കോട്ടയം കൂരോപ്പടയിൽ കുടുംബാംഗങ്ങൾ വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ, ആശുപത്രിയിൽ ചികിത്സയിലായിരുന്ന അവസാനത്തെ ആളും മരിച്ചു.

കോട്ടയം കൂരോപ്പടയിലെ വിഷം ഉള്ളിൽച്ചെന്ന സംഭവം: ചികിത്സയിലായിരുന്ന 12 വയസ്സുകാരനും മരിച്ചു; ഒരു കുടുംബത്തിലെ നാല് പേരുടെയും ജീവൻ പൊലിഞ്ഞു



കോട്ടയം: കൂരോപ്പടയിൽ കുടുംബാംഗങ്ങൾ വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ, ആശുപത്രിയിൽ ചികിത്സയിലായിരുന്ന അവസാനത്തെ ആളും മരിച്ചു. മറ്റപ്പള്ളിയിൽ ചിറപ്പുറത്ത് തോമസിന്റെ മകൻ അലൻ തോമസ് (12) ആണ് മരിച്ചത്. ഇതോടെ സംഭവത്തിൽ മരിച്ചവരുടെ എണ്ണം നാലായി ഉയർന്നു.

അലന്റെ പിതാവ് തോമസ് ഏബ്രഹാം (50), മാതാവ് ജോസ്‌ന (42), മറ്റക്കര എൻ.എസ്.എസ് സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനിയായ സഹോദരി മരിയ തെരേസ എന്നിവർ കഴിഞ്ഞ ദിവസങ്ങളിലായി മരണപ്പെട്ടിരുന്നു. കടുത്ത സാമ്പത്തിക ബാധ്യതയെ തുടർന്നാണ് കുടുംബം ഈ കടുംകൈ ചെയ്തതെന്നാണ് സൂചന.

ജൂലൈ 13-ന് ഉച്ചയ്ക്ക് ശേഷമാണ് കുടുംബാംഗങ്ങളെ വിഷം (കീടനാശിനി) ഉള്ളിൽച്ചെന്ന് അവശനിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച ഉച്ചമുതൽ സഹോദരി ജോസ്‌നയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും കിട്ടാതെ വന്നതോടെ വൈകിട്ട് സഹോദരൻ വീട്ടിൽ നേരിട്ടെത്തുകയായിരുന്നു. വീട്ടിനുള്ളിൽ അവശനിലയിൽ കിടന്ന നാലുപേരെയും ഉടൻ തന്നെ നാട്ടുകാരുടെ സഹായത്തോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്തുനിന്ന് കീടനാശിനിയുടെ കുപ്പിയും പോലീസ് കണ്ടെത്തിയിരുന്നു