വിദ്യാഭ്യാസ രംഗത്തെ മികവിന് വിദ്യാർത്ഥികളെ ആദരിക്കാൻ സംഘടിപ്പിച്ച പൊതുവേദിയിൽ മുൻ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി. ജലീൽ കുട്ടികളോട് അപമര്യാദയായി പെരുമാറിയതായി ആക്ഷേപം

'ഹിന്ദിയിൽ എപ്ലസ് കിട്ടിയ കുട്ടികൾ സ്റ്റാൻഡ് അപ്പ്; അഡ്രസ്സ് എഴുതാൻ പറ്റോ...ഉറപ്പാണോ ഇങ്ങ് വാ..; എന്താടാ..എഴുതിവെച്ചിരിക്കണേ; അല്ല..അതിന് ഒരു അർത്ഥം ഉണ്ട്'; പൊതുവേദിയിൽ 'സ്‌ഫടികം' സിനിമയിലെ കണക്ക് മാഷിനെ പോലെ പെരുമാറുന്ന മുൻ മന്ത്രി കെ.ടി ജലീൽ; വിദ്യാർത്ഥിയെ വിളിച്ചുവരുത്തി ചെവിയിൽ 'നുള്ളി'; വ്യാപക വിമർശനം



മണ്ണാർക്കാട്: വിദ്യാഭ്യാസ രംഗത്തെ മികവിന് വിദ്യാർത്ഥികളെ ആദരിക്കാൻ സംഘടിപ്പിച്ച പൊതുവേദിയിൽ മുൻ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി. ജലീൽ കുട്ടികളോട് അപമര്യാദയായി പെരുമാറിയതായി ആക്ഷേപം. മണ്ണാർക്കാട് നടന്ന അനുമോദന ചടങ്ങിലാണ് മുഖ്യാതിഥിയായെത്തിയ മുൻ മന്ത്രി വിദ്യാർത്ഥികളെ പരസ്യമായി ആക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്തത്. പരിപാടിയുടെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ കെ.ടി. ജലീലിന്റെ നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.

മണ്ണാർക്കാട് നഗരസഭയിലെ 19, 20, 22 വാർഡുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'വിജയോത്സവം' അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്യവേയായിരുന്നു വിവാദ സംഭവം. പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച കുട്ടികളെ വേദിയിലിരുത്തിക്കൊണ്ടാണ് മുൻ മന്ത്രി പരസ്യവിചാരണ നടത്തിയത്. 'ഹിന്ദിയിൽ എ പ്ലസ് കിട്ടിയ കുട്ടികൾ എഴുന്നേറ്റു നിൽക്കൂ' എന്ന് ആവശ്യപ്പെട്ട അദ്ദേഹം, കുട്ടികൾക്ക് സ്വന്തം മേൽവിലാസം പോലും ശരിയായി എഴുതാൻ അറിയില്ലെന്ന തരത്തിൽ വേദിയിൽ സംസാരിക്കുകയായിരുന്നു.

തുടർന്ന് ഒരു വിദ്യാർത്ഥിയെ സ്റ്റേജിലേക്ക് വിളിച്ചുവരുത്തി മേൽവിലാസം എഴുതാൻ ആവശ്യപ്പെടുകയും, കുട്ടി എഴുതിയതിൽ തെറ്റുണ്ടെന്ന് ആരോപിച്ച് പരസ്യമായി ശാസിക്കുകയുമായിരുന്നു. 'എന്താടാ ഇത് എഴുതിവെച്ചിരിക്കുന്നത്' എന്ന് ചോദിച്ച് വിദ്യാർത്ഥിയുടെ ചെവിയിൽ മുൻ മന്ത്രി നുള്ളുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പ്രശസ്തമായ 'സ്ഫടികം' സിനിമയിലെ തോമാച്ചന്റെ കണക്ക് മാഷിനെ അനുസ്മരിപ്പിക്കുന്ന രീതിയിലായിരുന്നു മുൻ മന്ത്രിയുടെ പെരുമാറ്റം.

അതേസമയം, വിജയമാഘോഷിക്കാൻ എത്തിയ കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും ഒരുപോലെ സങ്കടത്തിലാക്കുന്നതായിരുന്നു ഈ സംഭവം. മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം, പൊതുജന മധ്യത്തിൽ അവരെ പരിഹസിക്കാനും മാനസികമായി പീഡിപ്പിക്കാനുമാണ് മുൻ ഉന്നതവിദ്യാഭ്യാസ മന്ത്രി ശ്രമിച്ചതെന്ന പേരിൽ സമൂഹമാധ്യമങ്ങളിലും വലിയ വിമർശനമാണ് ഉയരുന്നത്. സംഭവത്തിൽ മുൻ മന്ത്രിക്കെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകാനാണ് വിവിധ സംഘടനകളുടെ തീരുമാനം.