
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഭാഗികമായ വൈദ്യുതി നിയന്ത്രണമേര്‍പ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. വൈദ്യുതിയുടെ ലഭ്യതയില്‍ ഗണ്യമായ കുറവുണ്ടായതും ഇന്നുമാത്രം ഉപഭോഗത്തില്‍ 400 മുതല്‍ 500 മെഗാവാട്ട് വരെ വര്‍ദ്ധനവിന് സാധ്യതയുള്ളതുമാണ് ഇതിന് കാരണം.
കഴിഞ്ഞ മൂന്ന് ദിവസമായി സംസ്ഥാനത്ത് നിയന്ത്രണങ്ങളൊന്നും ഉണ്ടായിരുന്നില്ല. കേന്ദ്ര പൂളില്‍ നിന്ന് ആവശ്യത്തിന് വൈദ്യുതി ലഭിക്കുമെന്നതിനാല്‍ കേരളത്തില്‍ പവര്‍കട്ട് ഒഴിവായേക്കുമെന്ന് കഴിഞ്ഞ ദിവസം കെ.എസ്.ഇ.ബി ചെയര്‍മാന്‍ എം.ജി. രാജമാണിക്യം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ ആശ്വാസത്തിനിടയിലാണ് വീണ്ടും നിയന്ത്രണ മുന്നറിയിപ്പ് വന്നിരിക്കുന്നത്.
എല്‍നിനോ പ്രതിഭാസത്തെ തുടര്‍ന്നുണ്ടായ മഴക്കുറവും ഉയര്‍ന്ന അന്തരീക്ഷ താപനിലയുമാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. സംസ്ഥാനത്ത് മഴ മാറിനില്‍ക്കുന്നതിനാല്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് പ്രതിദിന ഉപഭോഗത്തില്‍ 200 മുതല്‍ 300 മെഗാവാട്ട് വരെ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. കൂടാതെ, രാജ്യമൊട്ടാകെ വൈദ്യുതി ആവശ്യകത ഉയര്‍ന്നതോടെ പവര്‍ എക്‌സ്‌ചേഞ്ചുകള്‍ വഴി ലഭിക്കേണ്ട വൈദ്യുതിയുടെ അളവിലും വലിയ കുറവ് അനുഭവപ്പെടുന്നുണ്ട്.
