കോറോ ഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് 7 മാസത്തെ നഷ്ടപരിഹാരം നൽകാൻ ഒത്തുതീർപ്പ് ചർച്ചയിൽ തീരുമാനം; എക്‌സ്‌പീരിയൻസ് സർട്ടിഫിക്കറ്റും അനുബന്ധ രേഖകളും നൽകും

കോറോ ഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് 7 മാസത്തെ നഷ്ടപരിഹാരം നൽകാൻ ഒത്തുതീർപ്പ് ചർച്ചയിൽ തീരുമാനം; എക്‌സ്‌പീരിയൻസ് സർട്ടിഫിക്കറ്റും അനുബന്ധ രേഖകളും നൽകും

കൊച്ചിയിലെ കോറോ ഹെൽത്ത് കമ്പനിയിലെ കൂട്ടപ്പിരിച്ചുവിടലുമായി ബന്ധപ്പെട്ട് തൊഴിൽമന്ത്രി ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിൽ നടന്ന ചർച്ച വിജയകരം. പിരിച്ചുവിട്ട ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകാൻ കമ്പനി അധികൃതരുമായി നടത്തിയ ചർച്ചയിൽ തീരുമാനമായി. നേരത്തെ നൽകിയിരുന്ന രണ്ടുമാസത്തെ ശമ്പളത്തിന് പുറമെയായിരിക്കും ഈ തുക നൽകുക. ഈ മാസം 26-നകം ജീവനക്കാർക്ക് തുക കൈമാറുമെന്ന് മന്ത്രി അറിയിച്ചു.

ജീവനക്കാരുടെ വിവിധ ആവശ്യങ്ങൾ പരിഗണിച്ചാണ് തീരുമാനം കൈക്കൊണ്ടതെന്ന് മന്ത്രി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക കരാറും കമ്പനിയുമായി ഒപ്പുവെച്ചു. ഭാവിയിലെ തൊഴിൽ അവസരങ്ങൾക്ക് തടസമുണ്ടാകാതിരിക്കാൻ പിരിച്ചുവിട്ട ജീവനക്കാർക്ക് എക്‌സ്‌പീരിയൻസ് സർട്ടിഫിക്കറ്റും അനുബന്ധ രേഖകളും നൽകാനും കമ്പനി സമ്മതിച്ചതായി മന്ത്രി അറിയിച്ചു.

ലേബർ കമ്മീഷണർ, സ്പെഷ്യൽ സെക്രട്ടറി എന്നിവരുള്‍പ്പെടെയുള്ള തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ ചർച്ചയിൽ പങ്കെടുത്തു. ജീവനക്കാർക്ക് പിന്തുണയുമായി എത്തിയ എറണാകുളം എം.പി. ഹൈബി ഈഡൻ, എം.എൽ.എ. ഉമാ തോമസ്, വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ, പൊതുസമൂഹ പ്രതിനിധികൾ എന്നിവരോടും മന്ത്രി നന്ദി അറിയിച്ചു.