മഹാരാഷ്ട്രയിൽ നിർമ്മാണത്തിലിരുന്ന ക്ഷേത്ര ഗോപുരത്തിന്റെ മേൽക്കൂര തകർന്ന് വീണ് നാല് മരണം

മഹാരാഷ്ട്രയിൽ നിർമ്മാണത്തിലിരുന്ന ക്ഷേത്ര ഗോപുരത്തിന്റെ മേൽക്കൂര തകർന്ന് വീണ് നാല് മരണം


പർഭാനി : മഹാരാഷ്ട്രയിലെ പർഭാനി ജില്ലയിലുള്ള പ്രശസ്തമായ യശ്വതി ക്ഷേത്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കവേ മേൽക്കൂര തകർന്ന് വീണ് നാല് പേർ മരിച്ചു. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് അപകടമുണ്ടായത്. ക്ഷേത്രത്തിലെ ശ്രീകോവിലിന് മുൻവശത്തുള്ള സഭാമണ്ഡപത്തിന്റെ സ്ലാബാണ് തകർന്നു വീണത്. ഛത്രപതി സംഭാജിനഗറിൽ നിന്നും ഏകദേശം 190 കിലോമീറ്റർ അകലെയുള്ള യശ്വതി ഗ്രാമത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

അപകടസമയത്ത് 27 ഓളം പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്നിരുന്നതായി എം എൽ എ രാജേഷ് വിടേക്കർ സ്ഥിരീകരിച്ചു. രക്ഷാപ്രവർത്തനം പൂർത്തിയായതായും കുടുങ്ങിക്കിടന്ന എല്ലാവരെയും പുറത്തെടുത്തതായും അദ്ദേഹം അറിയിച്ചു. പരിക്കേറ്റവരിൽ മൂന്ന് പേർ ജില്ലാ ജനറൽ ആശുപത്രിയിലും ബാക്കി 20 പേർ ആർ പി മെഡിക്കൽ കോളേജിലും ചികിത്സയിലാണ്.


മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്തിരുന്നതെന്നും നിർമ്മാണത്തിനാവശ്യമായ കല്ലുകൾ രാജസ്ഥാനിൽ നിന്നാണ് എത്തിച്ചതെന്നും രാജേഷ് വിടേക്കർ പറഞ്ഞു. നിർമ്മാണത്തിലിരുന്ന തൂണുകൾ സുരക്ഷിതമായി ഉറപ്പിക്കുന്നതിൽ സംഭവിച്ച വീഴ്ചയാകാം പെട്ടെന്നുള്ള തകർച്ചയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

എല്ലാ ശനിയാഴ്ചകളിലും 25,000 മുതൽ 50,000 വരെ തീർത്ഥാടകർ എത്തുന്ന പർഭാനിയിലെ ഏറ്റവും പ്രശസ്തമായ തീർത്ഥാടന കേന്ദ്രമാണിത്. ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തീവ്ര ദുഃഖം രേഖപ്പെടുത്തുകയും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു