഡിഎയ്ക്ക് മൂന്ന് സീറ്റും ലഭിച്ചു. കോണ്‍ഗ്രസ്-63, മുസ്ലിം ലീഗ്-22, കേരളാ കോണ്‍ഗ്രസ്-7, സ്വതന്ത്രര്‍-4, ആര്‍എസ്പി-3, ആര്‍എംപി-1, കേരള കോണ്‍ഗ്രസ് ജേക്കബ്-1, സിഎംപി-1 എന്നിങ്ങനെയാണ് യുഡിഎഫിന്റെ വോട്ട് നില. സിപിഐഎം-26, സിപിഐ-8, ആര്‍ജെഡി-1 എന്നിങ്ങനെയാണ് എല്‍ഡിഎഫ് വോട്ട് നില. ബിജെപി നേമം, കഴക്കൂട്ടം, ചാത്തന്നൂര്‍ മണ്ഡലങ്ങളിലാണ് വിജയിച്ചത്.
എല്‍ഡിഎഫിന്റെ 13 മന്ത്രിമാണ് പരാജയപ്പെട്ടത്. പി രാജീവ്, എം ബി രാജേഷ്, വി ശിവന്‍കുട്ടി, വി എന്‍ വാസവന്‍, ആര്‍ ബിന്ദു, വീണാ ജോര്‍ജ്, ഒ ആര്‍ കേളു, കെ ബി ഗണേഷ്‌കുമാര്‍, ജെ ചിഞ്ചുറാണി, എ കെ ശശീന്ദ്രന്‍, വി അബ്ദുറഹിമാന്‍, റോഷി അഗസ്റ്റിന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നീ മന്ത്രിമാരാണ് പരാജയപ്പെട്ടത്. പിണറായി വിജയന്‍, കെ എന്‍ ബാലഗോപാല്‍, സജി ചെറിയാന്‍, മുഹമ്മദ് റിയാസ്, കെ രാജന്‍, ജി ആര്‍ അനില്‍, പി പ്രസാദ് എന്നിവര്‍ മാത്രമാണ് മന്ത്രിമാരില്‍ വിജയിച്ചത്.
