
കൊച്ചി: നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയ്ക്കെതിരെ സമരം ചെയ്ത വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്ത് വേട്ടയാടല്‍ നടത്തിയ വിഷയത്തില്‍, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്കൊപ്പം കേരളവും ഇടംപിടിച്ചതില്‍ കടുത്ത വിമര്‍ശനവുമായി മുന്‍ മന്ത്രി പി. രാജീവ്. കേരളത്തില്‍ ഫലത്തില്‍ ബിജെപിയാണ് ഭരിക്കുന്നതെന്നതിന് തെളിവാണിതെന്ന് ആരോപിച്ച അദ്ദേഹം, കേസില്‍ സുപ്രീംകോടതിയില്‍ 'കേരളം' ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ കേന്ദ്ര സര്‍ക്കാരിനൊപ്പം റിപ്പോര്‍ട്ട് നല്‍കട്ടെയെന്നും ഫെയ്സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. വിദ്യാര്‍ഥികള്‍ക്കും പ്രതിഷേധക്കാര്‍ക്കുമെതിരെ കേസെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്തോഷിപ്പിക്കാനുള്ള നീക്കമാണോ ഇതെന്നും അദ്ദേഹം ചോദിച്ചു.
നീറ്റ് പ്രക്ഷോഭകര്‍ക്കെതിരെയുള്ള പൊലീസ് നടപടിയില്‍ സുപ്രീംകോടതി നോട്ടീസ് അയച്ച സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളവും ഉള്‍പ്പെട്ടിരിക്കുന്നത്. നോട്ടിസ് ലഭിച്ച ഏക പ്രതിപക്ഷ സംസ്ഥാനവും കേരളമാണ്. കേസുകള്‍ സ്റ്റേ ചെയ്തും നടപടികള്‍ വിലക്കിയുമുള്ള സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവില്‍ ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ബിഹാര്‍, അസം, മധ്യപ്രദേശ്, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കും ബംഗാളിനുമൊപ്പമാണ് കേരളത്തിലെ യുഡിഎഫ് സര്‍ക്കാരും ഉള്‍പ്പെട്ടിരിക്കുന്നത്.
സംസ്ഥാനത്ത് കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കും നീറ്റ് തട്ടിപ്പിനുമെതിരെ എസ്എഫ്ഐ അടക്കമുള്ള പ്രതിപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ നടത്തിയ സമരങ്ങളെ ബിജെപി ഭരണകൂടങ്ങളെ വെല്ലുന്ന രീതിയിലാണ് സംസ്ഥാന സര്‍ക്കാര്‍ നേരിട്ടതെന്ന് പി. രാജീവ് കുറ്റപ്പെടുത്തി. വി.ഡി. സതീശന്‍ സര്‍ക്കാരിന്റെ കീഴില്‍ പൊലീസ് വിദ്യാര്‍ഥികളെ ക്രൂരമായി തല്ലിച്ചതയ്ക്കുകയും കേസെടുത്ത് അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തു. ഇതിനിടയിലാണ് വിഷയത്തില്‍ സുപ്രീംകോടതിയുടെ നിര്‍ണ്ണായക ഇടപെടലും സര്‍ക്കാരിന് തിരിച്ചടിയായ നോട്ടീസും വന്നിരിക്കുന്നത്.
വിദ്യാര്‍ഥി പ്രക്ഷോഭങ്ങളെ മൃഗീയമായി അടിച്ചമര്‍ത്തുന്ന സമീപനമാണ് സര്‍ക്കാരിന്റേതെന്നും, ബിജെപി സര്‍ക്കാരുകളുടെ അതേ പാതയിലാണ് വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരും സഞ്ചരിക്കുന്നതെന്നും പി. രാജീവ് കൂട്ടിച്ചേര്‍ത്തു.
