അതിരൂക്ഷം, ഇറാനിലെ 140 കേന്ദ്രങ്ങളിൽ മിസൈൽ-ഡ്രോൺ വർഷം നടത്തി അമേരിക്ക, ഗൾഫിലേക്ക് തിരിച്ചടിയുമായി ഇറാൻ; 'സമാധാനം' തകർന്ന് പശ്ചിമേഷ്യ
ടെഹ്റാൻ: സമാധാന ധാരണ തകർന്നതിന് പിന്നാലെ വീണ്ടും തുടങ്ങിയ ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം പശ്ചിമേഷ്യയിലാകെ വ്യാപിക്കുന്നു. ഇറാനിൽ 140 കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയ അമേരിക്കയ്ക്കെതിരെ ഇറാൻ ഗൾഫ് മേഖല ലക്ഷ്യമിട്ടാണ് പ്രത്യാക്രമണം നടത്തുന്നത്. സൗദിയൊഴികെ എല്ലാ ഗൾഫ് രാജ്യങ്ങളിലേക്കും ജോർദാനിലേക്കും ഇറാൻ ആക്രമണം നടത്തി. ഹോർമൂസ് ഇറാൻ അടയ്ക്കുകയും ചെയ്തു. ഹോർമൂസിൽ ജി എഫ് എസ് ഗാലക്സി എന്ന കപ്പൽ ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് സംഘർഷാവസ്ഥ വീണ്ടും പടർന്നത്.ഏപ്രിലിന് മുന്നത്തെ സാഹചര്യം പരസ്പരം വ്യാപക ആക്രമണങ്ങൾ അവസാനിപ്പിച്ച് വെടിനിർത്തൽ പ്രഖ്യാപിച്ച ഏപ്രിലിന് മുൻപത്തെ നിലയിലേക്ക് പടരുകയാണ് നിലവിൽ സംഘർഷം. മേഖലയിലാകെ പടർന്ന് ഡ്രോൺ, മിസൈലാക്രമണങ്ങൾ തുടരുകയാണ്. വീണ്ടും ഹോർമൂസ് അടഞ്ഞതും സാഹചര്യം സങ്കീർണമാക്കുന്നു. ഇതുവരെയില്ലാത്ത വിധം ഇറാനിലെ 140 കേന്ദ്രങ്ങളിലാണ് അമേരിക്ക ആക്രമണം അഴിച്ചു വിട്ടത്. ഹോർമൂസിൽ ജി എഫ് എസ് ഗാലക്സി എന്ന കപ്പലാക്രമിച്ചതായിരുന്നു പ്രകോപനം. ആക്രമണത്തിൽ തകർന്ന കപ്പലിൽ 11 ജീവനക്കാർ ഇന്ത്യക്കാരായിരുന്നു. ഇതിൽ 10 ജിവനക്കാരെ രക്ഷിച്ചു. ഒരാളെ കാണാതായി. തിരിച്ചടിയിൽ ഇറാൻ സൗഹൃദ രാഷ്ട്രങ്ങളെപ്പോലും വെറുതെ വിട്ടില്ല. ഒമാനിലെ ദുകം തീരത്ത് അമേരിക്കൻ സൈനിക ലോഡിസ്റ്റിക്സ് , വിമാന ഇന്ധന കേന്ദ്രങ്ങൾ, ഖത്തറിൽ അൽ ഉദൈദ എയർബേസിലെ ഫൈറ്റർ ജെറ്റ് കമാൻഡ് സെന്റർ, ബഹറൈനിലെ അഞ്ചാം കപ്പൽപ്പട താവളം, കുവൈത്തിലെ ആയുധ ഡിപ്പോ, പേട്രിയറ്റ മിസൈൽ സിസ്റ്റം, ജോർദാനിൽ എം ക്യു 9 ഡ്രോൺ ഹാങ്ങർ എന്നിവ ആക്രമിച്ചു. ഖത്തറിൽ ഒരു കുട്ടിയുൾപ്പടെ മൂന്ന് പേർക്ക് പരിക്കേറ്റു. ഈ രാജ്യങ്ങളിൽ നിന്നാണ് അമേരിക്ക തങ്ങളെ ആക്രമിച്ചതെന്ന് കാട്ടിയാണ് ഇറാന്റെ ആക്രമണം