എംഡിഎംഎ കേസിൽ വടകര സ്വദേശി പിടിയിലായതിന് പിന്നാലെ അന്വേഷണം, യുവതിയുടെ അക്കൗണ്ടില്‍ എത്തിയത് ലക്ഷങ്ങള്‍; കുറ്റ്യാടി സ്വദേശി പിടിയിൽ
കോഴിക്കോട്: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ അന്വേഷണത്തില്‍ ലഹരി വില്‍പന ശൃംഖലയുടെ സാമ്പത്തിക ഇടപാടുകള്‍ കൈകാര്യം ചെയ്തിരുന്ന യുവതി പോലീസിന്റെ പിടിയിലായി.
ലഹരി മരുന്ന് വാങ്ങാനെത്തുന്നവർ പണം അയച്ചിരുന്നത് കീർത്തനയുടെ ബാങ്ക് അക്കൗണ്ടിലേക്കായിരുന്നെന്ന് അന്വേഷണത്തില്‍ കണ്ടെത്തി
പണം ലഭിച്ചതിന് ശേഷം മറ്റൊരാള്‍ ആവശ്യക്കാർക്ക് എംഡിഎംഎ ഉള്‍പ്പെടെയുള്ള ലഹരി മരുന്ന് കൈമാറുന്ന രീതിയിലായിരുന്നു സംഘത്തിന്റെ പ്രവർത്തനം. ഇതുവഴി ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകളാണ് അക്കൗണ്ടിലൂടെ നടന്നതെന്നും പോലീസ് വ്യക്തമാക്കി.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കഴിഞ്ഞ ദിവസം രണ്ട് ഗ്രാം എംഡിഎംഎയുമായി വടകര ആവിക്കല്‍ ബീച്ച് സ്വദേശി സഫ്‌വാനെ പോലീസ് പിടികൂടിയിരുന്നു.
ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പണം കൈമാറാൻ ഉപയോഗിച്ചിരുന്ന ബാങ്ക് അക്കൗണ്ടിനെക്കുറിച്ചുള്ള നിർണായക വിവരങ്ങള്‍ ലഭിച്ചത്.
തുടർന്ന് സഫ്‌വാന്റെ ബാങ്ക് ഇടപാടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കീർത്തനയിലേക്ക് പോലീസ് എത്തിയത്. പേരാമ്പ്രയില്‍ നിന്നാണ് യുവതിയെ കസ്റ്റഡിയിലെടുത്തത്.
പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു. ലഹരി വില്‍പന ശൃംഖലയുമായി ബന്ധപ്പെട്ട മറ്റ് പ്രതികളെയും സാമ്പത്തിക ഇടപാടുകളെയും കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചതായി പോലീസ് അറിയിച്ചു

