
കൊല്ലം: കെ.എസ്.ആര്‍.ടി.സി. ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്കായുള്ള സൗജന്യ യാത്രാ പദ്ധതിയായ 'പ്രിയദര്‍ശിനി'യുടെ ജില്ലാതല ഉദ്ഘാടന ചടങ്ങിനിടെ മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് നേരെ അപ്രതീക്ഷിത സംഭവം. കൊല്ലം കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ നടന്ന ഉദ്ഘാടന ചടങ്ങുകള്‍ക്ക് പിന്നാലെയുള്ള ബസ് യാത്രയ്ക്കിടെ മന്ത്രിയുടെ തലയിലേക്ക് ചൂട് പായസം മറിഞ്ഞുവീഴുകയായിരുന്നു. തിങ്കളാഴ്ച രാവിലെ നടന്ന സംഭവത്തില്‍ സുരക്ഷാവീഴ്ചയുണ്ടായോ എന്നതടക്കമുള്ള കാര്യങ്ങളില്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
യുഡിഎഫ് സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ പ്രിയദര്‍ശിനി യാത്രയുടെ തുടക്കം പ്രമാണിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലാണ് ചടങ്ങില്‍ പായസ വിതരണം സംഘടിപ്പിച്ചത്. ഉദ്ഘാടന ബസിനുള്ളില്‍ പായസക്കപ്പുമായി നിന്ന ഒരാളുടെ കൈയില്‍നിന്ന് അബദ്ധത്തില്‍ മന്ത്രിയുടെ തലയിലേക്ക് ഇത് മറിഞ്ഞു വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ആരുടെ കൈയില്‍നിന്നാണ് പായസം വീണതെന്ന കാര്യത്തില്‍ ഇതുവരെ കൃത്യമായ വ്യക്തത വന്നിട്ടില്ല.
തലയിലേക്ക് ചൂട് പായസം വീണയുടനെ ബസിലുണ്ടായിരുന്ന സഹയാത്രികരായ സ്ത്രീകള്‍ ചേര്‍ന്ന് തുണി ഉപയോഗിച്ച് മന്ത്രിയുടെ തല തുടച്ചുനീക്കി. ചൂട് പായസം വീണതിനെത്തുടര്‍ന്ന് മന്ത്രിക്ക് ചെറിയ രീതിയിലുള്ള ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതായാണ് വിവരം. എങ്കിലും അപ്രതീക്ഷിത പ്രതിസന്ധിയിലും ചടങ്ങ് പൂര്‍ത്തിയാക്കാന്‍ മനസ്സ് കാണിച്ച മന്ത്രി ബിന്ദു കൃഷ്ണ, ചിന്നക്കട വരെ ബസില്‍ യാത്ര തുടരുകയായിരുന്നു
