സൗജന്യ യാത്ര കിട്ടില്ല; ഓര്‍ഡിനറി ബസുകളില്‍ സിറ്റി ഫാസ്റ്റ് സ്റ്റിക്കര്‍ പതിപ്പിച്ചതില്‍ വിശദീകരണവുമായി കെ.എസ്.ആര്‍.ടി.സി.

സൗജന്യ യാത്ര കിട്ടില്ല; ഓര്‍ഡിനറി ബസുകളില്‍ സിറ്റി ഫാസ്റ്റ് സ്റ്റിക്കര്‍ പതിപ്പിച്ചതില്‍ വിശദീകരണവുമായി കെ.എസ്.ആര്‍.ടി.സി.



തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ 'പ്രിയദര്‍ശിനി' സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്രാ പദ്ധതിക്ക് പിന്നാലെ കെ.എസ്.ആര്‍.ടി.സി. ബസുകളിലെ പുതിയ സ്റ്റിക്കര്‍ പതിപ്പിക്കല്‍ വന്‍ വിവാദത്തിലേക്ക്. തിരുവനന്തപുരം നഗരത്തിലെ ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്കുള്ള സൗജന്യയാത്ര നിഷേധിക്കാനായി മനഃപൂര്‍വ്വം 'സിറ്റി ഫാസ്റ്റ്' സ്റ്റിക്കറുകള്‍ പതിപ്പിക്കുകയാണെന്ന ആക്ഷേപമാണ് ഇപ്പോള്‍ ശക്തമാകുന്നത്. എന്നാല്‍, യാത്രാ ആനുകൂല്യം ലഭ്യമല്ലാത്ത സിറ്റി ഫാസ്റ്റ് ബസുകള്‍ യാത്രക്കാര്‍ക്ക് എളുപ്പത്തില്‍ തിരിച്ചറിയാന്‍ വേണ്ടിയാണ് 47 ബസുകളില്‍ ഈ സ്റ്റിക്കറുകള്‍ പതിപ്പിച്ചതെന്ന് വ്യക്തമാക്കി കെ.എസ്.ആര്‍.ടി.സി. അധികൃതര്‍ രംഗത്തെത്തി.

തിരുവനന്തപുരം സിറ്റി ഡിപ്പോയിലും പരിസരങ്ങളിലും പാര്‍ക്ക് ചെയ്തിരുന്ന ഓര്‍ഡിനറി ബസുകളിലാണ് പെട്ടെന്ന് സിറ്റി ഫാസ്റ്റ് സ്റ്റിക്കറുകള്‍ പ്രത്യക്ഷപ്പെട്ടത്. ഇത് പദ്ധതി അട്ടിമറിക്കാനാണെന്ന് പരക്കെ ആക്ഷേപമുയര്‍ന്നെങ്കിലും, സിറ്റി ഫാസ്റ്റ് സര്‍വീസുകളില്‍ പദ്ധതി ബാധകമല്ലാത്തതിനാലാണ് ഈ മാറ്റമെന്നാണ് അധികൃതരുടെ വിശദീകരണം.

സിറ്റി ഡിപ്പോയുടെ കീഴിലുള്ള 34 ഓര്‍ഡിനറി ബസുകളില്‍ (32 ഇലക്ട്രിക് ബസുകളും 2 ഡീസല്‍ ബസുകളും) പെയിന്റ് ഉപയോഗിച്ച് 'പ്രിയദര്‍ശിനി സ്ത്രീ സൗജന്യയാത്ര' എന്ന് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് കൂടാതെ മുന്‍പ് തന്നെ സര്‍വീസ് നടത്തിവരുന്ന 47 സിറ്റി ഫാസ്റ്റ് ബസുകളില്‍ മാത്രമാണ് ഇപ്പോള്‍ പുതിയ സ്റ്റിക്കറുകള്‍ പതിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം നഗരത്തില്‍ മാത്രം 384 സിറ്റി ഫാസ്റ്റ് ബസുകളും, ജില്ലയിലാകെ 687 ഓര്‍ഡിനറി ബസുകളും നിലവില്‍ സര്‍വീസ് നടത്തുന്നുണ്ട്.

സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രിയദര്‍ശിനി പദ്ധതി പ്രകാരം ഓര്‍ഡിനറി, സിറ്റി ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറി, പോയിന്റ് ടു പോയിന്റ്, ഗ്രാമവണ്ടി, ഫെയര്‍ സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ്, ടൗണ്‍ ടു ടൗണ്‍ ലിമിറ്റഡ് സ്റ്റോപ്പ് ബസുകളില്‍ മാത്രമേ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ലഭിക്കൂ. അതേസമയം ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ ക്ലാസ് ബസുകളിലും തിരുവനന്തപുരം നഗരത്തിലെ സിറ്റി ഫാസ്റ്റ് ബസുകളിലും സൗജന്യ യാത്ര ലഭ്യമാകില്ല.

സിറ്റി ഓര്‍ഡിനറി ബസുകളില്‍ കുറഞ്ഞ നിരക്ക് 10 രൂപയും കിലോമീറ്ററിന് ഒരു രൂപയുമായിരിക്കുമ്പോള്‍, സിറ്റി ഫാസ്റ്റ് ബസുകള്‍ക്ക് കുറഞ്ഞ നിരക്ക് 12 രൂപയും കിലോമീറ്ററിന് 1.03 രൂപയുമാണ് ഈടാക്കുന്നത്. നിരക്കിലെ ഈ വ്യത്യാസവും സര്‍വീസുകളുടെ പ്രത്യേകതയും യാത്രക്കാര്‍ക്ക് മാറിപ്പോകാതിരിക്കാനാണ് സ്റ്റിക്കര്‍ മാറ്റമെന്ന് കെ.എസ്.ആര്‍.ടി.സി. ആവര്‍ത്തിക്കുന്നു.