അച്ഛനെ കാണാനില്ലെന്ന മകളുടെ പരാതി നിര്‍ണ്ണായകമായി; സ്വത്ത് തര്‍ക്കം: അച്ഛനെ മദ്യപാനിയാക്കി ചിത്രീകരിച്ച് മാനസികാരോഗ്യ കേന്ദ്രത്തിലടച്ചു; മകനും സുഹൃത്തും ഇടുക്കി പൊലീസിന്റെ പിടിയില്‍

അച്ഛനെ കാണാനില്ലെന്ന മകളുടെ പരാതി നിര്‍ണ്ണായകമായി; സ്വത്ത് തര്‍ക്കം: അച്ഛനെ മദ്യപാനിയാക്കി ചിത്രീകരിച്ച് മാനസികാരോഗ്യ കേന്ദ്രത്തിലടച്ചു; മകനും സുഹൃത്തും ഇടുക്കി പൊലീസിന്റെ പിടിയില്‍



ചെറുതോണി: കുടുംബത്തിലെ സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് അച്ഛനെ തട്ടിക്കൊണ്ടുപോയി മാനസികാരോഗ്യ കേന്ദ്രത്തില്‍ തള്ളിയ ക്രൂര സംഭവത്തില്‍ മകനും സുഹൃത്തും പിടിയില്‍. പടമുഖം സ്വദേശി കൊച്ചുപറമ്പില്‍ ദീപു മോഹന്‍ദാസ്, ഇയാളുടെ സുഹൃത്തായ പാലക്കാട് സ്വദേശി പുള്ളത്തു വീട്ടില്‍ മുഹമ്മദ് ഫാസില്‍ എന്നിവരെയാണ് ഇടുക്കി പൊലീസ് അറസ്റ്റ് ചെയ്തത്. ദീപുവിന്റെ അച്ഛന്‍ കൊച്ചുപറമ്പില്‍ മോഹന്‍ദാസിനെയാണ് (56) ഇവര്‍ ക്രൂരമായി തട്ടിക്കൊണ്ടുപോയി മാനസികാരോഗ്യ കേന്ദ്രത്തിലാക്കിയത്.

അച്ഛന്‍ കടുത്ത മാനസികരോഗിയാണെന്നും മദ്യത്തിന് അടിമയാണെന്നും സമൂഹത്തിന് മുന്നില്‍ വരുത്തിതീര്‍ത്ത് സ്വത്തുക്കള്‍ കൈക്കലാക്കാനായിരുന്നു പ്രതികളുടെ ശ്രമം. ജൂണ്‍ 12-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. മോഹന്‍ദാസും മകന്‍ ദീപുവും തമ്മില്‍ നാളുകളായി സ്വത്ത് സംബന്ധിച്ച് കടുത്ത തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. സ്വത്തിന്റെ പേരില്‍ മകന്‍ തന്നെ നിരന്തരം ശല്യം ചെയ്യുന്നുവെന്ന് കാണിച്ച് പരാതി നല്‍കാനായി ചെറുതോണിയിലെത്തി വക്കീലിനെ കണ്ട് മോഹന്‍ദാസ് മടങ്ങുന്നതിനിടയിലാണ് തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്തത്.

വക്കീലിനെ കണ്ട് മടങ്ങിയ മോഹന്‍ദാസിനെ തന്ത്രപൂര്‍വ്വം കട്ടപ്പനയിലേക്ക് വിളിച്ചുവരുത്തിയ ശേഷം ദീപുവും കൂട്ടാളികളും ചേര്‍ന്ന് ബലമായി പാലക്കാട്ടേക്ക് കൊണ്ടുപോകുകയായിരുന്നു എന്നാണ് പോലീസിന് ലഭിച്ച പരാതി. തുടര്‍ന്ന് അവിടെയുള്ള ഒരു സ്വകാര്യ മാനസികാരോഗ്യ കേന്ദ്രത്തില്‍ അച്ഛനെ ഇവര്‍ നിര്‍ബന്ധപൂര്‍വ്വം പ്രവേശിപ്പിച്ചു.

മോഹന്‍ദാസിനെ കാണാതായതിനെ തുടര്‍ന്ന് ഇയാളുടെ സഹോദരി ഷൈലജ കട്ടപ്പന പൊലീസില്‍ അടിയന്തരമായി പരാതി നല്‍കുകയായിരുന്നു. പരാതിയുടെ ഗൗരവം കണക്കിലെടുത്ത് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് ഉടന്‍ തന്നെ അന്വേഷണം ആരംഭിച്ച പോലീസ് സംഘം പാലക്കാട്ടെ മാനസികാരോഗ്യ കേന്ദ്രത്തിലെത്തി മോഹന്‍ദാസിനെ സുരക്ഷിതമായി മോചിപ്പിച്ചു തിരികെ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഒളിവില്‍ പോയ പ്രതികളെ പിന്തുടര്‍ന്ന പോലീസ് സംഘം ആലുവയില്‍ വെച്ചാണ് ദീപുവിനെയും സുഹൃത്ത് മുഹമ്മദ് ഫാസിലിനെയും പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കും.