പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ അനസ്തേഷ്യ പിഴവിനെത്തുടർന്ന് ഒന്നര വയസുകാരൻ മരിച്ച സംഭവത്തിൽ, മെഡിക്കൽ ബോർഡ് രൂപീകരിച്ചു

അനസ്തേഷ്യ പിഴവിനെത്തുടർന്ന് ഒന്നര വയസുകാരൻ മരിച്ച സംഭവം; മെഡിക്കൽ ബോർഡ് രൂപീകരിച്ചു

കണ്ണൂർ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ അനസ്തേഷ്യ പിഴവിനെത്തുടർന്ന് ഒന്നര വയസുകാരൻ മരിച്ച സംഭവത്തിൽ, മെഡിക്കൽ ബോർഡ് രൂപീകരിച്ചു. വിദഗ്‌ധ ഡോക്‌ടർമാർ അടങ്ങിയ പാനൽ ചികിത്സാ രേഖകൾ പരിശോധിക്കും. ഒന്നര വയസുകാരൻ മരിച്ച സംഭവത്തിൽ ഡോക്ടേഴ്സിന് വീഴ്ച്ച സംഭവിച്ചതായി പ്രാഥമിക പോസ്റ്റുമാർട്ടം റിപ്പോർട്ട്‌.

ജനറൽ അനസ്‌തേഷ്യ നൽകിയത് മരണത്തിലേക്ക് നയിച്ചിട്ടുണ്ടാകാമെന്നാണ് റിപ്പോർട്ട്. ശസ്ത്രക്രിയ നടത്തേണ്ട മുറിവ് ദേവൻ ശൗര്യയുടെ ശരീരത്തിൽ ഉണ്ടായിരുന്നില്ലെന്നും പരിയാരം മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ പറയുന്നു. അനസ്‌തേഷ്യ നൽകിയപ്പോൾ ബ്രെയിനിലേക്കുള്ള ഓക്സിജൻ വിതരണം തടസ്സപ്പെട്ടു. 10 മിനിറ്റിനുള്ളിൽ തലച്ചോറിലേക്കുള്ള രക്തയോട്ടം കുറഞ്ഞു വന്നതായും പരിയാരത്ത് നടത്തിയ പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

മുഖത്തെ പരിക്ക് സാരമുള്ളത് ആയിരുന്നില്ലെന്നും അനസ്തീഷ്യ നൽകേണ്ട സാഹചര്യം ഇല്ലായിരുന്നുവെന്നും പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. പയ്യന്നൂര്‍ എരമം സ്വദേശികളായ സൂരജ് – വിജിഷ ദമ്പതികളുടെ മകന്‍ ദേവാന്‍ഷ് ശൗര്യയാണ് മരിച്ചത്. കണ്ണൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ വെന്റിലേറ്റര്‍ സഹായത്തോടെയാണ് ഒന്നര വയസുകാരന്റെ ജീവന്‍ നില നിര്‍ത്തിയിരുന്നത്. എന്നാല്‍ ഇന്ന് ഉച്ചയോടെ രക്തസമ്മര്‍ദം സന്തുലിതമായിരുന്നില്ല. ഇതോടെ മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു. നാലു ദിവസം മുന്‍പാണ് വീട്ടില്‍ കളിച്ചുകൊണ്ടിരിക്കവേ മുറ്റത്ത് വീണ് പരുക്കേറ്റ ഒന്നര വയസുകാരന്റെ മുഖത്തെയും ചുണ്ടിലെയും മുറിവിന് സ്റ്റിച്ച് ഇടാന്‍ പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ആദ്യം മാതമംഗലത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ച് പ്രഥമശുശ്രൂഷ നല്‍കിയിരുന്നു. തുടര്‍ന്ന് പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. സ്റ്റിച്ച് ഇടാന്‍ വേണ്ടിയാണ് ഡോക്ടര്‍മാര്‍ കുഞ്ഞിന് അനസ്‌തേഷ്യ നല്‍കിയത്. ഇതോടെ കുഞ്ഞിന് ബോധം നഷ്ട്ടമാകുകയായിരുന്നു. തുടര്‍ന്ന് വിദഗ്ധ ചികിത്സക്ക് കണ്ണൂരിലെ ബേബി മെമ്മോറിയല്‍ ആശുപത്രിയിലേക്ക് മാറ്റി.

ആദ്യം കുഞ്ഞിനെ ഇതേ ആശുപത്രിയിലെ തന്നെ പീഡിയാട്രീഷ്യനെയാണ് കാണിച്ചത് എന്നാല്‍ അതിനുശേഷം പ്ലാസ്റ്റിക്ക് സര്‍ജനെ കാണിക്കുകയും കുഞ്ഞ് ബഹളം വെച്ചതിനാല്‍ സര്‍ജന്‍ അനസ്‌തേഷ്യ നല്‍കാന്‍ നിര്‍ദേശം നല്‍കുകയുമായിരുന്നു. അനസ്‌തേഷ്യ നല്‍കിയപ്പോള്‍ കാര്‍ഡിയാക്ക് അറസ്റ്റ് ഉണ്ടായെന്നാണ് ആശുപത്രിയുടെ വിശദീകരണം. അടിയന്തിര ഘട്ടങ്ങളില്‍ അല്ലാതെ രണ്ട് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് അനസ്‌തേഷ്യ നല്‍കാറില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇതോടെ ചികിത്സാപിഴവ് ആരോപിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ അനസ്‌തേഷ്യ ഡോക്ടര്‍ ഡോ. അഞ്ജലി പൊതുവാളിനെതിരെ കേസ് എടുത്തിരുന്നു.