പേഴ്സണൽ സ്റ്റാഫ് നിയമനം; ബെന്നി തോമസിന്റെ രാജി രാഷ്ട്രീയ വിവാദങ്ങൾ ഒഴിവാക്കുന്നതിന്: മന്ത്രി സണ്ണി ജോസഫ്

പേഴ്സണൽ സ്റ്റാഫ് നിയമനം; ബെന്നി തോമസിന്റെ രാജി രാഷ്ട്രീയ വിവാദങ്ങൾ ഒഴിവാക്കുന്നതിന്: മന്ത്രി സണ്ണി ജോസഫ്



കണ്ണൂർ: പ്രതിപക്ഷം ഉയർത്തിയ സ്വജനപക്ഷപാത ആരോപണങ്ങളെത്തുടർന്നുള്ള രാഷ്ട്രീയ വിവാദങ്ങൾ ഒഴിവാക്കുന്നതിനായാണ് ബെന്നി തോമസ്‌ പേഴ്സണൽ സ്റ്റാഫ് പദവി രാജിവെച്ചതെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെ ഈ നിയമനത്തിന്റെ നിയമപരമായ വശങ്ങൾ താൻ കൃത്യമായി പരിശോധിച്ചിരുന്നുവെന്നും മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനങ്ങളെ നിയന്ത്രിക്കുന്ന പ്രത്യേക മാനദണ്ഡങ്ങൾ ഒന്നും നിലവിലില്ലെന്ന് ബോധ്യപ്പെട്ടതായും സണ്ണി ജോസഫ് പ്രതികരിച്ചു.

ബെന്നി തോമസിന് കണ്ണൂരിലെ ഉളിക്കലിലുള്ള പൊതുസമ്മതി ജനങ്ങൾക്ക് നേരിട്ട് ബോധ്യപ്പെടാവുന്നതാണ്. കണ്ണൂരിലെ തന്റെ സഹപ്രവർത്തകർ അദ്ദേഹം പേഴ്സണൽ സ്റ്റാഫിൽ തുടരണമെന്നാണ് നിർദേശിച്ചതെന്നും താനും ആ നിലപാടിനെയാണ് പിന്തുണച്ചതെന്നും മന്ത്രി വ്യക്തമാക്കി. ഇതിനിടെ നടന്ന കെപിസിസി യോഗത്തിൽ ഒരു നേതാവ് ഈ നിയമനത്തെക്കുറിച്ച് ആശങ്ക ഉന്നയിച്ചിരുന്നു. പിന്നീട് അദ്ദേഹം ആ എതിർപ്പ് പിൻവലിച്ചിരുന്നു. അതല്ലാതെ മറ്റാരും ഈ വിഷയത്തിൽ ഒരു പ്രശ്നവും ഉന്നയിച്ചിരുന്നില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.

പാർട്ടിയിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും പൂർണ പിന്തുണ ലഭിച്ചിട്ടും ഈ നിയമനവുമായി ബന്ധപ്പെട്ട് പുറത്തുണ്ടാകുന്ന വിവാദങ്ങൾ കണക്കിലെടുത്താണ് ബെന്നി തോമസ് സ്വയം രാജിവെക്കാൻ തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു. ബെന്നി തോമസിന്റെ രാജി മുഖ്യമന്ത്രി വിഡി സതീശൻ ആവശ്യപ്പെട്ടിട്ടാണോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകാൻ സണ്ണി ജോസഫ് തയ്യാറായില്ല