സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; കോഴിക്കോട് ഏഴ് വയസുകാരന്‍ മരിച്ചു, ഈ വര്‍ഷം നാലാമത്തെ ജീവന്‍; ഇളനീര്‍ പാര്‍ലര്‍ അടപ്പിച്ചു

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; കോഴിക്കോട് ഏഴ് വയസുകാരന്‍ മരിച്ചു, ഈ വര്‍ഷം നാലാമത്തെ ജീവന്‍; ഇളനീര്‍ പാര്‍ലര്‍ അടപ്പിച്ചു



കോഴിക്കോട്: സംസ്ഥാനത്ത് ആശങ്ക കൂട്ടി വീണ്ടുമൊരു ഷിഗെല്ല മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന ഏഴ് വയസുകാരനാണ് മരണത്തിന് കീഴടങ്ങിയത്. മലപ്പുറം പൂക്കോട്ടൂര്‍ സ്വദേശിയായ കുട്ടിയാണ് മരിച്ചത്. ഇതോടെ ഈ വര്‍ഷം സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി ഉയര്‍ന്നു.

കേരളത്തില്‍ അടുത്തകാലത്തായി ഷിഗെല്ല കേസുകള്‍ അതിവേഗം വര്‍ദ്ധിച്ചുവരുന്നത് ആരോഗ്യവകുപ്പിനെ വലിയ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഈ വര്‍ഷം ജനുവരി മാസം മുതല്‍ ഇതുവരെ സംസ്ഥാനത്താകെ 135 പേര്‍ക്കാണ് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ പകുതിയിലധികം രോഗികളും കോഴിക്കോട് ജില്ലയിലാണ് എന്നത് സ്ഥിതിവിശേഷത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു; 68 കേസുകളാണ് കോഴിക്കോട് മാത്രം റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഒരു വയസുകാരന്റെ ആരോഗ്യനിലയും അതീവ ഗുരുതരമായി തുടരുകയാണെന്നാണ് മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കുന്നത്.

അതിനിടെ, മലപ്പുറം ജില്ലയില്‍ രോഗബാധയുടെ പശ്ചാത്തലത്തില്‍ നടത്തിയ കര്‍ശന പരിശോധനകളില്‍ ഒടുവില്‍ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടര്‍ന്ന് തിരൂരങ്ങാടിയിലെ പ്രമുഖ ഇളനീര്‍ പാര്‍ലര്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതര്‍ ഇടപെട്ട് അടപ്പിച്ചു. തിരൂരങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന 'കൊക്കോഗ്രഴൃലലി' എന്ന സ്ഥാപനത്തിനെതിരെയാണ് കടുത്ത നടപടിയുണ്ടായത്.

രണ്ടാഴ്ച മുന്‍പ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രത്യേക അന്വേഷണ സംഘം (സ്പെഷ്യല്‍ സ്‌ക്വാഡ്) ഈ കടയില്‍ നിന്ന് ശേഖരിച്ച കുടിവെള്ളത്തിന്റെ സാമ്പിളുകള്‍ പരിശോധിച്ചപ്പോഴാണ് അതില്‍ മാരകമായ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. ജില്ലയില്‍ വീണ്ടുമൊരു ഷിഗെല്ല മരണം കൂടി സ്ഥിരീകരിച്ച സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ മലപ്പുറത്തുടനീളം ഹോട്ടലുകളിലും തട്ടുകടകളിലും ജ്യൂസ് സ്റ്റാളുകളിലും കര്‍ശനമായ മിന്നല്‍ പരിശോധനകള്‍ തുടരുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി മുന്നോട്ട് പോകാനാണ് ഭരണകൂടത്തിന്റെ തീരുമാനം.