തൃശ്ശൂരിൽ വീണ്ടും ഷിഗെല്ലാ മരണം; രോ​​ഗബാധയെ തുടർന്ന് മരിച്ചത് മാപ്രാണം സ്വദേശി

തൃശ്ശൂരിൽ വീണ്ടും ഷിഗെല്ലാ മരണം; രോ​​ഗബാധയെ തുടർന്ന് മരിച്ചത് മാപ്രാണം സ്വദേശി



തൃശ്ശൂരിൽ വീണ്ടും ഷിഗെല്ലാ മരണം. വയറുവേദനയെ തുടർന്ന് കൊടകര ശാന്തി ആശുപത്രിയിൽ പ്രവേശിപ്പിച്ച ആളാണ് മരിച്ചത്. മരണത്തിനുശേഷം നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് ഷിഗെല്ല കണ്ടെത്തിയത്. 43 വയസുകാരനായ മാപ്രാണം സ്വദേശി ആണ് മരിച്ചത്.

ഉറവിടം കണ്ടെത്താൻ സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തുമെന്ന് ആരോ​ഗ്യവകുപ്പ് വ്യക്തമാക്കി. പതിമൂന്നാം തീയതി ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗി വൈകുന്നേരം അഞ്ചുമണിയോടെ മരിക്കുകയായിരുന്നു. കൊടകര വട്ടേക്കാട് വാടകയ്ക്ക് താമസിക്കുകയായിരുന്നു മരിച്ചയാൾ.


തൃശൂരിലും ഷി​ഗെല്ലാ രോ​ഗവ്യാപനം ശക്തമായിരുന്നു. വടക്കാഞ്ചേരി മം​ഗലത്ത് രണ്ട് കുട്ടികൾക്കാണ് രോ​ഗം റിപ്പോർട്ട് ചെയ്തത്. കുട്ടികൾ മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയാണ്. നാലും ഏഴും വയസുള്ള കുട്ടികൾക്കാണ് രോ​ഗം ബാധിച്ചത്. ഇവർ കഴിഞ്ഞയാഴ്ച തമിഴ്നാട്ടിലേക്ക് യാത്ര നടത്തിയിരുന്നു.

തൃശ്ശൂർ മെഡിക്കൽ കോളേജിൽ ഐസൊലേഷൻ വാർഡ് തുറന്നിരിക്കുകയാണ്.രോഗം ബാധിച്ച രണ്ടു കുട്ടികളെയും വാർഡിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. രോ​ഗപ്രതിരോധത്തിന്റെ ഭാ​ഗമായി സമ്പർക്ക പട്ടിക തയ്യാറാക്കിയിട്ടുണ്ട്. പ്രദേശത്തെ ജലസ്രോതസ്സുകളിൽ നിന്ന് സാമ്പിളുകൾ ശേഖരിക്കുകയാണ്.