എവിയാന്‍-ലെ-ബൈന്‍സ്: ലെബനനില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു വന്‍തോതില്‍ ആളുകളെ കൊന്നൊടുക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കുറ്റപ്പെടുത്തി. ജി7 ഉച്ചകോടിക്കിടെ ഖത്തര്‍ അമീര്‍ ഉള്‍പ്പെടെയുള്ള പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് ഇസ്രായേലിന്റെ ക്രൂരതകള്‍ക്കെതിരെ ട്രംപ് പരസ്യമായി രംഗത്തുവന്നത്.
'ഇസ്രായേല്‍ ഒരൊറ്റ കാര്യത്തിന് വേണ്ടി ഒരുപാട് കാലമായി യുദ്ധം ചെയ്യുകയാണ്. ഇതിലൂടെ നിരപരാധികളായ ഒട്ടനവധി മനുഷ്യരാണ് കൊല്ലപ്പെടുന്നത്. ഇസ്രായേലിന് ഈ ദൗത്യം കുറച്ചുകൂടി വേഗത്തില്‍ തീര്‍ക്കാമായിരുന്നു. നിങ്ങള്‍ തിരയുന്ന ഒരു ഭീകരന് വേണ്ടി സാധാരണക്കാര്‍ താമസിക്കുന്ന ഒരു അപ്പാര്‍ട്ട്‌മെന്റ് കെട്ടിടം മുഴുവന്‍ ബോംബിട്ട് തകര്‍ക്കേണ്ട കാര്യമില്ല. ആ കെട്ടിടങ്ങളില്‍ താമസിക്കുന്നവരെല്ലാം ഹിസ്ബുള്ളക്കാരല്ല,' മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ട്രംപ് പറഞ്ഞു.
ലെബനന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടയില്‍ മാത്രം ഇസ്രായേല്‍ ആക്രമണങ്ങളില്‍ ലെബനനില്‍ 3,700-ലധികം ആളുകള്‍ കൊല്ലപ്പെടുകയും പതിനായിരത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ഞായറാഴ്ച യുഎസും ഇറാനും തമ്മില്‍ സമാധാന കരാറില്‍ ഒപ്പിടാന്‍ കൃത്യം രണ്ട് മണിക്കൂര്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ ബോംബെറിയാന്‍ നെതന്യാഹു ഉത്തരവിട്ടതാണ് ട്രംപിനെ കൂടുതല്‍ ചൊടിപ്പിച്ചത്. നെതന്യാഹു കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണമെന്നും ഇസ്രായേലിന്റെ ഈ പെരുമാറ്റത്തില്‍ തനിക്ക് ഒട്ടും താല്പര്യമില്ലെന്നും ട്രംപ് തുറന്നടിച്ചു.
'ഹിസ്ബുള്ളയെ സിറിയ കൈകാര്യം ചെയ്‌തോളും'
മറ്റുള്ളവരെയെല്ലാം കൊന്നൊടുക്കാതെ ഹിസ്ബുള്ളയെ നേരിടാന്‍ ഇസ്രായേലിന് കഴിയില്ലെങ്കില്‍, ആ പണി സിറിയയെ ഏല്‍പ്പിക്കാന്‍ താന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് ട്രംപ് വെളിപ്പെടുത്തി. കഴിഞ്ഞവര്‍ഷം സിറിയയില്‍ അധികാരമേറ്റ പുതിയ പ്രസിഡന്റ് അഹമ്മദ് അല്‍-ഷറായുമായി ട്രംപിന് അടുത്ത സൗഹൃദമാണുള്ളത്. ഒരുകാലത്ത് ഭീകരബന്ധത്തിന്റെ പേരില്‍ അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍ ഉണ്ടായിരുന്ന ആളാണ് ഈ സിറിയന്‍ നേതാവ്. എങ്കിലും അദ്ദേഹത്തെ 'ആകര്‍ഷകത്വമുളള ചെറുപ്പക്കാരന്‍' എന്നും 'പോരാളി' എന്നുമാണ് ട്രംപ് വിശേഷിപ്പിച്ചത്.
താനില്ലായിരുന്നെങ്കില്‍ ഇസ്രായേല്‍ എന്ന രാജ്യം തന്നെ ഉണ്ടാകുമായിരുന്നില്ലെന്നും ട്രംപ് അവകാശപ്പെട്ടു. 'അമേരിക്കയുടെയും എന്റെയും സഹായമില്ലെങ്കില്‍ ഇസ്രായേല്‍ ഇറാനാല്‍ നശിപ്പിക്കപ്പെടുമായിരുന്നു. മറ്റൊരു പ്രസിഡന്റും എനിക്ക് മുന്‍പ് ഇസ്രായേലിന് വേണ്ടി ഇത്രയൊന്നും ചെയ്തിട്ടില്ല,' ട്രംപ് പറഞ്ഞു.
അതിനിടെ, ഇറാന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനായി 60 ദിവസത്തെ ചര്‍ച്ചകള്‍ക്ക് വഴിതുറക്കുന്ന പ്രാഥമിക കരാറില്‍ കഴിഞ്ഞ ഞായറാഴ്ച ട്രംപും ഇറാന്‍ അധികൃതരും ഒപ്പുവെച്ചു. എന്നാല്‍ ഈ കരാറില്‍ ഇസ്രായേല്‍ ഒപ്പിട്ടിട്ടുണ്ടോ എന്ന് വ്യക്തമല്ല. എങ്കിലും തങ്ങള്‍ക്ക് നേരെ ലെബനന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ആക്രമണങ്ങള്‍ക്ക് തിരിച്ചടി നല്‍കാന്‍ ഇസ്രായേലിന് ഈ കരാറിലും അനുവാദമുണ്ടായിരിക്കുമെന്നാണ് സൂചന.
